വെറുതെ കളയേണ്ട പാഴ്വസ്തുക്കൾ
text_fieldsഗ്രോബാഗും ചട്ടിയും വാങ്ങാൻ കാശില്ലെന്ന് കരുതി കൃഷി ചെയ്യാതിരിക്കേണ്ട. വീട്ടിൽ ആവശ്യമില്ലാത്തതോ വഴിവക്കിൽനിന്ന് കിട്ടുന്നതോ ആയ പാത്രം, ചാക്ക്, ബക്കറ്റുകൾ, പ്ലാസ്റ്റിക്-റബർ കുട്ടകൾ എന്നിവയിലും നട്ടുനനച്ച് നല്ല വിളവുനേടാം. ഇപ്പോൾ പലയിടത്തുമുള്ള നോൺവൂവൻ കവറുകൾ പെട്ടെന്ന് കീറാനും പൊടിയാനും സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. ചാക്ക്, സഞ്ചി, കവർ എന്നിവ കഴുകി ഉണക്കിയിട്ടേ കൃഷി ചെയ്യാവൂ. ഇനി ഇതൊന്നുമില്ലെങ്കിൽ അടുത്തുള്ള ആക്രിക്കടകളിൽ ചെന്നാൽ പഴയ പാത്രങ്ങളും ചാക്കുകളും തുച്ഛവിലക്ക് കിട്ടും. പാത്രങ്ങൾ അഞ്ചു ലിറ്ററിെൻറ എങ്കിലും ആകണമെന്നു മാത്രം.
ചാക്ക്
പഴയ ചാക്കാണെങ്കിൽ അടിവശം അൽപം കനമുള്ള പ്ലാസ്റ്റിക് നൂലുകൊണ്ട് കെട്ടിമുറുക്കി പുറംഭാഗം അകത്താക്കി മണ്ണ് നിറക്കാം. ഇങ്ങനെ ചെയ്താൽ ചാക്കിെൻറ അടിവശം നല്ല വൃത്താകൃതിയിൽ ലഭിക്കും. നിലത്ത് മറിഞ്ഞുപോകാതെ ഇരിക്കുകയും ചെയ്യും. അരിവരുന്ന പത്ത്, അഞ്ചു കിലോയുടെ ചാക്കിലും ഇതേരീതിയിൽ കൃഷിചെയ്യാം. സിമൻറ് ചാക്കുകളും ഉപയോഗിക്കാം. പണം കൊടുത്താല്‍ കാലിയായ ചാക്കുകൾ പലചരക്കുകടയില്‍നിന്ന് ലഭിക്കും.
പ്ലാസ്റ്റിക് കവർ
സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകളിൽ സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ച തകരാറിലാക്കും. സുതാര്യമല്ലാത്ത
വെളുത്തതും കനമുള്ളതും നിറമുള്ളതുമായ പ്ലാസ്റ്റിക് കവറുകൾ ഒരുതവണ കൃഷിക്ക് അനുയോജ്യമാണ്. ഇവയും ഗ്രോബാഗിൽ ചെയ്യുന്നപോലെ കൃഷിക്ക് നല്ലതാണ്.
റബര്കുട്ട
പഴയ വള്ളി പൊട്ടിയ റബര്കുട്ട ഉണ്ടെങ്കില്‍ ഏതു ഫലവൃക്ഷവും ടെറസിലോ മുറ്റത്തോ വളര്‍ത്താം. ആദ്യം കുട്ടയില്‍ നടുക്ക് ദ്വാരമിട്ട് അത് അടയാതെ ചകിരിയും ഓട്ടുകഷണവും വെച്ച് മണ്ണ്, ചാണകപ്പൊടി, മണല്‍ ഇവ സമമായി മുക്കാല്‍ ഭാഗം നിറക്കുക. ഇനി ഇഷ്ടമുള്ള തൈ നടാം.
പൊട്ടിയ ബക്കറ്റ്
അധികം ദ്രവിക്കാത്ത വക്കുപൊട്ടിയ പെയിൻറ് ബക്കറ്റും ഒരു തവണ കൃഷിക്ക് ഉപയോഗിക്കാം. ഇവയിൽ ഗ്രോബാഗിൽ നിറക്കുന്നപോലെതന്നെ മിശ്രിതം ഉപയോഗിച്ചാൽ മതി.
ടയറുകൾ
പഴയ ടയറുകളും കൃഷിക്ക് കൊള്ളാം. നാലോ അഞ്ചോ അടുക്കി കൂട്ടിക്കെട്ടി അടിഭാഗം അടച്ച് കൃഷിക്ക് ഉപയോഗിക്കാം.
പ്ലാസ്റ്റിക് കുപ്പി
രണ്ടു ലിറ്ററിെൻറ പ്ലാസ്റ്റിക് കുപ്പികളും മുളക്, ചീര, ഉള്ളി, സവാള, ഇഞ്ചി തുടങ്ങിയ നടാൻ ഉപയോഗിക്കാം.
ടി.വിയും ഫ്രിഡ്ജും
പഴയ സി.ആർ.ടി ടി.വിയുടെ കാബിൻ, കേടായ ഫ്രിഡ്ജിെൻറ കേസ്, കേടായ വാഷിങ് മെഷീൻ ഡ്രം എന്നിവയിലും മണ്ണുനിറച്ച് കൃഷിചെയ്യാം.
ഷീറ്റുകൾ, ഓടുകൾ
പഴയ തുരുമ്പിച്ച ഇരുമ്പുഷീറ്റുകൾ മുറിച്ചെടുത്ത് വട്ടത്തിലാക്കി കമ്പനി ചുറ്റിവരിഞ്ഞ് മണ്ണ് നിറച്ച് നടാം. അടിവശം അടക്കാൻ മറക്കരുത്. സ്ഥലമുള്ളവർക്ക് പഴയ മേച്ചിൽ ഓടുകൾ മണ്ണിൽ വട്ടത്തിൽ കുത്തിനിർത്തി അതിനകത്തും കൃഷി പരീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.