അംഗീകാരം കർഷകർക്ക് സമർപ്പിക്കുന്നു -രാജശ്രീ
text_fieldsചാരുംമൂട്: സംസ്ഥാനതലത്തിൽ കിട്ടിയ അവാർഡ് മണ്ണിൽ പൊന്നുവിളയിപ്പിക്കുന്ന കർഷകർക്ക് സമർപ്പിക്കുന്നതായി പാലമേൽ കൃഷി ഓഫിസർ പി. രാജശ്രീ. സംസ്ഥാന കൃഷിവകുപ്പിന്‍റെ ഏറ്റവും നല്ല കൃഷി ഓഫിസർക്കുള്ള രണ്ടാംസ്ഥാനം നേടിയശേഷം 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അവർ. കാർഷിക വിജ്ഞാനവ്യാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് രാജശ്രീയെ തേടി പുരസ്കാരമെത്തിയത്. മൂന്നുവർഷമായി പാലമേൽ കൃഷി ഓഫിസറാണ്. പാലമേൽ പഞ്ചായത്തിലെ തരിശായി കിടന്ന ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ കൃഷിയോഗ്യമാക്കി.
നെൽകൃഷിക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച് തരിശായി കിടന്ന കരിങ്ങാലിച്ചാൽ പുഞ്ചയിൽ നൂറുമേനി വിളവ് ലഭ്യമാക്കാൻ കർഷകരെ പ്രാപ്തരാക്കി. 180 ഹെക്ടർ ഭൂമിയിൽ നെൽകൃഷി വ്യാപിപ്പിക്കുകയും കരിങ്ങാലിച്ചാൽ പുഞ്ചയിലെ 90 ശതമാനം സ്ഥലവും കൃഷിയോഗ്യമാക്കി പൊന്നുവിളയിക്കാൻ നടപടി സ്വീകരിച്ചു. കിഴങ്ങുവർഗ കൃഷികൾ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ കർഷകരെ സഹായിച്ചു. പാലമേൽ പഞ്ചായത്തിനെ കേരഗ്രാമമായി പ്രഖ്യാപിക്കുന്നതിന് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.
അധ്യാപികയായി ജീവിതം തുടങ്ങിയ രാജശ്രീ കൃഷി ഓഫിസറായിട്ട് എട്ടുവർഷമായി. നൂറനാട് ഇടക്കുന്നം തിരുവോണത്തിൽ പരേതനായ വാട്ടർ അതോറിറ്റി വർക്സ് സൂപ്രണ്ട് സുകുമാരൻ ഉണ്ണിത്താന്‍റെയും ചാരുമൂട് വി.വി.എച്ച്.എസ് റിട്ട. ഹെഡ്മിസ്ട്രസ് പത്മാക്ഷിയമ്മയുടെയും മകളാണ്. വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകൻ എം.നരേന്ദ്രനാഥാണ് ഭർത്താവ്. പ്ലസ് ടു വിദ്യാർഥിയായ കൃഷ്ണനാഥ്, ഒമ്പതാം ക്ലാസ് വിദ്യാർഥി രാമനാഥ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.