കട്ടപ്പന: മുളംപീരങ്കി കൊണ്ടാണ് പണ്ട് കുടിയേറ്റ കർഷകർ ആനയെ ഓടിച്ചിരുന്നതെന്ന് പറഞ്ഞാൽ പുതിയ തലമുറ അത് ആന നുണയാണെന്ന് പറഞ്ഞേക്കാം. പക്ഷേ, പുകപടലങ്ങളോടെ തീതുപ്പി ഉഗ്രശബ്ദത്തിൽ സ്ഫോടനം തീർക്കുന്ന മുളംപീരങ്കി അവർക്കായി പരിചയപ്പെടുത്തുകയാണ് കുടിയേറ്റ കർഷകനായ തൊപ്പിപ്പള മാറ്റപ്പള്ളിക്കവല തകടിയിൽ കുഞ്ഞുമോൻ (74). ഇല്ലിപ്പടക്കം, മുളവെടി എന്നൊക്കെ അറിയപ്പെടുന്ന മുളം പീരങ്കിയാണ് പണ്ട് താൻ ആനയെ ഓടിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പറയുന്ന കുഞ്ഞുമോൻ, കാട്ടാനശല്യംകൊണ്ട് പൊറുതി മുട്ടിയവർക്ക് പിന്നിൽ ഈ വിദ്യ വീണ്ടും അവതരിപ്പിക്കുകയാണ്.
ആന ഉൾപ്പെടെ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെണ് കുഞ്ഞുമോൻ തെൻറ പഴയ അറിവ് പുതുതലമുറക്ക് പകർന്നുനൽകാൻ തീരുമാനിച്ചത്. വയസ്സ് 74 ആയെങ്കിലും മുളവെടിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ഇദ്ദേഹത്തിന് യുവാവിെൻറ ഊർജസ്വലതയാണ്. ഉഗ്രശബ്ദത്തോടെയുള്ള ഓരോ വെടിയൊച്ച കഴിയുമ്പോഴും കേട്ടിരിക്കുന്നവരോടായി അൽപം നിരാശയോടെ അദ്ദേഹം പറയും, ശരിക്കുള്ള ശബ്ദം ഇതൊന്നുമല്ല, നല്ല പാകമായ ലക്ഷണമൊത്ത വലുപ്പമുള്ള മുള കിട്ടിയാൽ ബ്രിട്ടീഷുകാരുടെ പണ്ടത്തെ പീരങ്കി മാറിനിൽക്കും. പണ്ടൊരു പള്ളിപ്പെരുന്നാളിന് മുള പീരങ്കിവെടി പ്രദർശനം നടത്താനായത് കുഞ്ഞുമോൻ അഭിമാനത്തോടെ ഓർക്കുന്നു.
ആറുപതിറ്റാണ്ട് മുമ്പ് കാട്ടിൽനിന്ന് കൃഷിയിടത്തിലേക്കും വീടുകളിലേക്കും എത്തുന്ന ആനകളെ വിരട്ടിയോടിക്കാൻ കുഞ്ഞുമോെൻറ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം. വലിയ ശബ്ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് ഒരുപദ്രവവും ഏൽപിക്കുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അരലിറ്റർ മണ്ണെണ്ണയും അൽപം കോട്ടൺ തുണിയും കത്തിച്ചുവെച്ച വിളക്കും ഉണ്ടെങ്കിൽ ഈ ഉപകരണത്തിൽനിന്ന് ഏറെനേരം ഉഗ്രശബ്ദത്തിൽ വെടിയൊച്ച പുറപ്പെടുവിച്ച് കൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.