ദാൽ തടാകത്തിലെ പച്ചക്കറി മാർക്കറ്റ്
text_fieldsകശ്മീരിലെ ശ്രീനഗറിലെത്തിയാൽ ദാൽ തടാകത്തിലൂടെയുള്ള ശിക്കാര യാത്ര സഞ്ചാരികളുടെ ഇഷ്ട വിനോദമാണ്. തടാകത്തിന്റെ മറുകരയിലുള്ള ഹൗസ്ബോട്ടുകളിലേക്കും ആഡംബര നൗകകളിലേക്കും ശിക്കാരകളിലാണ് സഞ്ചാരികളെ കൊണ്ടുപോവുക. ദാൽ തടാകക്കാഴ്ചകളിലെ ഏറ്റവും വിസ്മയകരമായ ഒന്നാണ് ഫ്ലോട്ടിങ് മാർക്കറ്റ്. നേരം പുലർന്നുതുടങ്ങുമ്പോഴേക്കും കൊതുമ്പുവള്ളങ്ങളിൽ തടാകത്തിന്റെ വിവിധ ഊടുവഴികളിൽനിന്നായി പലതരം പച്ചക്കറികളും പഴങ്ങളും പൂക്കളുമായി കച്ചവടക്കാർ വന്നുനിറയും. കൃഷിക്കാരും മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും ലേലം വിളിക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും എല്ലാം പല പല തോണിയിൽ!
അതുകാണാനെത്തുന്ന സഞ്ചാരികളുടെ ശിക്കാരകൾ വേറെ. ഇങ്ങനെ നമ്മുടെ നാട്ടിലെ പുലർകാല അങ്ങാടിച്ചന്തയുടെ ഓളവും ബഹളവുമെല്ലാം ഒരു തടാകത്തിന്റെ ഓളപ്പരപ്പിലേക്ക് പുനരവതരിപ്പിക്കപ്പെടുന്ന രീതി. നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ എമ്പാടും പച്ചക്കറികൾ. തലേദിവസം വൈകീട്ട് വിളവെടുത്ത പച്ചക്കറികളാണ് അവയെല്ലാം. ഒരു നൂറ്റാണ്ടിലധികമായി ഈ ചന്തയാണ് ശ്രീനഗർ നിവാസികൾക്ക് പ്രധാനമായും വേണ്ടതായ പച്ചക്കറികളുടെ സ്രോതസ്സെന്ന് പ്രദേശവാസികൾ പറയുന്നു. സമീപനഗരമായ ശ്രീനഗറിലെ മൊത്തക്കച്ചവടക്കാർക്കാണ് ഉൽപന്നങ്ങളുടെ ഭൂരിഭാഗവും വിൽക്കുന്നത്. അവർ രാവിലെയെത്തും. റേഷൻ സാധനങ്ങളായ അരി, ഗോതമ്പ്, തടാകത്തിൽ ഉൽപാദിപ്പിക്കപ്പെടാത്ത ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള് എന്നിവയുമായി സാധനകൈമാറ്റം (barter) നടത്തുന്നതിനായി ഉൽപന്നങ്ങളുടെ ചെറിയൊരു ഭാഗം കർഷകർ ഉപയോഗിക്കാറുണ്ട്.
ഈ കാഴ്ച ആസ്വദിക്കാൻ മരംകോച്ചുന്ന തണുപ്പത്ത് പുലർച്ച നാലര മണിക്കെങ്കിലും നേരത്തേ ഏർപ്പാടാക്കിയ ശിക്കാരയിൽ പുറപ്പെടണം. തടാകത്തിന്റെ ഉൾവഴികളിലൂടെയുള്ള പുലർകാല സഞ്ചാരം ഏറെ ആസ്വാദ്യകരമാണ്. ചിലഭാഗങ്ങൾ കുട്ടനാടൻ ജലപാതകൾക്ക് സമാനമാണ്. ഇടുങ്ങിയ ജലപാതകളുടെ ഇരുകരകളിലും കൊച്ചുകൂരകൾ കാണാം. ചെറുപലചരക്ക് പീടികകളും ചിലയിടങ്ങളിൽ വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ചുള്ള കടകളുമുണ്ട്. മിക്കവാറും വീട്ടുമുറ്റങ്ങളിൽ കൃഷിയിടങ്ങളുണ്ട്. കൃഷി, മത്സ്യബന്ധനം, കൈത്തൊഴിലുകൾ, ടൂറിസം എന്നിവയാണ് തദ്ദേശീയ ജനതയുടെ ഉപജീവനമാർഗം. ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള അതിശൈത്യകാലത്ത് തടാകവും പരിസരവുമെല്ലാം ഐസ് പുതക്കുന്നതിനാൽ കൃഷി സാധ്യമല്ല. തടാകക്കരയിൽ ജീവിക്കുന്ന മനുഷ്യരുടെ ഉപജീവനവും പ്രതിസന്ധിയിലാകുന്ന കാലമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.