കുട്ടനാട്: പ്രതികൂല കാലാവസ്ഥ തകർത്തത് കുട്ടനാട്ടിലെ കർഷകരുടെ പ്രതീക്ഷ. ജില്ലയിലെ നെൽകൃഷിയിൽ വൻ ഇടിവാണുണ്ടായത്. 5.10 ലക്ഷം ക്വിന്റൽ നെല്ല് പ്രതീക്ഷിച്ചിറക്കിയ രണ്ടാം കൃഷിയിൽ സംഭരിച്ചത് 2.86 ലക്ഷം ക്വിന്റൽ മാത്രം.
മഴ, വെള്ളപ്പൊക്കം, മടവീഴ്ച എന്നിവയെത്തുടർന്ന് രണ്ടരലക്ഷം ക്വിന്റൽ നെല്ല് കുറഞ്ഞതായാണ് കണക്ക്. 8167.63 ഹെക്ടറിലാണ് രണ്ടാം കൃഷി ഇറക്കിയത്. ഏക്കറിന് 25 ക്വിന്റൽ എന്ന കണക്കിൽ ഏകദേശം 5,10,477 ക്വിന്റൽ നെല്ല് സംഭരിക്കാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഹെക്ടറിന് 15 ക്വിന്റൽ മാത്രമാണ് ലഭിച്ചത്. പല പാടശേഖരങ്ങളിലും പ്രതീക്ഷിച്ചതിന്റെ പകുതിപോലും ലഭിച്ചില്ല.
കാലാവസ്ഥ പ്രശ്നങ്ങൾക്കൊപ്പം കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും തിരിച്ചടിയായി. പല പാടങ്ങളിലും വിളവെടുപ്പ് സമയം കഴിഞ്ഞ് ഒന്നൊന്നര മാസമെങ്കിലും പിന്നിട്ടശേഷമാണ് കൊയ്ത്ത് നടന്നത്. മഴയിലും വെള്ളത്തിന്റെ കുത്തൊഴുക്കിലും അറുപതിലേറെ ഇടങ്ങളിലാണ് മടവീഴ്ചയുണ്ടായത്. കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അപാകതയുടെ നേർകാഴ്ചയാണ് മടവീഴ്ചയെന്നാണ് ആക്ഷേപം. സ്വാമിനാഥൻ പാക്കേജിൽ ഉൾപ്പെടുത്തി പുറംബണ്ട് നിർമിച്ചത് പാടശേഖരങ്ങളിൽ കൃഷി സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ, പദ്ധതി നിർവഹണത്തിലെ അശാസ്ത്രീയതമൂലം വലിയ പാളിച്ചയാണ് സംഭവിച്ചത്.
ജില്ലയിൽ ശരാശരി 25,000 ഹെക്ടറിലാണ് പുഞ്ചകൃഷിയിറക്കുന്നത്. തുലാമാസത്തിൽ വിത തുടങ്ങുകയാണ് പതിവ്. നവംബർ ആദ്യവാരത്തോടെ പകുതിയോളം പാടങ്ങളിലും വിത പൂർത്തിയാകും. മഴയും കിഴക്കൻ വെള്ളവും കാരണം ഇക്കൊല്ലം വിത വൈകി. ഒരേകാലയളവിൽ വിത തുടങ്ങുന്നതിനാൽ കൊയ്ത്തും ഒരുമിച്ചുവരും. അതിനാൽ ധാരാളം കൊയ്ത്തുയന്ത്രം വേണ്ടിവരുമെന്ന പ്രശ്നവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.