Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightമധുരപ്പനകള്‍...

മധുരപ്പനകള്‍ കായ്ക്കുന്ന കാലം

text_fields
bookmark_border
മധുരപ്പനകള്‍ കായ്ക്കുന്ന കാലം
cancel

വിശാലമായ ഒരു തോട്ടത്തിലേക്കാണ് അലി ഞങ്ങളെ കൊണ്ടു പോയത്. 50 ഏക്കറോളം വരുന്ന തോട്ടം. മറ്റു തോട്ടങ്ങളിലേതുപോലത്തെന്നെ ചുറ്റിലും അതിരിട്ടു കാവല്‍ഭടന്മാരെ അനുസ്മരിപ്പിച്ച് വലിയ തലയെടുപ്പുള്ള ഈത്തപ്പനകള്‍. അകത്ത് വളര്‍ത്തുന്നത് അധികവും ചെറിയ ഇനം പനകളാണ്. ചിലതൊക്കെ താഴെ നിന്ന് പറിച്ചെടുക്കാം. പിന്നീട് അലി ഉയര്‍ന്ന പനകള്‍ വളര്‍ത്തിയിരുന്ന ഭാഗത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ കണ്ട കാഴ്ച രസകരമായിരുന്നു. പനയില്‍ കയറി ഒരു പാകിസ്താനി ചെറുപ്പക്കാരന്‍ പഴങ്ങള്‍ പറിക്കുന്നു. അയാളുടെ അരഭാഗം പനയോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്നു. എങ്കിലും പനയും ആളും തമ്മില്‍ നിശ്ചിത അകലമുണ്ട്. ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്ക് സ്വര്‍ണ നിറത്തിലുള്ള കുറച്ചു പഴങ്ങള്‍ പറിച്ചു നല്‍കി. പഴുത്തു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 

‘സുക്കാരി’ അവന്‍ പറഞ്ഞു. ‘സുക്കാരി എന്നാണോ അവന്‍െറ പേര്’, സിയാദ് ചോദിച്ചു. ‘ആപ് കാ നാം ഹേ സുക്കാരി?’
അലി ഇടപെട്ടു. ‘ഹേയ് അങ്ങനെ ചോദിക്കല്ളേ. അവന്‍െറ പേരല്ല സുക്കാരി. അവന്‍ കേള്‍ക്കേണ്ട. ഈത്തപ്പഴത്തിന്‍െറ പേരാണ്.’ ‘മേരാ നാം സുക്കാരി നഹി ഹേ ഭായ്. മേരാ നാം മിസ്കീന്‍ ഹേ.’
‘സോറി.’
‘മുഷ്കില്‍ നഹി ഹേ ഭായ്. അത് പറഞ്ഞുതീരുമ്പോഴേക്കും  ചെറിയ കൂട നിറയെ മിസ്കീന്‍ പഴങ്ങള്‍ പറിച്ചിരുന്നു. അത് ഞങ്ങള്‍ക്ക് കയറില്‍ കെട്ടി താഴോട്ടിറക്കി തന്നു. 
‘സാധാരണ കുല വെട്ടി കയറില്‍ ഇറക്കുകയാണ് പതിവ്. അതിനു പാകമായിട്ടില്ല. നിങ്ങള്‍ വരുന്നെന്നറിഞ്ഞതുകൊണ്ട് അവന്‍ പനയില്‍ കയറുകയായിരുന്നു.’ അലി പറഞ്ഞു. മലപ്പുറത്തെ കൊണ്ടോട്ടിയാണ് അലിയുടെ നാട്. 

ഗള്‍ഫ് രാജ്യങ്ങളിലുടനീളം എങ്ങും വിളവെടുപ്പിനു പാകപ്പെട്ട ഈത്തപ്പഴങ്ങളാണ്. അറബികള്‍ ഈത്തപ്പനകളെ പൊന്നു പോലെയാണ് സംരക്ഷിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളാണ് വിളവെടുപ്പിന്‍െറ കാലം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പനകള്‍ പൂവിട്ടു തുടങ്ങും. ആണ്‍, പെണ്‍ സസ്യങ്ങള്‍ വെവ്വേറെയാണ്. ആണ്‍ പനയില്‍ നിന്നുള്ള പൂങ്കുലകളുടെ ചെറിയ കതിരുകള്‍ അടര്‍ത്തിയെടുത്തു പെണ്‍ പനയുടെ പൂങ്കുലകളില്‍ കെട്ടിവെക്കുകയാണ് പതിവ്. ഒരു പെണ്‍ പൂങ്കുലക്ക് ആണ്‍ പൂങ്കുലയുടെ ഒരു കതിര്‍ മതിയാകും. കൃഷിത്തോട്ടങ്ങളില്‍ പെണ്‍ സസ്യങ്ങള്‍ താരതമ്യേന കുറവാണ് വളര്‍ത്തുന്നത്. സീസണ്‍ ആകുമ്പോള്‍ മാര്‍ക്കറ്റില്‍ ആണ്‍ പനയുടെ പൂങ്കുലകള്‍ വാങ്ങാനും കിട്ടും. ഇങ്ങനെ കമ്പോളത്തില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. അറബികള്‍ക്കിടയില്‍ ഒട്ടകം വളര്‍ത്തുപോലത്തെന്നെ ഈത്തപ്പന വളര്‍ത്തുന്നതും സ്റ്റാറ്റസിന്‍െറ അടയാളം കൂടിയാണ്. ബദുക്കളായ പഴയ തലമുറയിലെ അറബികള്‍ മാത്രമല്ല പുതുതലമുറയിലെ വമ്പന്‍ ബിസിനസുകാരും  ഐ.ടി പ്രഫഷനല്‍സുമെല്ലാം ഈത്തപ്പന കൃഷി തങ്ങളുടെ അഭിമാനപ്രശ്നമായി കൊണ്ടുനടക്കുന്നു. തന്നെയുമല്ല, ഇതെല്ലാം അവരുടെ പാരമ്പര്യത്തിന്‍െറ അടയാളവുമാണ്. 

