കാന്തല്ലൂർ കൃഷിഭവനിൽ ഹൈബ്രിഡ് പച്ചക്കറി കൃഷിയിൽ നടന്നത് ക്രമക്കേടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഇടുക്കി കാന്തല്ലൂർ കൃഷിഭവനിലെ ഹൈബ്രിഡ് പച്ചക്കറി കൃഷി ( ശീതകാല പച്ചക്കറി )ക്ക് ഫണ്ട് ചെലവഴിച്ചതിൽ ക്രമക്കേടെന്ന് റിപ്പോർട്ട്. കൃഷിക്ക് അനുവദിച്ച തുകക്കുള്ള കൃഷി നടപ്പാക്കിയില്ലെന്നാണ് കൃഷിവകുപ്പിലെ സ്പെഷ്യൽ വിജിലൻസ് സെല്ലിന്റെ പരിശോധനയിലെ കണ്ടെത്തൽ. ഈ ക്രമക്കേടുകൾക്ക് ഉത്തരവാദികൾ കൃഷി ഓഫീസർ കെ.ആർ സതീഷും കൃഷി അസിസ്റ്റൻറ് എച്ച്. ലിജയുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കാന്തല്ലൂരിൽ സർവീസ് സഹകരണ ബാങ്ക് വഴിയാണ് വിത്ത് ഇറക്കിയത്. സർവീസ് സഹകരണ ബാങ്ക് പച്ചക്കറി വിത്ത് വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് ഇല്ലായിരുന്നു. മലപ്പുറത്തെ എസ്.കെ. അഗ്രി ഏജൻസീസ് എന്ന സ്ഥാപനത്തിൽനിന്ന് വിത്ത് ഇറക്കണമെന്ന് കൃഷി ഓഫിസറാണ് നിർദേശം നൽകിയത്. 2021 മാർച്ച് രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കർഷകർക്ക് വിത്ത് വിതരണം ചെയ്യാനായില്ല. എന്നാൽ, വിതരണം ചെയ്യാത്ത വിത്തിന് കാന്തല്ലൂർ സർവീസ് സഹകരണബാങ്കിൽ 60 ലക്ഷം നിക്ഷേപിച്ചു.
60 ലക്ഷം രൂപയുടെ ക്ലെയിം കലക്ടറുടെ അനുമതിയില്ലാതെ പാസാക്കാൻ വ്യവസ്ഥയില്ല. അതിനാൽ 10 ലക്ഷം രൂപയിൽ താഴെയുള്ള 16 ക്ലെയിമുകളാക്കി തയാറാക്കി. വിത്തുകൾ 160 ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് നൽകിയതായി കൃത്രിമ രേഖയുണ്ടാക്കുകയും 2021 ഏപ്രിൽ ഒമ്പതിന് തുക പൂർണായും ബാങ്കിന് നൽകുകയും ചെയ്തു.
ഈ മേഖലയിലെ ഹൈബ്രിഡ് പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് കൃഷി വകുപ്പ് അട്ടിമറിച്ചത്. കർഷകരുടെ അക്കൗണ്ടിലേക്ക് സബ്സിഡിയായി തുക അനുവദിക്കണമെന്ന് ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ നിർദേശവും പാലിച്ചില്ല.
കർഷകർക്ക് പണം നൽകാതെ, വിത്തിറക്കി നൽകിയാൽ മതിയെന്ന കൃഷി ഡെപ്യൂട്ടി ഡയറക്ടർ വാക്കാൽ നിർദേശം നിൽകിയതിന് തെളിവില്ല. 2019-20, 2020-21വർഷങ്ങളിൽ വിവിധ പദ്ധതികൾ പ്രകാരം 1.30 കോടി രൂപയുടെ സാമ്പത്തികാനുകൂല്യങ്ങൾ ലഭിച്ചിട്ടും കഴിഞ്ഞ രണ്ടു വർഷമായി കർഷകർക്ക് യാതൊരു സാമ്പത്തിക ആനുകൂല്യവും നൽകിയിട്ടില്ലായെന്ന് രേഖപ്പെടുത്തി നടപ്പാക്കാത്ത കൃഷിക്ക് തുക അനുവദിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഹെക്ടറിന് 20,000 രൂപ സബ്സിഡി നിരക്കിൽ 741 ഏക്കർ സ്ഥലത്തിന് 60 ലക്ഷം രൂപയാണ് കാന്തല്ലൂർ കൃഷിഭവന് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.