പോളിഹൗസിൽ ചീരകൃഷി; ഹൈടെക് കർഷകനായയി ജോഷി ജോസഫ്
text_fieldsതാമരശ്ശേരി: പോളിഹൗസിലെ ചീരകൃഷിയിലൂടെ സംസ്ഥാനത്തെ ഹൈടെക് കർഷകനുള്ള അംഗീകാരം സ്വന്തമാക്കി കട്ടിപ്പാറ മണിമല ജോഷി ജോസഫ്. കേരള സർക്കാറിന്റെ ഹൈടെക് കൃഷിക്കാരനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡിന്റെ തിളക്കത്തിലാണ് ജോഷി.
ദിവസവും ഒരു ക്വിന്റലോളം ചീരയാണ് ജോഷി ജോസഫ് വിപണിയിലെത്തിച്ചു വരുന്നത്. 40 സെന്റ് സ്ഥലത്ത് 1200 ചതുരശ്ര മീറ്ററിൽ പോളിഹൗസ് ഒരുക്കിയാണ് ഈ യുവ കർഷകൻ ജൈവകൃഷി ചെയ്യുന്നത്. ഇതിന് പുറമെ 20 സെന്റ്റ് സ്ഥലത്തും ഇദ്ദേഹം കൃഷി ഇറക്കിയിട്ടുണ്ട്. പാലക്കാടൻ ചീരയാണ് കൂടുതലായി കൃഷിചെയ്യുന്നത്.
ചീര 250 ഗ്രാമിന്റെ ബണ്ടിലാക്കിയാണ് താമരശ്ശേരി, നരിക്കുനി, ഉണ്ണികുളം തുടങ്ങിയ സ്ഥലങ്ങളിലാണ് വിൽപന നടത്തുന്നത്. നാടൻ പയർ, ജാതി, കൊക്കോ, തെങ്ങ് തുടങ്ങിയവയും ജോഷി കൃഷി ചെയ്യുന്നുണ്ട്. ജൂൺ മാസം മുതൽ ഫെബ്രുവരി വരെ ചീര കൃഷിയും ഫെബ്രുവരി മുതൽ മേയ് വരെ പയർ കൃഷിയുമാണ് ഇദ്ദേഹം പിന്തുടരുന്നത്.
ഹൈടെക് കൃഷി രീതികൾ പിന്തുടരുന്ന മികച്ച കർഷകനായാണ് ജോഷി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പോളിഹൗസിൽ എത് കാലാവസ്ഥയിലും മികച്ച കൃഷി ചെയ്യാനാകുമെന്ന് ഇദ്ദേഹം പറയുന്നു. ബിരുദധാരിയായ ഈ നാൽപത്തിനാലുകാരൻ ഇരുപതാം വയസ്സു മുതൽ കൃഷിയിൽ സജീവമാണ്. പിതാവ് എം.എം. ജോസഫും മാതാവ് മേരിയും കർഷകരാണ്. ഭാര്യ ഷിൻസിയും വിദ്യാർഥികളായ മക്കളും ജോഷി ജോസഫിന് കൃഷിയിൽ എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും മികച്ച കർഷകനുള്ള അംഗീകാരം മുമ്പ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.