ചേർത്തല: ഒന്നര ഏക്കർ സ്ഥലത്ത് ഹൈടെക്ക് രീതിയിൽ കൃഷി തുടങ്ങി വയോധിക ദമ്പതികൾ. നഗരസഭ 24ാം വാർഡിൽ ഗിരിജാലയത്തിൽ ഇ.കെ തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രായേൽ രീതിയിൽ കൃഷി തുടങ്ങിയത്. കൃഷിമന്ത്രിക്കൊപ്പം ഇസ്രായേൽ സന്ദർശിച്ച കർഷകനായ അരീപറമ്പ് വലിയവീട്ടിൽ വി.എസ്. ബൈജുവിന്റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്. 700 മീറ്ററോളം കള പിടിക്കാത്ത മൾട്ടി ഷീറ്റ് വിരിച്ചു.
സ്വിച്ച് ഇട്ടാൽ ചുവട്ടിൽ വെള്ളവും വളവും എത്തും. റാഗിയും പേൾ മില്ലറ്റും കൂടാതെ ചീര, പച്ചമുളക്, തക്കാളി, വെണ്ട , പയർ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളുമാണ് ഉപയോഗിച്ചത്. വർഷങ്ങളായി പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്ന തമ്പിയും ഗിരിജയും മരച്ചീനിയിലും ചേനയിലും വലിയ വിളവുകൾ നേടി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ ചീര ഉൾപ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാൻ പറ്റുമെന്നും പ്രായമായവർക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണെന്നും കൃഷി പ്രമോട്ടർ കൂടിയായ വി.എസ്. ബൈജു പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശോഭാജോഷി, ബി.ദാസി, പി.മുജേഷ് കുമാർ, കെ. ഉമയാക്ഷൻ, കൃഷി ഓഫീസർ ജിജി, അജിത്കുമാർ, സതീശൻ, ജോഷി, രചനൻ, സോബിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.