പ്രതീക്ഷ കൈവിടാതെ കോട്ടാറ്റ് പച്ചക്കറി കർഷകർ
text_fieldsചാലക്കുടി: പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പച്ചക്കറി ഗ്രാമത്തിൽ മരച്ചീനിക്കൊപ്പം പയറും നട്ട് കർഷകർ. ഒരേ വാരത്തിൽ തന്നെ ഇടകലർത്തി രണ്ട് വിളകൾ നട്ട് നഷ്ടത്തിലായ കൃഷിയെ ഏതുവിധവും പച്ചപിടിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണിവർ.
ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ കൃഷിയിറക്കാനുള്ള ബുദ്ധിയാണിതിന് പിന്നിൽ. 45 ദിവസത്തിനുള്ളിൽ പയർ പറിച്ചെടുക്കാം. അതിനുശേഷം പയറ് വള്ളികൾ വെട്ടിക്കൂട്ടി കടയ്ക്കൽ ഇട്ട് മരിച്ചീനി കൃഷിക്ക് വളമാക്കുകയും ചെയ്യാമെന്ന നേട്ടവുമുണ്ട്. മരച്ചീനിക്ക് ഇത്തവണ മതിയായ വില ലഭിച്ചിരുന്നു.
കോട്ടാറ്റ് പാടത്ത് വെള്ളം കയറുമെന്നതിനാൽ ആറുമാസത്തിൽ വിളവെടുക്കാവുന്ന ഇനമാണ് പലരും നടുന്നത്. മഴയുടെ ഭീഷണി ഒഴിഞ്ഞതോടെ പച്ചക്കറി കൃഷി ഊർജിതമാക്കിയിരിക്കുകയാണ് കർഷകർ.
പയറും മരച്ചീനിയും മാത്രമല്ല, വെണ്ട, വഴുതന, വാഴ, കയ്പ, ചേന, പടവലം തുടങ്ങിയവയും കോട്ടാറ്റ് പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിയിറക്കുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് പച്ചക്കറി ഗ്രാമമായ കോട്ടാറ്റിലെ കർഷകർക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശനിദശയാണ്.
പ്രളയത്തിൽ കൃഷിയിടം മുങ്ങി വൻ നഷ്ടമാണ് ഇവർക്ക് ഉണ്ടായത്. തുടർന്നും അതിവൃഷ്ടിയെ തുടർന്നുള്ള വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഇവരുടെ സ്വപ്നങ്ങൾ തകർത്തിരിക്കുകയാണ്. ഇത്തവണയെങ്കിലും മഴ ചതിക്കരുതെന്നാണ് ഇവരുടെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.