ഈത്തപ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും പഞ്ചസാര വളരെ കുറഞ്ഞ ഇനം ഈത്തപ്പഴങ്ങളുമുണ്ട്. പ്രമേഹമുള്ളവര്‍ക്കുപോലും കഴിക്കാന്‍ പറ്റുന്ന ഇനങ്ങളുമുണ്ട്. അതേസമയം, കഴിക്കുന്നതിന്‍െറ അളവ് കുറക്കുകയാണെങ്കില്‍  ഏതിനവും ആര്‍ക്കും കഴിക്കാവുന്നതുമാണ്. വിറ്റാമിന്‍ എ, കെ, കാര്‍ബോ ഹൈഡ്രേറ്റ്,  പൊട്ടാസിയം, കോപ്പര്‍ തുടങ്ങി ധാരാളം ജീവകങ്ങളും ധാതുക്കളും നാരുകളുമടങ്ങിയ  വിശിഷ്ട ഭക്ഷ്യവസ്തുവാണ് ഈ പഴം. കൂടാതെ, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.  ഒട്ടകപ്പാലും ഈത്തപ്പഴവും മത്സ്യവുമായിരുന്നു പഴകാലത്തെ അറബികളുടെ ഭക്ഷണം. 

ഞങ്ങള്‍ കാഴ്ചകള്‍ തുടര്‍ന്നു. അവീറിലെ വലിയ വലിയ തോട്ടങ്ങളാണ് ചുറ്റിലും. അധികവും ശൈഖ് കുടുംബത്തില്‍ പെട്ടവരുടെയും ഉന്നതരുടെയും ഉടമസ്ഥതയില്‍ ഉള്ളതാണ്. ഈത്തപ്പനകള്‍ കൂടാതെ മറ്റു നിരവധി കൃഷികളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. വിവിധ താരം മാങ്ങകള്‍, പേരക്ക, അത്തിപ്പഴം, സപ്പോട്ട, മാതള നാരകം തുടങ്ങി പഴവര്‍ഗങ്ങളും, പുളിനാരങ്ങ, തക്കാളി, ചോളം, ചീര, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങി പച്ചക്കറികളും അവര്‍ വിജയകരമായി കൃഷിചെയ്യുന്നുണ്ട്. 

