ഈ കോഴി ജൈവനാ ജൈവൻ...
text_fieldsഈയിടെ ട്രെൻഡിങ്ങായ ഭക്ഷ്യവിഭവമായിരുന്നു വനസുന്ദരി ചിക്കൻ. ബ്രോയിലർ കോഴിയേക്കാൾ നാടൻകോഴി ഇറച്ചികൊണ്ടുള്ള വനസുന്ദരി ചിക്കൻ തേടിയാണ് കൂടുതൽപേരെത്തിയത്. നാടൻ വനസുന്ദരി ചിക്കൻ വിളമ്പി കുടുംബശ്രീയെല്ലാം വലിയ വരുമാനമുണ്ടാക്കി. കൊച്ചിയിലെ തന്റെ റസ്റ്റാറന്റിലേക്ക് ദിവസവും 25 നാടൻ കോഴിയെ വേണമെന്ന് ഈയിടെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് ആവശ്യമറിയിച്ചത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയായിരുന്നു. മുഴുവൻ സമയവും കൂട്ടിലടച്ച് വളർത്താതെ ഗോതമ്പ് തീറ്റ കൊടുത്ത് അഴിച്ചുവിട്ട് വളർത്തിയ നാടൻ കോഴിയായിരുന്നു വേണ്ടത്. വിപണിയിൽ നാടൻ കോഴിയിറച്ചിക്ക് വർധിച്ചുവരുന്ന ആവശ്യകതയുടെ ചില ഉദാഹരണങ്ങൾ മാത്രമാണിതെല്ലാം.
റെഡി ടു ഈറ്റ് തീറ്റയും വെള്ളവും പരിധിയില്ലാതെ നൽകി കൂട്ടിൽ വിരിപ്പ് രീതിയിൽ അടച്ചുവളർത്തി ദ്രുതഗതിയിൽ വളർന്ന് കേവലം 5 - 6 ആഴ്ചകൾ കൊണ്ട് ഇറച്ചിയാവുന്ന ബ്രോയിലർ കോഴിയേക്കാൾ, മാസങ്ങൾകൊണ്ട് സാവധാനം മാത്രം വളരുന്ന നാടൻ ഇറച്ചിക്കോഴിക്ക് നാട്ടിൽ ഇന്ന് മെച്ചപ്പെട്ട വിപണിയുണ്ട്. അതിനാൽ സംരംഭ സാധ്യതയുമുണ്ട്. മാത്രമല്ല, കേരളത്തിൽ വിറ്റഴിക്കുന്ന ബ്രോയിലർ ഇറച്ചിക്കോഴികളിൽ ആന്റിബയോട്ടിക് മരുന്നുകളെപോലും അതിജീവിക്കുന്ന ബാക്ടീരിയകൾ കണ്ടെത്തിയതായ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെയടക്കം റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ നാടൻ ഇറച്ചിക്കോഴിക്ക് ഇനിയും ആവശ്യകതയുയരും.
ഹാച്ചറികളിൽ ഓരോ ബാച്ചിലും വിരിഞ്ഞിറങ്ങുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളിൽ 45 -50 ശതമാനവും പൂവനാണ്. ഹാച്ചറികളിൽനിന്നുള്ള ഈ പൂവൻ കുഞ്ഞുങ്ങളാണ് വീട്ടുമുറ്റത്ത് നാടൻ കോഴിയിറച്ചി ഉൽപാദിപ്പിക്കുന്ന സംരംഭത്തിന് ഏറ്റവും അനുയോജ്യം. കേരള വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ച ഗ്രാമശ്രീ, ത്രിവേണി, ഗ്രാമലക്ഷ്മി, ബംഗളൂരു സർവകലാശാലയുടെ ഗിരിരാജ, ഹൈദരാബാദ് സർവകലാശാലയുടെ ഗ്രാമപ്രിയ തുടങ്ങിയ വിവിധ സങ്കരയിനം പൂവൻ കോഴിക്കുഞ്ഞുങ്ങൾ സർക്കാർ, വെറ്ററിനറി സർവകലാശാല, സ്വകാര്യ ഹാച്ചറികൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. മുട്ടക്കും ഇറച്ചിക്കും വേണ്ടി പ്രത്യേകം വികസിപ്പിച്ച ഇനമായതിനാൽ ഗ്രാമശ്രീ പൂവന്മാർ മുറ്റത്തെ മാംസോൽപാദനത്തിന് ഏറ്റവും അനുയോജ്യമാണ്.
