മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വൈവിധ്യ കാഴ്ചയൊരുക്കി കൃഷിവകുപ്പിന്റെ ട്രേഡ് ഫെയർ

തിരുവനന്തപുരം: കേരളീയത്തോട് അനുബന്ധിച്ച് കൃഷിവകുപ്പ് എൽ.എം.എസ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള ട്രേഡ് ഫെയർ കാണുവാൻ ജനങ്ങൾക്കിടയിൽ പ്രിയമേറുന്നു. 45 ഓളം സ്റ്റാളുകൾ പ്രദർശനത്തിനും വിപണത്തിനുമായി ഒരുക്കിയിരിക്കുന്നു. കാർഷിക മൂല്യവർധന സാധ്യതകളുടെ ഒരു നേർക്കാഴ്ച കൂടിയാണ് വകുപ്പ് ഒരുക്കിയിട്ടുള്ള ട്രേയ്ഡ് ഫെയർ.

കാർഷിക മൂല്യ വർദ്ധിത മേഖലയിൽ കൃഷിവകുപ്പ് നടത്തിവരുന്ന ഇടപെടലുകളായ മൂല്യ വർധിത കൃഷി മിഷൻ, കേരളാഗ്രോ, കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) എന്നിവയെ പരിചയപ്പെടുത്തുന്ന തീം സ്റ്റാൾ ജനങ്ങളെ പ്രദർശനത്തിലേക്ക് സ്വാഗതം അരുളുന്നു. തീം സ്റ്റാളിന്റെ കോർണറിലെ മുട്ടൻ വരിക്കയിൽ ഊഞ്ഞാലാടുകയും സെൽഫിയെടുക്കുകയും ചെയ്യാം. ജൈവ സർട്ടിഫിക്കേഷനും, കാർബൺ ന്യൂട്രൽ പദവിയുമുള്ള കേരളത്തിലെ ഏക ഫാം ആയ ആലുവ വിത്തുവില്പാദന കേന്ദ്രത്തിലെ ഉത്പന്നങ്ങളാണ് ആദ്യം.

പച്ചവെള്ളത്തിൽ ഇട്ടാൽ ചോറ് ആകുന്ന കുമോൾ സോൾ, എന്നനെല്ലിനം ഇവിടെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. സർക്കാർ ഫാമുകളായ നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലിയും പന്തളം കരിമ്പ് വിത്ത്ല്പാദന ഫാമിലിയും ഉൽപന്നങ്ങളും വിപണനത്തിന് ഒരുക്കിയിരിക്കുന്നു. ജനപ്രിയമായ പന്തളം ശർക്കരയും മറയൂർ ശർക്കരയും ഈ സ്റ്റാളിൽ നിന്നും വാങ്ങാൻ കഴിയും. ഓൺലൈനിൽ ലഭ്യമായ കേരളാഗ്രോ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം.

കേരളത്തിലെ കർഷകരുടെയും കർഷക ഉത്പാദക സംഘങ്ങളുടെയും കാർഷിക മൂല്യ വർധിത ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുവാനും വാങ്ങുവാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഭൗമസൂചിക പദവിയുള്ള കുറ്റിയാട്ടൂർ മാങ്ങയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, അതിരപ്പിള്ളി ട്രൈബൽ വാലിയിലെ ഉൽപ്പന്നങ്ങളായ കോഫി, കുരുമുളക് തുടങ്ങിയവയുടെ എക്സ്പോർട്ട് ക്വാളിറ്റി ഉൽപ്പന്നങ്ങളും അട്ടപ്പാടി ട്രൈബൽ ഫാർമേഴ്സ് അസോസിയേഷന്റെ ചെറുധാന്യ ഉൽപ്പന്നങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്.

കാർഷിക യന്ത്രങ്ങളും കെയ്കോയുടെ സ്റ്റാളിൽ വലിയ സബ്സിഡിയോടെ സ്വന്തമാക്കാം. ചക്ക, തേൻ, നെല്ല്,അരി ഉൽപ്പന്നങ്ങൾ തുടങ്ങി മൂല്യവർധന മേഖലയുടെ സാധ്യതകൾ കാഴ്ചക്കാർക്ക് പകർന്നു നൽകുകയാണിവിടെ. കാർഷിക സംരംഭകർക്ക് മൂന്ന് ശതമാനം പലിശയിളവിൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ നേടുവാൻ കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ സ്റ്റാളും ഇവിടെയുണ്ട്. കൃഷിവകുപ്പിന്റെയും മറ്റ് ഉത്പാദക സംഘങ്ങളുടെയും നഴ്സറികളിൽ നിന്നും കുറഞ്ഞ നിരക്കിൽ വിത്തുകളും, തൈകളും, ഫലവൃക്ഷ തൈകളും ലഭിക്കുന്ന നിരവധി സ്റ്റാളുകളും സന്ദർശകരുടെ തിരക്കേറ്റുന്നു. കേരളീയത്തിന്റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റും, പെറ്റ് ഫുഡ് ഫെസ്റ്റും ഇവിടെ സജ്ജമാണ്.

Tags:    
News Summary - Agriculture department's trade fair showcases variety of value added products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.