കൂടാതെ, വളര്‍ത്തുമൃഗങ്ങളും ധാരാളമായുണ്ട്. ഇന്ത്യന്‍ കോലാട്, ചെമ്മരിയാട്, താന്‍സനിയന്‍ കോലാട്, പശു, ഒട്ടകങ്ങള്‍ തുടങ്ങി നിരവധി വളര്‍ത്തു മൃഗങ്ങളും. ചില തോട്ടങ്ങളില്‍ ഒട്ടകപക്ഷി, എമു, മുയല്‍  മുതലായവയെയും വളര്‍ത്തുന്നു. ഒട്ടകപ്പക്ഷിയുടെ ഭാഗത്ത് ചെന്നപ്പോള്‍ ഒരു പെണ്‍പക്ഷി ചിറകുവിടര്‍ത്തി രോഷത്തോടെ ഞങ്ങള്‍ക്ക് നേരെ ഓടിവന്നു. വളച്ചു കെട്ടിയ കമ്പി വലയില്‍ തട്ടി നിന്നു. ‘അധികം അടുത്ത് പോകേണ്ട. കണ്ടില്ളേ മുട്ടയിട്ടിരിക്കയാണ്’- അലി പറഞ്ഞു. ഏതാണ്ട് ഇരുപതോളം മുട്ടകള്‍. അതിനപ്പുറത്ത് എട്ടോ ഒമ്പതോ ഉള്ള മറ്റൊരു കൂട്ടം. അത് വേറെ പക്ഷിയുടേതാകാം. 
ഓടിവന്ന പക്ഷി ക്രമേണ ശാന്തയായി. അലി ചെന്ന് ശിരസ്സില്‍ പതിയെ തലോടി. ഒത്ത ഉയരമുള്ള ഒരാളുടെ തലയോളം ഉയരമുണ്ട് ഒട്ടകപ്പക്ഷിയുടെ  തലക്ക്. നല്ല ശക്തിയുള്ള കൊക്കാണ്. മുട്ട ഒരെണ്ണം ഏകദേശം പതിനഞ്ച് കോഴിമുട്ടയുടെ വലുപ്പമുണ്ട്, ഏതാണ്ട് ഒരു ഫുട്ബാളിന്‍െറ അത്ര. ആഫ്രിക്കയിലെ ഗോത്ര വര്‍ഗത്തിലെ സ്ത്രീകള്‍  ഇതിന്‍െറ മുട്ടത്തോടുകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കി കാതില്‍ അണിയാറുണ്ട്.  അപ്പോഴേക്കും ഒരു ആണ്‍ പക്ഷി നെറ്റിന്‍െറ അടുത്തുവരെ വന്നു ചിറകുനിവര്‍ത്തി നൃത്തം ചെയ്യാന്‍ തുടങ്ങി. അതിനടുത്ത് എമു പക്ഷികളെ വളര്‍ത്തുന്ന ഭാഗമാണ്. വിശാലമായ ഭാഗത്ത് ചുറ്റിലും ഇരുമ്പ് നെറ്റ് കെട്ടിയിട്ടുണ്ട്. അതിനകത്തുള്ള മരങ്ങളും കടഭാഗം ഇരുമ്പുവല കൊണ്ടു പൊതിഞ്ഞിരിക്കുകയാണ്. പല മരങ്ങളുടെയും തൊലിയെല്ലാം കൊത്തി തടി വെളിവായിരിക്കുന്നു. ഒരു പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. നീല നിറത്തിലുള്ള വലിയ മുട്ടകള്‍ കൂടി കിടക്കുന്നു. 

‘നമ്മള്‍ ഈത്തപ്പനകള്‍  കാണാനല്ളേ വന്നത്. ഇനിയും ഒത്തിരി കാണാനുണ്ട്. ഒരു അപൂര്‍വ കാര്യം ഞാന്‍ കാണിച്ചു തരാം’ -അലി പറഞ്ഞു. 
വിവിധ ഇനങ്ങളില്‍പെട്ട വലുതും ചെറുതുമായ പനകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. സൂര്യന്‍ പടിഞ്ഞാറു മാറി പൊന്‍പ്രഭ ചൊരിയാന്‍ തുടങ്ങിയിരുന്നു. ചെറിയ കാറ്റുവീശുന്നതുകൊണ്ട് ചൂടിന് അല്‍പം ശമനമുണ്ട്. മൊത്തത്തില്‍ തേനിന്‍െറ നറുമണമാണ് കാറ്റിന്. അത് പാകമായ ഈത്തപഴത്തിന്‍െറ മണമാണ്. വലിയ കാഫ് മരങ്ങളില്‍ തേനീച്ചകള്‍ കൂടുവെച്ചിരിക്കുന്നു. പാകമായ പഴക്കുലകളില്‍ തേനീച്ചകള്‍ വട്ടം ചുറ്റുന്നു. മഞ്ഞ പഴക്കുലകളില്‍ അഗ്രം തവിട്ടു വര്‍ണം പ്രാപിച്ചുവരുന്നു. പഴുത്തു തുടങ്ങുന്നതിന്‍െറ ലക്ഷണമാണ്. വൈകുന്നേരത്തിന്‍െറ പൊന്‍വെളിച്ചം കുലകള്‍ പേറി നില്‍ക്കുന്ന പെണ്‍പനകളെ സുന്ദരികളാക്കുന്നു. മഞ്ഞകൂടാതെ ചുകപ്പ് തവിട്ടുനിറത്തിലുള്ളതും വിവിധ വലുപ്പത്തിലുള്ളതുമായ പഴങ്ങള്‍. ചില പനകളില്‍ വിവിധ വര്‍ണങ്ങള്‍ ഇടകലര്‍ന്ന പഴങ്ങളുമുണ്ട്. 