തലശ്ശേരി കോഴി, നേക്കഡ് നെക്ക്, കരിങ്കോഴി തുടങ്ങിയ തനിനാടൻ ജനുസ്സ് കോഴിയിനങ്ങളെയും വളര്‍ത്താനായി തിരഞ്ഞെടുക്കാം. ആവശ്യക്കാരുള്ളതിനാൽ കരിങ്കോഴിക്ക് മറ്റിനങ്ങളേക്കാൾ കൂടുതൽ വിപണിവിലയുണ്ട്. 72 - 74 ആഴ്ചകള്‍ (ഒന്നരവര്‍ഷം പ്രായം) നീണ്ടുനില്‍ക്കുന്ന ലാഭകരമായ മുട്ടയുൽപാദനകാലം കഴിഞ്ഞാല്‍ ഗ്രാമശ്രീ അടക്കമുള്ള സങ്കരയിനം മുട്ടക്കോഴികളെയും ഇറച്ചിക്കായി വിപണിയില്‍ എത്തിക്കാം. അപ്പോള്‍ ഏകദേശം രണ്ട് കിലോയോളം ഭാരം കോഴികള്ക്കുണ്ടാവും.
ഇറച്ചിക്കായി നാടൻ കോഴികൾ; പരിപാലനത്തിൽ ശ്രദ്ധിക്കാം
ഒരുദിവസം മാത്രം പ്രായമെത്തിയ പൂവൻ കോഴിക്കുഞ്ഞുങ്ങളെ തുച്ഛമായ നിരക്കിലാണ് ഹാച്ചറികളിൽനിന്ന് വിതരണം ചെയ്യുന്നത്. 14 ദിവസം പ്രായമെത്തുന്നതുവരെ കൃത്രിമ ചൂട് നൽകിവേണം വളർത്താൻ. ഇതിനായി കാർഡ് ബോർഡ് പെട്ടിയോ ഷീറ്റോ വളച്ചുകെട്ടി അതിനുള്ളിൽ തറയിൽനിന്ന് ഒന്നരയടി ഉയരത്തിൽ ഇൻകാന്റസന്റ് ബൾബ് തൂക്കി ബ്രൂഡിങ് സൗകര്യങ്ങൾ ഒരുക്കണം. തറയിൽ പേപ്പർ വിരിച്ച് ധാന്യത്തീറ്റ വിതറി നൽകുകയും ആഴം കുറഞ്ഞ ചെറിയ പാത്രങ്ങളിൽ കുടിവെള്ളം സജ്ജീകരിക്കുകയും വേണം.
വീട്ടുമുറ്റത്തും പറമ്പിലും അഴിച്ചുവിട്ട് ഫ്രീറേഞ്ച് രീതിയിലാണ് കോഴികളെ വളർത്തുന്നതെങ്കിൽ വലിയരീതിയിലുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ വേണ്ടതില്ല. രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. നാലടി നീളവും മൂന്നടി വീതിയും രണ്ടടി ഉയരവുമുള്ള ഒരു കൂട് പണിതാല്‍ 6- 8 കോഴികളെ പാര്‍പ്പിക്കാം. പുരയിടത്തില്‍ പൂർണമായും തുറന്നുവിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും നൈലോണ്‍/കമ്പിവല കൊണ്ടോ മുള കൊണ്ടോ വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്നുവിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികൾക്ക് 100 ചതുരശ്ര അടി സ്ഥലം വേലിക്കെട്ടിനുള്ളില്‍ നല്‍കണം.
വീട്ടിലെ മിച്ചാഹാരവും വില കുറഞ്ഞ ധാന്യങ്ങളും തവിടും പിണ്ണാക്കും ചേർത്ത മിശ്രിതവും പച്ചിലകളും പച്ചക്കറിയവശിഷ്ടങ്ങളും മുറ്റത്തെ ഇറച്ചിക്കോഴികള്‍ക്ക് തീറ്റയായി നൽകാം. ബ്രോയിലർ കോഴികൾക്കുവേണ്ടി പ്രത്യേകം നൽകുന്ന തീറ്റകളൊന്നും ഇവക്കു വേണ്ടതില്ല. അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില തുടങ്ങിയ പച്ചിലകളും തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം.
