എലവഞ്ചേരി: നാല് പശുക്കളുമായി ഏഴ് വർഷം മുമ്പ് ആരംഭിച്ച ഡയറി ഫാമാണ് പനങ്ങാട്ടിരി തൂറ്റിപാടം സി.വൈ. അജിത് കുമാറിനെ മികച്ച യുവ ക്ഷീരകർഷക സംരംഭകനാക്കിയത്. മെക്കാനിക്കൽ എൻജിനീയർ കൂടിയാണ് 28കാരനായ ഈ കർഷകൻ. ഏഴ് വർഷത്തിന്റെ പരിശ്രമത്തിൽ അജിത് കുമാറിന് ഇപ്പോൾ 40 പശുക്കളും അറുപതിലധികം ആടുകളും ഉണ്ട്. കറന്നെടുത്ത പാൽ പ്രത്യേകം ബോട്ടിലുകളിലാക്കിയാണ് മുന്നൂറിലധികം വീടുകളിൽ അജിത് കുമാറും രണ്ട് സഹായികളും ചേർന്ന് എത്തിക്കുന്നത്. ഗോശ്രീ ഡയറി ഫാം എന്ന പേരിൽ പ്രവർത്തിക്കുന്ന അജിത് കുമാറിന്റെ സംരംഭത്തിൽ സംഭാരം, തൈര്, വെണ്ണ, നെയ് എന്നിവയും തനതു രീതിയിൽ സ്വയം വിൽപന നടത്തി വരുന്നുണ്ട്.
കൊല്ലങ്കോട്: ഒരു പശുവിൽ നിന്നും തുടങ്ങി 13 പശുക്കളിലേക്ക് എത്തിയ കമലത്തിന് ലഭിച്ചത് കഠിനാധ്വാനത്തിനുള്ള അംഗീകാരം. ആദിവാസി വിഭാഗത്തിൽ ജില്ലയിൽ മികച്ച ക്ഷീരകർഷക അവർഡിന് അർഹയായ ഗോവിന്ദാപുരം ചുക്കംപതിയിലെ എം. കമലം തന്റെ ജൈത്രയാത്ര തുടരുകയാണ്. ഒരു പശുവിൽനിന്ന് ആരംഭിച്ച് 25 വർഷം കഴിഞ്ഞപ്പോൾ 13 പശുക്കളുള്ള കമലം 8540 ലിറ്റർ പാലാണ് മുതലമട കിഴക്ക് കർഷക സംഘത്തിൽ എത്തിക്കുന്നത്.
ആറ് സെൻറ് ഭൂമിയിൽ കൊച്ചുവീട്ടിൽ വസിക്കുന്ന കമലത്തിന്റെ കുടുംബത്തിലുള്ളവരെല്ലാം പശുപരിപാലനത്തിൽ ഒപ്പുണ്ട്. പശു വാങ്ങാനോ, തൊഴുത്ത് നിർമിക്കാനോ ഇതുവരെ സർക്കാർ സഹായം ലഭിച്ചിട്ടില്ലെങ്കിലും ഒന്നിനും കാത്തുനിൽക്കാതെ കഠിനപരിശ്രമം തുടരുകയാണ് കമലം.
ഓലപ്പുരയിൽ നിർമിച്ച തൊഴുത്തിൽ മണ്ണിലാണ് പശുക്കൾ കിടക്കുന്നതെന്നും ഇതിന് പരിഹാരം കണ്ടെത്തണമെന്നുമാണ് കലത്തിന്റെയും ഭർത്താവ് പഴനി ചാമിയുടെയും ആവശ്യം. ആദിവാസികൾക്കായുള്ള പ്രത്യേക പരിഗണന പശുക്കളുടെ പരിപാലനത്തിൽ തനിക്ക് ലഭിച്ചില്ലെങ്കിലും ആരോഗ്യമുള്ള കാലത്തോളം പാൽ ഉൽപ്പാദനം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് 58 കഴിഞ്ഞ കമലം പറഞ്ഞു.
മുതലമട: 38.61 ലക്ഷത്തിലധികം ലിറ്റർ പാൽ സംഭരിച്ച് ജില്ലയിൽ ഒന്നാമതെത്താനായതിന്റെ അഭിമാന നിറവിലാണ് മുതലമട കിഴക്ക് ക്ഷീര വ്യവസായസഹകരണ സംഘം. 2022-23 വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചതിനാണ് പരമ്പരാഗത ക്ഷീര സംഘത്തിനുള്ള ക്ഷീര വികസന വകുപ്പിന്റെ പുരസ്കാരം മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘത്തിന് ലഭിച്ചത്. 81 ക്ഷീര കർഷകരുമായി ആരംഭിച്ച സംഘത്തിൽ നിലവിൽ 1436 കർഷകർ സജീവമാണ്.
മീങ്കരയിലും മൂച്ചകുണ്ടുമായി സംഘത്തിന്റെ ക്ഷീരകേന്ദ്രങ്ങൾ സ്വന്തം സ്ഥലത്ത് പ്രവർത്തിക്കുന്നതോടൊപ്പം തന്നെ സംഘത്തിന് സ്വന്തമായി 32 ഏക്കർ സ്ഥലത്ത് ഫലവൃക്ഷങ്ങൾ, ഡയറി ഫാം, പുൽകൃഷി എന്നിവയുണ്ട്.
കഴിഞ്ഞ വർഷത്തെ പാൽ വിറ്റുവരവ് 16.57 കോടി രൂപയിലധികമാണ്. മിനി കാലിത്തീറ്റ ഫാക്ടറി, മിനി ഡയറി പ്ലാന്റ് എന്നിവയും സംഘത്തിനുണ്ട്. മിനി ഡയറി പ്ലാന്റിൽ മിൽക് കൂളർ സ്ഥാപിച്ച് പാൽ വിൽപന വിപുലീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പി. മാധവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.