സമ്മിശ്ര കൃഷിയിൽ നേട്ടംകൊയ്ത് വീട്ടമ്മ
text_fieldsപുൽപള്ളി: സമ്മിശ്ര ജൈവകൃഷിരീതിയിൽ നേട്ടങ്ങൾ കൊയ്ത് വീട്ടമ്മ. പുൽപള്ളി ചെറ്റപ്പാലം തൂപ്ര വാഴവിള രമണി ചാരുവാണ് ഒരേക്കർ സ്ഥലത്ത് 150തോളം വിളകൾ ഉൽപാദിപ്പിച്ച് ശ്രദ്ധേയമാകുന്നത്. കാർഷിക വിളകൾക്കൊപ്പം ഫലവർഗങ്ങളും ഔഷധച്ചെടികളും പച്ചക്കറികളും സുഗന്ധവിളകളുമടക്കം ഇവിടെ ഉൽപാദിപ്പിക്കുന്നു.
ഗ്രാമപഞ്ചായത്ത് മുൻ അംഗമായ രമണി ചെറുപ്പംമുതലെ കൃഷിയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. മലേഷ്യയിൽ കെയർടേക്കറായി ജോലി ചെയ്തതിനുശേഷമാണ് തിരിച്ചുവന്ന് പൈതൃക സ്വത്തായി കിട്ടിയ സ്ഥലത്ത് കഠിനാധ്വാനം തുടങ്ങിയത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, കാപ്പി കൃഷികൾക്കൊപ്പം വ്യത്യസ്തങ്ങളായ വാഴ ഇനങ്ങളും മഞ്ഞൾ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. നാടൻ കോഴികളെയും താറാവുകളെയും വളർത്തി മുട്ടവിപണനവും നടത്തുന്നു.
ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. കാർഷിക വസ്തുക്കൾ സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റിയാണ് വിപണനം. പൊതു വിപണിയിൽ 350 രൂപയാണ് കുരുമുളകിെൻറ വില.
എന്നാൽ, രമണി ഉൽപാദിപ്പിക്കുന്ന ജൈവകുരുമുളകിന് 700 രൂപയിലേറെ വില ലഭിക്കുന്നുണ്ട്. വിവിധയിനം പൂച്ചെടികളും ഓൺലൈനായി വിൽപന നടത്തുന്നു. ഈ അടുത്ത് സരോജിനി-ദാമോദർ ഫൗണ്ടേഷെൻറ മികച്ച ജൈവ കർഷകക്കുള്ള അവാർഡും ഇവർക്ക് ലഭിച്ചു. 10,000 രൂപയും പ്രശംസാപത്രവുമായിരുന്നു സമ്മാനം. കഠിനാധ്വാനമാണ് തെൻറ വിജയങ്ങൾക്ക് പിന്നിലെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.