കോഴി വളർത്തലിലെ പുതുതീറ്റയായ കറുത്ത പട്ടാള ഈച്ചയുടെ ലാർവകൾ (ബ്ലാക്ക് സോൾജ്യർ ഫ്ലൈ ലാർവ) മികച്ച പ്രോട്ടീൻ സ്രോതസ്സാണ്.കുഞ്ഞുങ്ങള്‍ക്ക് 5 - 7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആദ്യ പ്രതിരോധ വാക്സിനായ എഫ്/ ലസോട്ട സ്ട്രെയിൻ വാക്സിൻ ഒരു തുള്ളി കണ്ണിലോ മൂക്കിലോ ഒഴിച്ച് നല്‍കണം. തുടര്‍ന്ന് 21 ദിവസം പ്രായമെത്തുമ്പോള്‍ ലസോട്ട ബൂസ്റ്റര്‍ വാക്സിൻ കുടിവെള്ളത്തിൽ നൽകണം. കോഴിവസന്ത തടയാനുള്ള അടുത്ത പ്രതിരോധ കുത്തിവെപ്പായ ആർ.2. ബി അല്ലെങ്കിൽ ആർ.ഡി.കെ വാക്സിൻ കോഴികള്‍ക്ക് 8 ആഴ്ചയും 16 ആഴ്ചയും പ്രായമെത്തുമ്പോൾ ത്വക്കിനടിയിൽ കുത്തിവെപ്പായി നല്‍കണം. ഓരോ ഇടവിട്ട മാസങ്ങളിലും വാക്സിൻ നൽകുന്നതിന് ഒരാഴ്ച മുമ്പും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം.
ആന്റിബയോട്ടിക് പേടിയില്ലാതെ കഴിക്കാം
40 ദിവസംകൊണ്ട് ബ്രോയിലർ കോഴി രണ്ടുകിലോ വളരുമെങ്കിൽ നാടൻ കോഴികൾ രണ്ടു കിലോ ഇറച്ചിത്തൂക്കം കൈവരിക്കണമെങ്കിൽ നാലുമാസം സമയമെടുക്കും. റെഡിമെയ്ഡ് തീറ്റകൾ നൽകാതെ വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്തി വലുതാക്കിയ നാടൻ കോഴികൾ പൂർണമായും ജൈവനാണ്. ആന്റിബയോട്ടിക്കുകളെ പറ്റിയോ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെ പറ്റിയോ പേടിയേതും കൂടാതെ കഴിക്കാം. നാടൻ കോഴിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകളും റസ്റ്റാറന്റുകളും മുൻകൂട്ടി കണ്ടെത്തി വിപണി ഉറപ്പാക്കാൻ സാധിച്ചാൽ സംരംഭം വിജയിക്കും.
സ്പ്രിങ്ങിലെ സംരംഭസാധ്യത
മുട്ടയുൽപാദന മികവിന് പേരുകേട്ടവയാണ് വൈറ്റ് ലെഗോൺ പിടക്കോഴികൾ. എന്നാൽ, അവയുടെ പൂവൻ കോഴികളോ? മുട്ട ഉൽപാദന വ്യവസായം സംബന്ധിച്ച് ലെഗോൺ പൂവൻ കോഴികൾ അധികബാധ്യതയാണ്. ഇവിടെയും ആദായത്തിന്റെ വഴിതുറക്കുന്ന സംരംഭക സാധ്യതയുണ്ട്. ഒരുദിവസം പ്രായത്തിൽ ഹാച്ചറികളിൽനിന്ന് കിട്ടുന്ന വൈറ്റ് ലെഗോൺ പൂവൻ കുഞ്ഞുങ്ങളെ നല്ല പ്രോട്ടീൻ തീറ്റ കൊടുത്തു വളർത്തിയാൽ ഏതാണ്ട് ഏഴാഴ്ച കൊണ്ട് അവ സ്പ്രിങ് കോഴി എന്ന് വിളിക്കുന്ന ഇളം പ്രായത്തിലുള്ള ഇറച്ചിക്കോഴികളാവും. ആ പ്രായത്തിൽ അവക്ക് അരക്കിലോയോളം തൂക്കമുണ്ടാവും. മൃദുവായതും നാരളവ് കൂടിയതുമായ സ്പ്രിങ് കോഴിയിറച്ചി രുചിക്ക് ആരാധകർ ഇന്നേറെയുണ്ട്, പ്രത്യേകിച്ച് മലബാർ മേഖലയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.