വ്യത്യസ്ത തരത്തിലുള്ള കൃഷിരീതികളിലൂടെ സമൃദ്ധമായി വിളവുണ്ടാക്കാൻ സാധിക്കും. ഇപ്പോൾ കൃഷിയിൽ മറ്റൊരു നൂതന ആശയമാണ് ട്രെൻഡിങ്ങാകുന്നത്. പേര് എയ്റോപോണിക്സ്. സംഗതി അൽപ്പം വ്യത്യസ്തമാണ്. മണ്ണില്ലാതെ കൃഷിചെയ്യുക എന്നതാണ് എയ്റോപോണിക്സിന്റെ പ്രധാന ആശയംതന്നെ. ഫ്ലാറ്റ് സംസ്കാരത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നവർക്ക് കൃഷിയിലേക്ക് കടക്കാനുള്ള അവസരംകൂടിയാണ് എയ്റോപോണിക്സ് വഴി ഒരുങ്ങുന്നത്. കൃഷി മാത്രമല്ല അൽപ്പം ശാസ്ത്രവും ഇതിലുള്ളതിനാൽ കൗതുകത്തോടെ പരീക്ഷിക്കാവുന്ന കൃഷിരീതിയാണിത്.
സാധാരണ മണ്ണിലേക്ക് വേരൂന്നിയാണ് ഓരോ വിളകളും വളർന്ന് വലുതാകുന്നത്. എന്നാൽ ചെടികളുടെ വേരുകൾ വായുവിൽ തന്നെ നിലനിർത്തി വേരിലേക്ക് പോഷകങ്ങൾ അടങ്ങിയ വെള്ളം ചെറിയ തുള്ളികളായി സ്പ്രേ ചെയ്യുന്നതാണ് എയ്റോപോണിക്സിന്റെ രീതി. വേരുകൾ പൂർണമായും ജലത്തിൽ മുങ്ങിക്കിടക്കുന്ന ഹൈഡ്രോപോണിക്സ് കൃഷിരീതിയുടെ നേർ വിപരീതമാണ് എയ്റോപോണിക്സ് എന്ന് അർഥം. പോളിഹൗസ് പോലുള്ള സംരക്ഷക സംവിധാനങ്ങൾ വേണം എന്നതാണ് എയ്റോപോണിക്സിന്റെ പ്രത്യേകത. പോളിഹൗസുകളില്ലാതെയും കൃഷി ചെയ്യാമെങ്കിലും കൃഷി കൂടുതൽ കാര്യക്ഷമമാവണമെങ്കിൽ പോളിഹൗസുകൾ തയാറാക്കണം. വെള്ളത്തിന്റെ കുറഞ്ഞ ഉപയോഗമാണ് എയ്റോപോണിക്സിന്റെ മറ്റൊരു മേന്മ. തുള്ളികളായി നന നടക്കുന്നതുകൊണ്ട് വെള്ളം കുറച്ച് ഉപയോഗിച്ചാൽ മതി. നല്ല വിളവും ലഭിക്കും.
ഭാവിയിലെ കൃഷിരീതി എന്നാണ് എയ്റോപോണിക്സ് അറിയപ്പെടുന്നത്. ശാസ്ത്രലോകം ഏറെ താൽപ്പര്യത്തോടെയാണ് എയ്റോപോണിക്സിൽ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലല്ലാതെയും എയ്റോപോണിക്സ് വഴി കൃഷി എന്നത് സാധ്യമാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങളിൽ ഈ കൃഷിരീതി പിന്തുടരുന്നവരും ഏറെയാണ്.
വലിയ വിളകൾ കൃഷിചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതാണ് ഇതിന്റെ പോരായ്മ. എങ്കിലും മിക്ക പച്ചക്കറികളും എയ്റോപോണിക്സ് വഴി കൃഷിചെയ്യാം. വളപ്രയോഗത്തിന്റെ കുറഞ്ഞ അളവും കൃഷിയുടെ ചെലവ് കുറക്കും. വെള്ളരിക്ക, തക്കാളി, മൈക്രോഗ്രീൻസ്, മുളകൾ, ഇലക്കറികൾ, ഔഷധസസ്യങ്ങൾ, മത്തൻ, തണ്ണിമത്തൻ, കടല, ബീൻസ്, കുരുമുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞൽ തുടങ്ങി മിക്ക വിളകളും എയ്റോപോണിക്സ് വഴി കൃഷിചെയ്യാം. കൃഷിചെയ്യുന്നത് ഒരു നിയന്ത്രിത പരിതസ്ഥിതിയിലായതിനാൽ കാലാവസ്ഥയോ മറ്റ് പ്രശ്നങ്ങളോ ഈ കൃഷിയെ ബാധിക്കില്ല. അതിനാൽതന്നെ വർഷം മുഴുവനും വിളകൾ ഉൽപ്പാദിപ്പിക്കാൻ ഈ രീതിവഴി സാധിക്കും. പരമ്പരാഗത കൃഷിരീതികളേക്കാൾ വളരെ കുറച്ച് സ്ഥലം മാത്രമേ ഈ കൃഷിക്ക് ആവശ്യമുള്ളൂ. ലംബമായ ഫാമുകൾ തയാറാക്കിയും പാളികളായും എയറോപോണിക്സ് കൃഷി സാധ്യമാക്കാം. അതേസമയം സാധാരണ കൃഷിരീതിയിൽനിന്ന് അൽപ്പം ചെലവ് കൂടുതലാണ് എന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള കൃഷിരീതി മിക്കവരും തെരഞ്ഞെടുക്കാത്തതിന് കാരണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.