കാർഷിക മികവിൽ സുജിത്ത് ദേശീയ പുരസ്‌കാര പട്ടികയില്‍
text_fieldsമാരാരിക്കുളം: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററും കൃഷി ജാഗ്രനും സംയുക്തമായി നടത്തുന്ന 2024ലെ മില്യണ്‍ ഇയര്‍ ഫാര്‍മര്‍ ഓഫ് ഇന്ത്യ പുരസ്‌കാര പട്ടികയില്‍ കഞ്ഞിക്കുഴിയിലെ കര്‍ഷകന്‍ എസ്.പി. സുജിത്ത് സ്വാമിനികര്‍ത്തല്‍ ഇടംനേടി. കാര്‍ഷിക മേഖലയില്‍ സുജിത്ത് നടത്തുന്ന വ്യത്യസ്തതയാര്‍ന്ന കൃഷി രീതികള്‍ക്കാണ് പുരസ്‌കാരം. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ ഡല്‍ഹിയില് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹലില്‍ നിന്നും സുജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങും.
സംസ്ഥാന യുവജന കമീഷൻ യൂത്ത് ഐക്കൺ അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ സുജിത്തിനെ തേടിയെത്തിയിരുന്നു. കാർഷികരംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാർഷിക സംസ്കാരത്തിന് യൗവനത്തിന്റെ ചടുലമായ മുഖം നൽകി വിജയിപ്പിച്ചതാണ് എസ്.പി. സുജിത്തിനെ അവാർഡിന് അർഹനാക്കിയത്. കണ്ണിന് കുളിർമയേകി കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്തിൽ സൂര്യകാന്തി പാടം സജ്ജമാക്കിയതോടെയാണ് ഈ യുവകർഷകൻ ശ്രദ്ധ നേടുന്നത്. രണ്ടര ഏക്കറിലെ സൂര്യകാന്തി പാടം വൻ ഹിറ്റായിരുന്നു. സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേക്ക്.
കൃഷിയിൽ സുജിത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികളാണ് യുവകർഷകനെ വ്യത്യസ്തനടക്കുന്നത്. തണ്ണീർമുക്കത്ത് കായലിൽ പോളപ്പായലിന് പുറത്ത് ഒഴുകുന്ന പൂന്തോട്ടം ഒരുക്കിയത് ടൂറിസം മേഖലയിൽ വ്യത്യസ്ത കാഴ്ചക്ക് വഴിയൊരുക്കി. 2022ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം, 2024ൽ സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ദിവസവും വിളവെടുപ്പു ലക്ഷ്യമാക്കിയാണ് കൃഷി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് സുജിത്ത് കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞത്. തണ്ണിമത്തനും പൊട്ടുവെള്ളരിയും കുക്കുമ്പറും തുടങ്ങി എല്ലാ കൃഷിയിലും നൂറു മേനിയാണ് സുജിത്തിന്. വിളകൾക്ക് ആദ്യമായി ബാർകോഡ് സംവിധാനം തയ്യാറാക്കി ഉത്പന്നങ്ങളിൽ ഒട്ടിച്ച് പുതിയ വിപണന തന്ത്രവും സുജിത് പരീക്ഷിച്ചു. ഉള്ളി, കിഴങ്ങ് തുടങ്ങിയ വിളകളിലും പരീക്ഷണം നടത്തി വിജയിച്ചിരുന്നു.
വളം ഇട്ട് തടം ഒരുക്കി തുള്ളി നനയ്ക്കായി പൈപ്പിട്ട് ഷീറ്റിട്ട് മൂടിയുളള കൃത്യത കൃഷി രീതിയാണ് കൂടുതലും അവലംബിച്ചിരിക്കുന്നത്. മാതാവ് ലീലാമണിയും ഭാര്യ അഞ്ജുവും മകൾ കാർത്തികയുമടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി സുജിത്തിനൊപ്പമുണ്ട്. ഇസ്രായേലിൽ കൃഷി പഠനത്തിനായി പോയ കൃഷിക്കാരിൽ സുജിതും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.