ഫാഷൻ റാമ്പിൽ ഇന്ത്യക്ക് വീണ്ടുമൊരു ഐശ്വര്യ
text_fields1994 നവംബർ 19. ഇന്ത്യൻ മോഡലുകളുടെ സൗന്ദര്യ സങ്കൽപങ്ങൾക്ക് പുതിയ മാനം പകർന്ന് ഐശ്വര്യ റായ് വിശ്വസുന്ദരി പട്ടം അണിഞ്ഞ ദിനം. ആലപ്പുഴ തത്തംപള്ളിയിലെ വീട്ടിലിരുന്ന് ദൂരദർശെൻറ ചെറിയ സ്ക്രീനിലൂടെ സീന ആർ. നായർ എന്ന ഡി ഗ്രി വിദ്യാർഥിനിയും ഇത് കാണുന്നുണ്ടായിരുന്നു. വർഷങ്ങൾ പിന്നെയും കടന്നുപോയി. 17 വർഷം മുൻപ് അവർക്കൊരു കുഞ്ഞു പിറന്നു. അവൾക്ക് പേരിട്ടു 'ഐശ്വര്യ'. വളർന്ന് വലുതായി 17ാം വയസിലെത്തി നിൽക്കുേമ്പാൾ അമ്മ കണ്ട സ്വപ്നത്തിലേക്ക് 'ക്യാറ്റ് വാക്ക്' നടത്തുകയാണ് ഐശ്വര്യ വിനു നായർ എന്ന കൊച്ചുമിടുക്കി.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇതിനകം മിസ് ടീൻ എർത്ത് ഇന്ത്യ ഉൾപെടെ ഒരുപിടി നേട്ടങ്ങൾ. ദൃഡ നിശ്ചയവും ആത്മസമർപ്പണവും ആത്മവിശ്വാസവും കഠിനാധ്വാനവും ചേർത്ത് പിടിച്ച് ഫാഷൻ റാമ്പിലൂടെ ചുവടുപിഴക്കാതെ നടക്കുന്ന മോഡലിെൻറ ശ്രദ്ധയോടെ ലക്ഷ്യത്തിലേക്ക് ചലിക്കുകയാണ് ദുബൈ കിസൈസ് സ്കോളേഴ്സ് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിനിയായ ഐശ്വര്യ. ഡിസംബറിൽ നടക്കുന്ന മിസ് ടീൻ ഇന്ത്യ ഇൻറർനാഷനലിൽ ഇന്ത്യയുടെ പ്രതിനിധിയായി ഫാഷൻ റാമ്പിൽ ഐശ്വര്യയുണ്ടാവും.
പേരിൽ മാത്രമല്ല, ഭാവത്തിലും നടപ്പിലുമെല്ലാം ചെറിയൊരു ഐശ്വര്യ റായിയാണ് ഐശ്വര്യ വിനു നായർ. ഫാഷൻ രംഗത്തെ റോൾ മോഡൽ ഐശ്വര്യ റായിയാണെങ്കിലും ജീവിതത്തിലെ റോൾ മോഡൽ അമ്മ സീന നായരാണ്. ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ചുള്ള യാത്രയായതിനാൽ മോഡലിങ് രംഗത്തെ ഓരോ ചലനവും സീനയും പിതാവ് വിനു വേണുഗോപാലും നിരീക്ഷിച്ചുകൊണ്ടിരുന്നു. പക്ഷെ, ഇതിെൻറയൊന്നും ക്രെഡിറ്റ് തങ്ങൾക്കല്ലെന്ന് സീനയും വിനുവും പറയുന്നു. 'എല്ലാം അവളുടെ നേട്ടമാണ്. ലക്ഷ്യത്തിലേക്ക് സ്വയം സമർപ്പിച്ച് കഠിനാധ്വാനം ചെയ്ത് നേടിയ വിജയമാണ്'- സീന പറയുന്നു.
കുട്ടിക്കാലം മുതൽ കലാകാരി
അഞ്ചാം ക്ലാസ് മുതൽ കലാരംഗത്ത് സജീവമാണ് ഐശ്വര്യ. യു.എ.ഇയിലെയും കേരളത്തിലെയും വിവിധ വേദികളിൽ കലാതിലകം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി വേദികളിലെല്ലാം മിടുമിടുക്കി. 2018ൽ ഇന്ത്യ ഇൻറർനാഷനൽ ഗ്രൂവ്ഫെസ്റ്റ് ഡാൻസ് മത്സരത്തിൽ ചാമ്പ്യൻ. കലയിൽ മാത്രമല്ല, ആയോധനകലയിലും ഐശ്വര്യ മാസ്റ്ററാണ്. കരാട്ടേയിൽ ബ്ലാക്ക്ബെൽറ്റ്. നൃത്ത വേദികളിലെ ജഡ്ജുമാർ ഐശ്വര്യയിലെ 'മിസ് ഇന്ത്യയെ' നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സൗന്ദര്യ മത്സര വേദികളിൽ ഐശ്വര്യക്ക് തിളങ്ങാൻ കഴിയുമെന്ന് ജഡ്ജുമാർ പറഞ്ഞതോടെയാണ് മേക്ക് ഓവറിനായുള്ള ശ്രമം സജീവമാക്കിയത്.
