മുസ്തഫ, ജാബിർ

അക്വാപോണിക്സ്; ഇനി മണ്ണില്ലാതെ കൃഷി ചെയ്യാം

ണ്ണും നനയും വളവുമില്ലാതെ കൃഷിചെയ്യാൻ സാധിക്കുമോ​? ഏതു പച്ചക്കറിയും അധികം അധ്വാനമില്ലാതെ ഇങ്ങനെ കൃഷിചെയ്തെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് മലപ്പുറം കോട്ടക്കൽ സ്വദേശികളായ മുസ്തഫയും ജാബിറും. അക്വാപോണിക്സ് ആണ് ഇവർ സ്വീകരിച്ചിരിക്കുന്ന നൂതന കൃഷിരീതി. ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മത്സ്യങ്ങളും ഇവർ ഈ അക്വാപോണിക്സിലൂടെ വളർത്തിയെടുക്കുന്നു. നൂറുശതമാനവും ജൈവകൃഷിയാണ് അക്വാപോണിക്സ്. മത്സ്യടാങ്കും ​ഗ്രോബഡും ഫിൽറ്ററുമാണ് അക്വാപോണിക്സിന്റെ പ്രധാനഭാഗങ്ങൾ. അക്വാപോണിക്സ് തയാറാക്കുമ്പോൾ നിറക്കുന്ന വെള്ളം മാത്രമേ കൃഷിക്കും മീനുകൾക്കും ആവശ്യമായുള്ളൂവെന്നതാണ് പ്രധാന പ്രത്യേകത. സാധാരണ കൃഷി പോലെ കൂടുതൽ വളവും പരിചരണവും ആവശ്യമില്ല ഈ കൃഷിരീതിക്ക്.


മണ്ണില്ലാ കൃഷിയിലേക്ക്

ആറു വർഷം മുമ്പ് ദുബൈയിലെ ജോലിക്കിടെ മുസ്തഫ, ഇസ്രായേലിലെ മണ്ണില്ലാ കൃഷിരീതികളെക്കുറിച്ചുള്ള വിഡിയോകൾ കാണാനിടയായതാണ് തുടക്കം. വിഡിയോകളിലൂടെ ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. കൃഷിയോടുള്ള താൽപര്യത്തെ തുടർന്ന് നാട്ടിലെത്തിയ ശേഷം മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് അക്വാപോണിക്സ് കൃഷിരീതിയെക്കുറിച്ച് കൂടുതൽ പരിശീലനം നേടി. കൂടാതെ സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) കൊച്ചി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികൾച്ചർ റീസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ഐ.എച്ച്.ആർ), ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഹ്രസ്വകാല പരിശീലനങ്ങളും ലഭിച്ചു. ഇതോടെ സുഹൃത്തുക്കളായ മുസ്തഫയും ജാബിറും പുതിയ കൃഷിരീതിയിലേക്ക് തിരിഞ്ഞു. ഇരുവരും വെൽഡിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളെല്ലാം ചെയ്യുന്നതിനാൽ വീട്ടിലൊരു അക്വാപോണിക്സ് യൂനിറ്റ് സെറ്റ് ചെയ്തു. ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരും ജോലികഴിഞ്ഞുള്ള സമയം കൃഷിയിട​ത്തിലേക്ക് തിരിഞ്ഞു.


ഒരുവർഷത്തിനുള്ളിൽ ഒരു അക്വാപോണിക്സ് യൂനിറ്റ് നല്ലരീതിയിൽ സെറ്റ് ചെയ്യുകയും മീനും പച്ചക്കറികളും വിളവെടുക്കുകയും ചെയ്തു. ഇതോടെ ആവശ്യപ്രകാരം ഇവർ വീടുകളിൽ അക്വാപോണിക്സ് സെറ്റ് ചെയ്ത് നൽകാനും തുടങ്ങി. ഇതുവരെ നൂറോളം അക്വാപോണിക്സ് യൂനിറ്റുകൾ ഇവർ തയാറാക്കി കഴിഞ്ഞു. മത്സ്യങ്ങളുടെ ഖര മാലിന്യം അടങ്ങിയ വെള്ളം ഫിൽട്ടർ ചെയ്യുന്ന സംവിധാനം ഇവർ സ്വയം പരീക്ഷണങ്ങളിലൂടെ വികസി​പ്പിച്ചെടുത്തവയാണ്.