ഏകദേശം 1500 ഇനം ഈത്തപ്പഴങ്ങള്‍ ലോകത്തില്‍ ഉള്ളതായാണ് കണക്ക്. യു.എ.ഇ യിലെ ഏറ്റവും വലിയ ഈത്തപ്പന പ്രദര്‍ശനവും മത്സരവും അബൂദബിയിലെ ലിവയിലാണ്  നടക്കുന്നത്. 120 ലധികം ഇനങ്ങള്‍ ഇവിടെ എത്താറുണ്ട്. അതെല്ലാം യു.എ.ഇ യുടെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നവ. ഒറ്റക്കുലയില്‍ 100 കിലോഗ്രാം ഭാരമുള്ള  കുലയുണ്ട്. ലക്ഷക്കണക്കിന്  ദിര്‍ഹം ആണ് സമ്മാന തുകയായി നല്‍കുന്നത്. മൊത്തം സമ്മാന തുക 60 ദശലക്ഷത്തിലധികം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റുമായി ഏകദേശം ലക്ഷത്തോളം ആളുകള്‍ ഈത്തപ്പഴ മേളയില്‍ പങ്കെടുക്കാറുണ്ട്. ഖലാസ്, അംബര്‍, സവാഫി, ലുലു, സുക്കാരി, അജുവ, ലുബ്ന, റബിയാ, ബെയ്ദ് എന്നിവ പഴങ്ങളുടെ ചില പേരുകള്‍ മാത്രം.  

പ്രത്യേകം വളച്ചുകെട്ടിയ ഒരു സ്ഥലത്തേക്ക് അലി ഞങ്ങളെ കൊണ്ടുപോയി. പ്രത്യേക ഇനത്തില്‍ പെട്ട ഏതാനും പനകളായിരുന്നു അവിടെ. ‘ഇതാണ് ഞാന്‍ നിങ്ങളോട് കാണിക്കാമെന്നേറ്റ പ്രധാനമായ ഒരു കാര്യം. മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഹദീസില്‍ പറഞ്ഞിട്ടുള്ള പഴത്തിന്‍െറ മരങ്ങളാണ് ഇതെല്ലാം. സൗദി അറേബ്യയിലാണ് ഇത് കൂടുതല്‍ ഉണ്ടാകുന്നത്. സൗദി ഈത്തപഴത്തിന്‍െറ ശ്രേഷ്ഠതയും അതാകാം. ശൈഖ് കുടുംബത്തില്‍പെട്ട ഒരു വനിതയുടേതാണ് ആ തോട്ടം. ഇതിന്‍െറ പഴങ്ങള്‍ അവരുടെ അനുവാദമില്ലാതെ ആരും പറിക്കാന്‍ പാടില്ല. ഈ പനകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. അത് ഇവിടെ കായ്ക്കുന്നതും കുറവാണ്. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങള്‍ ഊഷരമായി നിന്നു. ഈ വര്‍ഷമാണ് കുറച്ചു കായ കാണുന്നത്’ -അതു പറഞ്ഞ ശേഷം അലി കുറച്ചു പഴങ്ങള്‍ പറിച്ചുകൊണ്ടു വന്നു.

മറ്റു ഈത്തപഴങ്ങള്‍പോലെ പഴുത്താല്‍ അതിന്‍െറ നിറം ചുകപ്പോ തവിട്ടുനിറമോ അല്ല. ശുദ്ധ കറുപ്പു നിറം. നല്ല തുടുത്ത പഴങ്ങള്‍.  ഈത്തപ്പന  തടികള്‍ പഴയ കാല വീടുകളുടെ മേല്‍ക്കൂര നിര്‍മിക്കുന്നതിനുപയോഗിച്ചിരുന്നു. നെടുകെ ഛേദിച്ച പനന്തടികള്‍ നിരത്തിവെച്ചു മുകളില്‍ കല്‍ക്കഷണങ്ങളും കുമ്മായവും ചേര്‍ത്തു വാര്‍ക്കുകയായിരുന്നു പതിവ് . തടികള്‍ക്കു മീതെ പനയോലകളും നിരത്തും. കൂടാതെ  പന തടി ഉപയോഗിച്ചു ഡൗവ് (ഉവീം) എന്നറിയപ്പെടുന്ന ചെറു ജലയാനങ്ങളും നിര്‍മിച്ചിരുന്നു. ഇത്തരം ചെറുബോട്ടുകള്‍ മത്സ്യബന്ധനത്തിനും യാത്രകള്‍ക്കും ഉപയോഗിച്ചു പോന്നു. പനയോലകള്‍ വേലികെട്ടി മറയുണ്ടാക്കാനും തൊപ്പി, ബാഗ് എന്നിവയൊക്കെ നിര്‍മിക്കാനും ഉപയോഗിക്കുന്നു. സന്ധ്യമയങ്ങിയതുകൊണ്ട് ഫുജൈറ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് അലിയോടും മിസ്കീനോടും യാത്ര പറഞ്ഞു. പോരുമ്പോള്‍ ഇമവെട്ടാതെ ചില ഒട്ടകങ്ങള്‍ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dates
Next Story