വിശ്വസുന്ദരികളെ നിരീക്ഷിക്കലായിരുന്നു പ്രഥമജോലി. കെട്ടിലും മട്ടിലും നടപ്പിലും സംസാരത്തിലും വസ്ത്രധാരണത്തിലുമെല്ലാം മിസ് ഇന്ത്യയെ സ്വപ്നം കണ്ടു. അപ്പോഴും മത്സരിക്കാനുള്ള വേദി അന്യമായിരുന്നു. 18 വയസ് തികയണം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ. ഇന്ത്യയിൽ ടീൻ ഇന്ത്യ എർത്ത് പാജൻറ് എന്നൊരു മത്സരം നടക്കുന്നുവെന്ന് പത്രവാർത്തയിലാണ് വായിച്ചറിഞ്ഞത്. ആത്മവിശ്വാസം മാത്രം കൈമുതലാക്കിയതാണ് തയാറെടുപ്പ് തുടങ്ങിയത്. പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസിെൻറ മോഡലിങ് വർക്ഷോപിൽ പങ്കെടുത്തായിരുന്നു തുടക്കം.
നാട്ടിലെത്തിയ ശേഷം ഇന്ത്യൻ ഫാഷൻ ലീഗിെൻറ ഭാഗമായി. മുംബൈയിലെ കോക്കോ ബെറി അക്കദമിയിൽ അഞ്ജലി റാവത്തിെൻറയും അലീസ്യ റാവത്തിെൻറയും ശിഷ്യയായി. കോവിഡ് എത്തിയതോടെ ട്രെയിനിങ് ഓൺലൈനിലേക്ക് മാറി. കാറ്റ്വാക്, വസ്ത്രധാരണം, ഫിറ്റ്നസ്, ശബ്ദ ക്രമീകരണം, പോസിങ്, കമ്യൂണിക്കേഷൻ സ്കിൽ എന്നിവയിലെല്ലാം പരിശീലനം നടത്തി. ദിവസങ്ങൾ കുറവായതിനാൽ കഠിന പരിശ്രമം മാത്രമായിരുന്നു മുന്നിലുള്ള വഴി. ദുബൈയിലെ ഫോട്ടോഗ്രാഫർ അൻഷദ് ഗുരുവായൂരായിരുന്നു ഐശ്വര്യയുെട മേക്ക്ഓവർ പ്രൊഫൈൽ തയാറാക്കാൻ സഹായിച്ചത്. ഓൺലൈൻ ഓഡിഷനിലും വിന്നറായതോടെ ഐശ്വര്യ ആദ്യമായി മിസ് ടീൻ എർത്ത് ഇന്ത്യ വേദിയിലേക്ക് കാലെടുത്തുവെച്ചു.
ഫാഷൻ റാമ്പിലേക്ക്
ഏഴ് ദിവസമായിരുന്നു മിസ് ടീൻ ഇന്ത്യ എർത്ത് പാജെൻറ്. നാല് ദിവസം രാജസ്ഥാനിലും മൂന്ന് ദിവസം ഗുഡ്ഗാവിലും. നാഷനൽ കോസ്റ്റ്യൂം, ടാലൻറ്, ഫിറ്റ്നസ്, പേഴ്സനൽ ഇൻറർവ്യൂ, പബ്ലിക് സ്പീക്കിങ്, ക്യാറ്റ്വോക്, എൻവയോൺമെൻറൽ ക്വിസ് തുടങ്ങി വിവിധ സ്റ്റേജുകൾ പിന്നിടണം സ്വപ്ന നേട്ടം സ്വന്തമാക്കാൻ. ഒരിടത്ത് ചെറുതായൊന്നു പതറിയാൽ പിന്നിലായിപോകും. ക്വസ്റ്റ്യൻ റൗണ്ടെത്തി. 'ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ പുതുതലമുറക്ക് പ്രചോദനമേകുന്ന വനിത ആര്' എന്നായിരുന്നു ചോദ്യം. മറുപടി: കമലാ ഹാരിസ്. യു.എസിെൻറ ചരിത്രത്തിലെ അവസാന വൈസ് പ്രസിഡൻറായിരിക്കില്ല കമലാ ഹാരിസെന്നും ഇനിയുമിനിയും ഒരുപാട് കമല ഹാരിസുമാർ ജനിക്കുമെന്നുമായിരുന്നു ഐശ്വര്യയുടെ മറുപടി.
പരിസ്ഥിതി സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങളാണ് സോഷ്യൽ റെസ്പോൺസിബിലിറ്റി റൗണ്ടിൽ പരിഗണിച്ചത്. ദുബൈയിലെ എമിറേറ്റ്സ് എൻവയോൺമെൻറൽ ഗ്രൂപ്പിൽ മെമ്പറാണ് ഐശ്വര്യ. പ്ലാസ്റ്റിക് ശേഖരണം, മാലിന്യ നിർമാർജനം, മരം നടീൽ ഉൾപെടെയുള്ള കാമ്പയിനുകളിൽ സജീവം. ഒരാഴ്ച കൊണ്ട് 100 കിലോ പ്ലാസ്റ്റിക് ശേഖരിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. അനുജൻ ദേവനാരായണൻ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെൻറ് മാനേജറാണ് പിതാവ് വിനു വേണുഗോപാൽ. ഉമ്മുൽഖുവൈൻ ശൈഖ് ഖലീഫ ജനറൽ ഹോസ്പിറ്റലിലെ ഫാർമസിസ്റ്റാണ് സീന ആർ. നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.