പാറപ്പുറത്ത് വെള്ളക്കുട്ടി കൃഷിയിറക്കി ആയിരം ചാക്കുകളിൽ
text_fieldsആലത്തൂർ: ഒരുതരി മണ്ണും വെള്ളവുമില്ലാത്ത പാറപ്പുറത്താണ് െവള്ളക്കുട്ടിയുടെ പച്ചക്കറി കൃഷി. ചാക്കിൽ മണ്ണുനിറച്ചാണ് കൃഷിചെയ്യുന്നത്. പഴമ്പാലക്കോട് കൃഷ്ണൻ കോവിൽ പാവടിയിൽ 1000ഒാളം പ്ലാസ്റ്റിക് ചാക്കുകളിലാണ് പച്ചക്കറിത്തോട്ടം.
150 കിലോ കുമ്മായം, 40 ചാക്ക് ചാണകപ്പൊടി, 20 കിലോ വേപ്പിൻപിണ്ണാക്ക്, 50 കിലോ ചകിരിച്ചോറ് എന്നിവ ഉപയോഗപ്പെടുത്തിയാണ് കൃഷി. കൃഷിയൊരുക്കാൻ 45 പേരുടെ പണി വേണ്ടിവന്നു. തരൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 24 പേരുടെ പ്രവൃത്തി നൽകി.
ശേഷിക്കുന്ന പ്രവൃത്തികൾക്കായി 20,000 രൂപ ചെലവ് വന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) െഹെബ്രിഡ് ഇനം വിത്തുകളാണ് നട്ടത്. ചെടികൾക്ക് ഇപ്പോൾ രണ്ടാഴ്ചത്തെ വളർച്ചയായി. 45 ദിവസത്തിനകം വിളവെടുപ്പ് തുടങ്ങും.
തുടർന്ന് രണ്ടു മാസം വിളവെടുക്കാം. കാലാവസ്ഥ അനുകൂലമായതുകൊണ്ട് നല്ല വിളവും തരക്കേടില്ലാത്ത വിലയും വെള്ളക്കുട്ടി കൃഷിയിൽനിന്ന് പ്രതീക്ഷിക്കുന്നു. ഭാര്യ ശാരദാമണിയും മക്കളായ ജയശ്രീ, വിജയശ്രീ എന്നിവരും സഹായത്തിനുണ്ട്.
തരൂർ കൃഷിഭവെൻറ സഹകരണവും ലഭിക്കുന്നുണ്ട്. പൂർണമായും ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. 300 മീറ്റർ അകലെയുള്ള കുഴൽക്കിണറിൽനിന്നാണ് വെള്ളം എത്തിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഇതേ ചാക്കുകളിൽ പച്ചമുളകും വഴുതിനയും നടും.
അപ്പോൾ മുതൽമുടക്ക് കുറയുന്നതുകൊണ്ട് ആദായം കൂടുമെന്ന് വെള്ളക്കുട്ടി പറയുന്നു. നെല്ലുണക്കാൻ മാത്രമായി ഉപകരിച്ച പാറപ്പുറത്ത് ചാക്കിൽ കൃഷി ഇറക്കിയുള്ള വെള്ളക്കുട്ടിയുടെ പരീക്ഷണത്തിന് നാട്ടുകാരിൽനിന്ന് അഭിനന്ദനപ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.