ഉസ്മാനെ കണ്ട് പഠിക്കാം...
text_fieldsഅഞ്ചുവർഷത്തിലേറെയായി പ്രവാസിയായ ഉസ്മാൻ നാട്ടിലെത്തിയിട്ട്. പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തം മണ്ണിലേക്ക് വന്ന ഉസ്മാൻ തരിശായ പാടവും പറമ്പും പൊൻനിലമാക്കി. ശേഷിക്കുന്ന കാലവും കൃഷിയുമായി മുന്നോട്ടുപോവാനാണ് ആഗ്രഹം.
കോഴിക്കോട് കൊളത്തൂരിലെ കെ.പി. ഹൗസിൽ ഉസ്മാന് ജൈവകൃഷിയിലാണ് താൽപര്യം. കുറ്റ്യാടി കനാലിന്റെ തഴുകൽ കൂടിയായപ്പോൾ സമൃദ്ധിയുടെ വിളനിലമായി പാടവും പറമ്പും മാറി. ഭാര്യ സുബൈദയുടെ കരുതലും കൃഷിയിൽ നൂറുമേനി നേടാൻ സഹായകമായി.
സ്വന്തമായി 50 സെന്റ് സ്ഥലം കൃഷിക്ക് മാറ്റിവെച്ചു. നെല്ലിന് പുറമെ ഇടവിളയായി കപ്പ, മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്, വാഴ എന്നിവ കൃഷി ചെയ്യുന്നു. ഓണത്തിനും വിഷുവിനും ജൈവ പച്ചക്കറി കൃഷിയുമുണ്ട്. കാർഷിക കുടുംബത്തിൽനിന്ന് വന്ന സുബൈദയുടെ നാട്ടറിവുകൾ ഈ പ്രവാസിക്ക് തുണയായി.
നേന്ത്രവാഴ, കദളി, ഞാലി പൂവൻ, റോബസ്റ്റ, പാളയം കോടൻ ഇനങ്ങളാണ് വാഴകൃഷിയിലുള്ളത്. ഇവരുടെ കൃഷിയിടമായ നടോറവയൽ ഇന്ന് ഹരിതാഭമാണ്. കാർഷികവൃത്തി ഉപേക്ഷിച്ച പലരും ഈ പ്രവാസിയുടെ കൃഷിരീതി മനസ്സിലാക്കി കൃഷിയിലേക്ക് തിരിച്ചെത്തിയതിൽ ഇദ്ദേഹത്തിന് ഏറെ സന്തോഷമുണ്ട്.
നന്മണ്ട കൃഷിഭവന്റെ സഹായ സഹകരണവും ഈ ദമ്പതികൾക്ക് കിട്ടുന്നു. ഭാര്യ സുബൈദ ഏലവും കൃഷി ചെയ്യുന്നു. വിളവെടുപ്പ് കഴിഞ്ഞാൽ വിൽപനയും കെ.പി ഹൗസിൽ വെച്ചുതന്നെയാണ്. സ്വന്തം ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ പരിസരവാസികൾക്ക് നൽകും. കാലവർഷം ചതിച്ചില്ലെങ്കിൽ കൃഷി ലാഭവും ആദായവുമാണെന്ന് ഉസ്മാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.