വട്ടവട, കാന്തല്ലൂർ ക്രമക്കേട്: കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsകോഴിക്കോട്: ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂർ കൃഷിഭവനുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കതിരെ നടപടിയെടുക്കണമെന്ന് ശിപാർശ. പ്രിൻസിപ്പൽ കൃഷി ഓഫിസറായിരുന്ന വി.ടി. സുലോചന, കൃഷി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വി.കെ. സിജിമോൾ, വട്ടവട കൃഷി ഓഫിസറായിരുന്നു ആർ. ബീന, കാന്തല്ലൂർ കൃഷി ഓഫിസർ കെ.എ. സതീഷ്, കാന്തല്ലൂർ കൃഷി അസിസ്റ്റന്റ് എച്ച്. ലിജ, ഇടമലക്കുടി കൃഷി ഓഫിസർ കെ. മുരുകൻ എന്നിവരിൽനിന്ന് വിശദീകരണം വാങ്ങി വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.
രണ്ട് കോടി രൂപയുടെ ക്ലെയിമുകൾ കലക്ടറുടെ ശ്രദ്ധയിൽ വരാത്ത വിധം 10 ലക്ഷം രൂപയിൽ താഴെ നിജപ്പെടുത്തി തയാറാക്കാൻ നിർദേശം നൽകിയത് പ്രിൻസിപ്പൽ കൃഷി ഓഫിസറായിരുന്ന വി.ടി. സുലോചനയാണ്. അതുപോലെ പദ്ധതി നടപ്പാക്കാതെയും കർഷകരുടെ അക്കൗണ്ടിൽ ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ കാന്തല്ലൂർ സർവിസ് സഹകരണ ബാങ്കിന് ലഭിക്കത്തക്ക രീതിയിൽ അനുവദിച്ചു. വട്ടവടയിൽ വിത്ത് വിതരണം നടത്തുന്നതിനും കർഷകരിൽ നിന്ന് തുക തിരികെ ഈടാക്കുവാൻ നിർദേശം നൽകിയതും സുലോചനയാണെന്ന് പരിശോധനയിൽ കണ്ടെത്തി.
അതോടൊപ്പം ഇടുക്കി ജില്ലയിൽ വിത്ത് വിതരണത്തിന് ലൈസൻസ് ഇല്ലാതിരുന്ന മലപ്പുറം എസ്.കെ ഏജൻസീസ് എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാതിരുന്നത് കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.കെ. സജിമോൾ ആണെന്നും അന്വേഷണത്തിൽ വ്യക്തമായി.
പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും കൃഷി ഓഫിസർമാർ സമർപ്പിച്ച ക്ലെയിമുകൾ പാസാക്കുകയും കൃഷി സ്ഥലങ്ങൾ സന്ദർശിച്ച് പദ്ധതി നടപ്പാക്കിയിട്ടുള്ളതായി വ്യാജ സാക്ഷ്യപ്പെടുത്തലുകൾ വരുത്തി വട്ടവടയിലെ 2121 പേർക്ക് 1.4 കോടി രൂപയും കാന്തല്ലൂർ സഹകരണബാങ്കിലെ അക്കൗണ്ടിലേക്ക് 60 ലക്ഷവും നൽകിയ ദേവികുളം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഇടമലക്കുടി കൃഷി ഓഫിസർ കെ. മുരുകനെതിരെയും വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
പദ്ധതി നടപ്പിലാക്കാതെ വ്യാജ ക്ലെയിമുകൾ തയാറാക്കുന്നതിലും ഇടുക്കി ജില്ലയിൽ വിത്ത് വിതരണത്തിന് ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽ അനുമതി നൽകിയതിലും കൃഷി ഓഫിസറായിരുന്ന ആർ. ബീനയും കെ.എ. സതീഷും പ്രധാന പങ്കുവഹിച്ചുവെന്നും പരിശോധനയിൽ കണ്ടെത്തി. ഇരുവർക്കുമെതിരെ നടപടിയെടുക്കണം.
പദ്ധതി നടപ്പാക്കാതെ അപേക്ഷകൾ സ്വീകരിച്ച് ശിപാർശ രേഖപ്പെടുത്തിയതിനും വ്യാജ ക്ലെയിമുകൾ തയ്യാറാക്കിയതിനും വട്ടവട കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫിസർ ആർ. മേരി ശോഭ, കാന്തല്ലൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എച്ച്. ലിജ എന്നിവരുടെ പേരിലും നടപടിക്ക് ശിപാർശ ചെയ്തു.
വട്ടവടയിലെ കർഷകർക്ക് കാർഷിക വികസന സമതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും 6,500 രൂപ വീതം വിതരണം ചെയ്തതിലും (ആകെ 1.40കോടി രൂപ) കാന്തല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ യൂനിയൻ ബാങ്ക് ഓഫ് ഇൻഡ്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള 60 ലക്ഷം രൂപയുടെ തുടർ വിനിയോഗം സംബന്ധിച്ചും സർക്കാർ തലത്തിൽ ഉചിത തീരുമാനം കൈക്കൊള്ളമെന്നും റോപ്പ്്ട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.