മണ്ണില്‍ പൊന്ന് വിളയിക്കുന്ന 'നന്മയുടെ പാഠം'
text_fieldsനെടുമങ്ങാട്: ഇവര്‍ മുപ്പതുപേര്‍, ജോലികള്‍ പലതാണെങ്കിലും മണ്ണില്‍ പൊന്നുവിളയിക്കാന്‍ ഒറ്റക്കെട്ടാണ്. ഇത് പനവൂര്‍ പഞ്ചായത്തിലെ നന്മ സാംസ്‌കാരിക വേദിയുടെ വിജയഗാഥ. പാട്ടഭൂമിയില്‍ ഒരു കൂട്ടം യുവാക്കള്‍ നടത്തുന്ന പച്ചക്കറി കൃഷി നാടിനുതന്നെ മാതൃകയാകുകയാണ്.
കൃഷി പ്രധാന വരുമാനമാക്കിയ നിരവധി കര്‍ഷകരുണ്ടായിരുന്ന നാടാണ് പേരയവും ചെല്ലഞ്ചിയും. പ്രകൃതിയും വന്യമൃഗങ്ങളും കൃഷിക്ക് വില്ലനായതോടെ നിരവധി കര്‍ഷകര്‍ ഈ മേഖല വിട്ടൊഴിഞ്ഞു. എന്നിട്ടും നന്മ സാംസ്‌കാരികവേദി കൃഷിയെ കൈവിടാന്‍ മനസ്സ് കാണിച്ചില്ല. ഇക്കൊല്ലവും തുലാമാസത്തില്‍ നന്മയുടെ കൂട്ടായ്മ കൃഷിക്കൊരുങ്ങുകയാണ്.
പാവലിന്റെ കയ്പും വെള്ളരിയുടെ മധുരവും വിട്ട് വിവിധയിനം പച്ചമുളകിന്റെ ഏരിവേറുന്ന കൃഷിയിലാണ് ഇത്തണ ശ്രദ്ധവെച്ചിരിക്കുന്നത്. മറ്റ് പച്ചക്കറികള്‍ക്ക് വിപണിയില്‍ വിലകളുടെ ചാഞ്ചാട്ടമുണ്ടാകുമ്പോഴും കാന്താരി, ഉണ്ടക്കാന്താരി തുടങ്ങിയ മുളകുകള്‍ക്ക് നല്ലവില ലഭിക്കും എന്നതാണ് കൂടുതലായി മുളക് കൃഷി ചെയ്യുന്നത്.
പേരയം ആയിരവില്ലി ക്ഷേത്രത്തിന്റെ ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ സഹായം കൂടാതെ കൃഷിഭവന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 62,000 രൂപയും അനുവദിച്ചിട്ടുണ്ട്. വെണ്ട, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികളും ക്ഷേത്ര പൂജകള്‍ക്കാവശ്യമായ ജമന്തിപ്പൂക്കളുമാണ് ഇത്തവണ കൃഷിയിലുള്‍പ്പെടുത്തിയിരിക്കുന്നത്.
നിലമൊരുക്കല്‍, നടീല്‍ തുടങ്ങിയ ജോലികളെല്ലാം ഈ കൂട്ടായ്മതന്നെയാണ് ചെയ്യുന്നത്. അത്യാവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറമേനിന്നുള്ള ജോലിക്കാരെ വിളിക്കുന്നത്. പനവൂര്‍ പഞ്ചായത്തിന്റെ മികച്ച കാര്‍ഷിക ക്ലബിനുള്ള പുരസ്‌കാരം ഇവര്‍ക്ക് സ്വന്തം.
കൃഷി ഓഫിസര്‍ പി.കെ. സൗമ്യ, കൃഷി അസിസ്റ്റന്റ് പ്രിയ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നന്മയുടെ കൃഷിപാഠം പുരോഗമിക്കുന്നതെന്ന് പ്രസിഡന്റ് എം. സ്വരൂപും സെക്രട്ടറി ഹരിമോഹനും പറയുന്നു. 2004ല്‍ പ്രവര്‍ത്തനം തുടങ്ങി 18 വര്‍ഷം പിന്നിടുമ്പോള്‍ നന്മക്ക് സ്വന്തമായി മികച്ചൊരു ലൈബ്രറിയും 5.5 സെന്റ് സ്ഥലവുമുണ്ട്. ജില്ല പഞ്ചായത്ത്, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ധനസഹായത്തോടെ 10 ലക്ഷം ചെലവിട്ട് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നത്തിലേക്ക് കടക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.