ഇരിട്ടി: പടിയൂർ കല്ലുവയിലിലെ വീട്ടമ്മയുടെ പപ്പായ കൃഷിത്തോട്ടത്തിൽ വിളഞ്ഞത് നൂറുമേനി. വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ 200 ഓളം പപ്പായത്തൈകളാണ് നൂറു മേനി വിളവിൽ ഫലം കായ്ച്ചുനിൽക്കുന്നത്. പടിയൂർ കല്ലുവയലിലെ ഒറ്റപ്ലാക്കൽ ടോമിയുടെ ഭാര്യ റാണിയാണ് വീടിനോട് ചേർന്ന കൃഷിയിടത്തിൽ പപ്പായ കൃഷി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയത്. മൈസൂർ ഹുൻസൂരിൽനിന്ന് 25 രൂപ നിരക്കിൽ 200 തൈകൾ എത്തിച്ച് കൃഷി നടത്തുകയായിരുന്നു.
കൃത്യമായ പരിപാലനം നടത്തിയതോടെ മൂന്നുമാസം കൊണ്ട് പപ്പായ ഫലം കായ്ച്ചുതുടങ്ങി. റെഡ് ലേഡി ഇനത്തിൽപെട്ട പപ്പായയാണ് കൃഷി നടത്തിയത്. ഇതിന് മാർക്കറ്റിൽ നല്ല വിലയും ലഭ്യമാണ്. സ്വന്തം നാട്ടിൽ തന്നെ വിപണനം നടത്താൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. കല്ലുവയലിലെ ഒറ്റപ്ലാക്കൽ റാണിയും ഭർത്താവ് ടോമിയും പപ്പായ കൃഷിക്ക് പ്രത്യേക സമയം കണ്ടെത്തി കൃഷിയെ സംരക്ഷിച്ചതോടെ ഫലവും നൂറുമേനിയായി. പടിയൂർ കൃഷിഭവന്റെ പരിപൂർണ പിന്തുണയും തങ്ങൾക്ക് ലഭ്യമായതായും ഇവർ പറഞ്ഞു.
നിരവധി കൃഷികൾ നടത്തിവരുന്ന റാണിക്കാണ് പടിയൂർ ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ മികച്ച ജൈവകർഷകക്കുള്ള അവാർഡും ലഭിച്ചത്. മലയോര മേഖലയിൽ അപൂർവമായി മാത്രം നടത്തുന്ന ഈ പപ്പായ കൃഷി വേണ്ടുന്ന രീതിയിൽ പരിപാലിച്ചു കഴിഞ്ഞാൽ നല്ല വരുമാനം ഉണ്ടാക്കാൻ കഴിയുന്നതാണെന്നും ഈ കുടുംബം തെളിയിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.