ചൊറിയൻ പുഴു ഇലകൾ തിന്നുതീർക്കുന്നു; കണ്ണീരിലായി കർഷകർ
text_fieldsപാനൂർ: കർഷകരെ കണ്ണീരിലാഴ്ത്തി ചൊറിയൻ പുഴുക്കൾ അരങ്ങുതകർക്കുന്നു. പാനൂർ മേഖലയിൽ കർഷകരുടെ വില്ലനായി ചൊറിയൻ പുഴു ശല്യം രൂക്ഷമാവുകയാണ്. വാഴ കൃഷിക്കാരെ ദുരിതത്തിലാക്കിയ ചൊറിയൻ പുഴുക്കളെ പേടിച്ച് നാട്ടുകാരും പ്രയാസത്തിലാണ്. പാനൂർ നഗരസഭ, തൃപങ്ങോട്ടൂർ, കുന്നോത്ത് പറമ്പ്, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളിലും ചൊറിയൻ പുഴു ശല്യം രൂക്ഷമാണ്.
പാനൂർ, പൊയിലൂർ, പെരിങ്ങളം, കരിയാട് മേഖലയിൽ നൂറുക്കണക്കിന് വാഴകളാണ് ചൊറിയൻ പുഴുക്കൾ നശിപ്പിച്ചത്. ചെടികളുടെ ഇലകളും തണ്ടുകളും ഭക്ഷണമാക്കുന്ന ഇവ മരത്തിലും മതിലുകളിലും വീട്ടിനുള്ളിലും താവളമാക്കുന്നു. ഈ പുഴുകൾ മനുഷ്യ ശരീരത്തിൽ തട്ടിയാൽ അസഹീനമായ ചൊറിച്ചിലും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. വീട്ടിനുള്ളിൽനിന്ന് ചെറിയ കുട്ടികൾ ഇവയെ അറിയാതെ സ്പർശിക്കുന്നതും രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പുഴുക്കൾ വ്യാപകമായി തുടങ്ങിയത്. കാറ്റടിക്കുമ്പോൾ ഇവ ദേഹത്ത് വീഴുന്നത് കാരണം കാൽനട യാത്രക്കാരും ദുരിതത്തിലാണ്.
വാഴയുടെ തളിരിലയാണ് ഇവക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം. ശാസ്ത്രീയമായ പരിചരണമില്ലാത്ത വാഴ തോട്ടങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പുഴു ആക്രമണമുള്ള വാഴയുടെ തളിരില പൂർണമായി പുറത്തെത്തുമ്പോഴേക്കും അതിലെ ജൈവാംശം മുഴുവൻ ഇവ തിന്നു തീർത്തിരിക്കും. ഇത്തവണ വെയിലും മഴയും മാറിമാറിയുണ്ടായ സവിശേഷമായ കാലാവസ്ഥയാണ് പുഴു വ്യാപകമാവാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. തോരാമഴ ഉണ്ടായിരുന്നെങ്കിൽ വലിയൊരു വിഭാഗം പുഴുക്കളും പൂർണ വളർച്ചയെത്തും മുമ്പേ ചത്തൊടുങ്ങുമായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട്. മണ്ണെണ്ണ തളിച്ചും തീയിട്ടുമാണ് പുഴുക്കളെ നശിപ്പിക്കുന്നത്.
എന്നാൽ വീണ്ടും വരുന്നത് മൂലം കർഷകർ ബുദ്ധിമുട്ടിലുമാണ്. കീടനാശിനികൾ തളിച്ചാലും താൽക്കാലികമായി മാത്രം നശിപ്പിച്ചു പോകുന്ന ഇത്തരം പുഴുക്കൾ വീണ്ടും തിരിച്ചുവരുന്നതായി കർഷകർ പറയുന്നു. ദിവസേന പെരുകി വരുന്ന ഇതിനെ തുരത്താൻ കൃഷി വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർഷകറുടെ ആവശ്യം.
പുഴുക്കളെ എങ്ങനെ പ്രതിരോധിക്കാം?
കളകൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം, കീടബാധയുള്ള ഇല പറിച്ചെടുത്ത് നശിപ്പിക്കണം, ആക്രമണം രൂക്ഷമാണെങ്കിൽ ഫ്ലൂമെൻഡിയമൈഡ് 39.35 എസി രണ്ട് മില്ലി പത്ത് ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുകയോ, അല്ലെങ്കിൽ ക്ലോറാൻട്രാനിലി പ്രോൾ 18.5 എസ്.സി മൂന്ന് മില്ലി പത്ത് ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുകയോ ക്വിനാൽ ഫോസ് 20 ഇ സി രണ്ടുമുതൽ നാലുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയോ ചെയ്ത് കീടാക്രമണം നിയന്ത്രിക്കാമെന്ന് കൃഷി ഓഫിസർ നദീറ ഉബൈദ് മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.