മീനുകളാണ് പ്രധാനം

ഹൈ​ഡ്രോപോണിക്സും അക്വാകൾച്ചറും ചേർന്ന -മീനും പച്ചക്കറിയും ഒരുമിച്ചു വളർത്തുന്നതാണ് അക്വാപോണിക്സ്. ഏതൊരു അക്വാപോണിക് സിസ്റ്റവും ആരംഭിക്കുന്നത് മത്സ്യത്തില്‍നിന്നായിരിക്കും. ശുദ്ധജലമത്സ്യമാകണം വളർത്തേണ്ടത്. അലങ്കാരത്തിനുവേണ്ടിയും ആഹാരത്തിനുവേണ്ടിയും മത്സ്യം വളർത്താം. കൃഷി തുടങ്ങുന്നതിനുമുമ്പ് ഇത് തീരുമാനിക്കണം. ഭക്ഷണത്തിനാണെങ്കിൽ സാധാരണയായി തി​ലാ​പ്പിയ മത്സ്യമാണ് അക്വാപോണിക്സിൽ കൂടുതലായി വളർത്താറ്. രുചികരവും എളുപ്പം വളരുന്നതും, ഓക്സിജന്‍ കുറഞ്ഞ ജലത്തിലും പ്രതികൂല ആവാസവ്യവസ്ഥയിലും വളരുന്നവയാണ് തിലാപ്പിയ. ഇവർ തിലാപ്പിയക്ക് പുറമെ കരിമീൻ, ശുദ്ധജലത്തിൽ വളർത്തുന്ന കൊഞ്ച്, ഹൈബ്രീഡ് വരാൽ, ഗൗരാമി തുടങ്ങിയവയും വളർത്തി വിജയിച്ചിട്ടുണ്ട്.


പരസ്പര സഹവർത്തിത്വം

അക്വാപോണിക്സ് കൃഷിരീതിയിൽ മത്സ്യക്കുളത്തിൽനിന്നുള്ള വെള്ളമാണ് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുക. അതിനായി മത്സ്യക്കുളങ്ങളിൽനിന്നും വെള്ളം ഫിൽറ്ററുകളിലേക്കും അവിടെനിന്ന് ഗ്രോബെഡ്ഡിലേക്കും പമ്പുചെയ്യും. ബയോ ഫിൽറ്ററിൽ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ അടിയും. മത്സ്യങ്ങളുടെ കാഷ്ഠത്തിൽ അടങ്ങിയ അമോണിയ​ വെള്ളത്തിലുമടങ്ങിയിരിക്കും. ഇത് ഫിൽറ്ററിൽവെച്ച് ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ജലത്തിലെ അമോണിയ, നൈ​ട്രേറ്റായി മാറും. ഈ നൈട്രേറ്റ് അടങ്ങിയ വെള്ളം പച്ചക്കറികൾ വളർത്തുന്ന ഗ്രോബെഡ്ഡിലേക്ക് പമ്പുചെയ്യും. ഒരേസമയം പച്ചക്കറികൾക്ക് വെള്ളവും വളവും ഇതുവഴി ലഭിക്കും. മെറ്റലുകൾ നിരത്തിയാണ് ഗ്രോബെഡ്ഡ് തയാറാക്കുക. അതിൽ പച്ചക്കറികൾ നടും. സസ്യങ്ങൾ ജലത്തിൽ അടങ്ങിയ നൈട്രേറ്റ് അടക്കമുള്ളവയെ ആഗിരണം ചെയ്യും. അതിനാൽ ഗ്രോബഡ്ഡിലെ വെള്ളം ശുദ്ധീകരിച്ച് വീണ്ടും മത്സ്യക്കുളങ്ങളിലേക്ക് തന്നെയെത്തും.


എന്തും വിളയും ഇവിടെ

മുറ്റത്തും മട്ടുപ്പാവിലും ബാൽക്കണികളിലും ടെറസിലുമെല്ലാം അക്വാപോണിക്സ് യൂനിറ്റ് സെറ്റ് ചെയ്യാം. മത്സ്യങ്ങള്‍, പഴവർഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ അക്വാപോണിക്സിലൂടെ വളര്‍ത്തിയെടുക്കാം. കാബേജ്, കോളി ഫ്‌ളവർ, തക്കാളി, വെണ്ട, പയർ, കക്കരി, പടവലം തുടങ്ങി എല്ലാ പച്ചക്കറികളും കൃഷിചെയ്യാം. കൂടാതെ മുന്തിരി, പപ്പായ, സ്ട്രോബെറി തുടങ്ങിയ പഴവർഗങ്ങളും കുറ്റിക്കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും മുസ്തഫയും ജാബിറും അഞ്ചുവർഷത്തോളമായി കൃഷിചെയ്തുവരുന്നു. അക്വാപോണിക്സിൽ വെള്ളം പുനരുപയോഗിക്കുന്നതിനാൽ മണ്ണിൽ കൃഷിചെയ്യുന്നതിന്റെ 10 ശതമാനം മാത്രം വെള്ളം മതി.


1000 ലിറ്റർ വെള്ളത്തിന്റെ ഫിഷ് ടാങ്കിൽ സെറ്റ് ചെയ്യുന്ന അക്വാപോണിക്സിൽ 100 മീനുകൾ വളർത്താം. അതിനനുസരിച്ച് പഴം, പച്ചക്കറികൃഷികളും ഒരുക്കാം. രാസവള പ്രയോഗങ്ങൾ ചെടികളിൽ പാടില്ല. അത് മീനുകളുടെ ജീവന് ഭീഷണിയാകും. ആവശ്യാനുസരണം വീടുകളിൽ വീടുകളിൽ അക്വാപോണിക്സ് യൂനിറ്റ് സെറ്റ് ചെയ്ത് നൽകാനും മുസ്തഫയും ജാബിറും റെഡിയാണ്. കൂടാതെ ഇവരുടെ നേതൃത്വത്തിൽ പരിശീലന പരിപാടികളും നൽകിവരുന്നുണ്ട്.

Tags:    
News Summary - Aquaponics; Now we can cultivate without soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.