ടാപ്പ് ചെയ്യുന്ന റബർ മരത്തിൽ കുരുമുളക് വിളയിച്ച് ലക്ഷങ്ങൾ നേടാം; ഇത് തങ്കച്ചന്റെ വിജയഗാഥ
text_fieldsകൊട്ടിയൂർ (കണ്ണൂർ): ടാപ്പ് ചെയ്യുന്ന റബർ മരത്തിൽ കുരുമുളകും വിളയിച്ച് കൊട്ടിയൂർ സ്വദേശി. റബർ മരത്തിൽ കുരുമുളകും ഒരുമിച്ച് കൃഷി ചെയ്യാൻ പലരും പരാജയപ്പെട്ടിടത്താണ് ഈ വിജയഗാഥ. കൊട്ടിയൂർ ചുങ്കക്കുന്ന് കാരക്കാട്ടു തങ്കച്ചനാണ് 2013 മുതൽ തുടങ്ങിയ പരീക്ഷണം വിജയമാക്കിയത്. നിത്യേന ടാപ്പു ചെയ്യുന്ന റബർ മരങ്ങളിൽ രണ്ട് വർഷം പ്രായമായ കുരുമുളക് വള്ളികൾ പിടിപ്പിച്ചാണ് പരീക്ഷണങ്ങൾ വിജയിച്ചതെന്ന് തങ്കച്ചൻ പറയുന്നു.
100 റബർ മരങ്ങളിലാണ് ഇത്തരം പരീക്ഷണം നടത്തിയത്. തിപ്പല്ലിയിൽ ബഡ് ചെയ്ത കുരുമുളക് തൈകൾ പോളിത്തീൻ കൂടുകളിൽ പാകിയ ശേഷം റബറിെൻറ ഒരടി അകലത്തിൽ പിൻകാനയുടെ വശത്തായി പിടിപ്പിച്ച് മരത്തിലേക്ക് കയറ്റി വിടുകയായിരുന്നു. ഒരു വർഷം കൊണ്ടുതന്നെ കുരുമുളക് വള്ളികൾ രണ്ടാൾ പൊക്കത്തിൽ ഉയർന്ന് തിരിയിട്ടു.
വളർച്ച പ്രാപിച്ചതോടെ ആദ്യ പോളിത്തീൻ കവറിൽ നിന്നും ഗ്രോബാഗിലേക്ക് മാറ്റി. രണ്ടുവർഷം കഴിഞ്ഞപ്പോൾ വലിയ സൈസുള്ള ഗ്രോബാഗിലേക്ക് മാറ്റി. വേനൽക്കാലത്ത് ആദ്യ രണ്ടുവർഷം നിത്യേന രണ്ട് ലിറ്റർ വെള്ളം ഇതിന് ആവശ്യമാണ്. അതിന് ശേഷം നനക്കുന്നത് കുറക്കാം. കരുമുളക് ചെടിയുടെ ചുവട്ടിൽ റബറിെൻറ പാൽവേരുകൾ ഉള്ളതിനാൽ ചുവട്ടിൽ മണ്ണിളക്കാൻ പറ്റില്ല എന്നതും, സൂര്യപ്രകശം കുറവായതിനാൽ കായ്ഫലം കുറയുമെന്നതും പ്രശ്നമാണ്. ഇത് രണ്ടും പരിഹരിച്ച് കൂടുകളിൽ നട്ടതുമൂലം മണ്ണിളക്കേണ്ട ആവശ്യമില്ല.
ഒരു കിലോ പച്ചമുളകിന് 420 ഗ്രാം ഉണക്കമുളക് ലഭിക്കും. ആദ്യവർഷങ്ങളിൽ വർഷത്തിൽ രണ്ടുതവണ കായ്ക്കുകയും ചെയ്യും. 100 റബർ മരങ്ങളിൽ നിന്ന് ശരാശരി അഞ്ചു മുതൽ ആറുക്വിൻറൽ റബർ ലഭിക്കും. നിലവിലെ വിലയനുസരിച്ച് 102000 രൂപ ലഭിക്കും. അഞ്ച് വർഷം പ്രായമായ ഒരു കുരുമുളക് ചെടിയിൽനിന്ന് അഞ്ച് കിലോ മുളകും ലഭിക്കും. ഇങ്ങനെ 500 കിലോ മുളക് ലഭിച്ചാൽ 200000 രൂപ വരുമാനം കർഷകന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.