ബദിയടുക്ക: കവുങ്ങ് കർഷകരെ ദുരിതത്തിലാക്കി വ്യാപകമായ കുലകരിച്ചിൽ രോഗം. കവുങ്ങിൻ പൂക്കുലകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്ന രോഗമാണിത്. കഴിഞ്ഞ വർഷം മഹാളി രോഗമാണ് ഉണ്ടായത്. എങ്കിലും ലോക്ഡൗൺ കാലത്ത് നല്ല വിലകിട്ടിയിരുന്നതിനാൽ ഒരുവിധം പിടിച്ചുനിന്ന കർഷകർ ഇപ്പോൾ കുലകരിച്ചിൽ നേരിടുകയാണ്.
പൊവ്വൽ - മല്ലം, കാനത്തൂർ മൂലടുക്കം, കുമ്പഡാജെ പഞ്ചായത്തിലെ ഏത്തടുക്ക, നടുമനെ, നാരപാടി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായ അടക്കാനാശം സംഭവിച്ചിട്ടുണ്ട്. ‘മരുന്നടിച്ചാൽ പൂക്കുല നശിക്കുന്നത് തടയാമായിരുന്നുവെന്ന് കർഷകരായ സിബ മുളിയാർ, കുംബഡാജെയിലെ നാരായണ നമ്പ്യാർ എന്നിവർ പറഞ്ഞു.
അടക്ക വിളഞ്ഞുനിൽക്കുേമ്പാഴാണ് മഹാളി വരുന്നത്. അപ്പോൾ ഭാഗികമായെങ്കിലും വിളവ് ലഭിക്കുമായിരുന്നു. എന്നാൽ, പൂക്കുലക്ക് വരുന്ന രോഗം പൂർണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. മല്ലം-കാനത്തൂർ മൂലയിൽ നാല് ഏക്കർ സ്ഥലത്തെ 1600 കവുങ്ങുകളിൽ കുലകരിച്ചിൽ ബാധിച്ചിട്ടുണ്ട്.
അടക്കക്ക് വില കുതിക്കുേമ്പാൾ കൃഷിയിടം രോഗമൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നത് കർഷകരെ സങ്കടപ്പെടുത്തുകയാണ്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവർക്ക് വലിയ രീതിയിൽ നഷ്ടമാണ് ഉണ്ടാകുന്നത്. മഹാളി രോഗത്തിൽ നശിച്ച കർഷകർക്ക് സർക്കാറിെൻറ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. അടക്കയുടെ വിലവർധനയിൽ ആശ്വാസം കൊള്ളുേമ്പാഴാണ് പൂക്കുല രോഗം മൂലം നഷ്ടത്തിലേക്ക് കർഷകരുടെ കൂപ്പുകുത്തൽ.
കുലകരിച്ചിൽ തടയാൻ പ്രതിരോധ മരുന്ന് –കെ.എം. ശ്രീകുമാർ
കാസർകോട്: കുലകരിച്ചിലും മണികൊഴിച്ചിലും എന്നാണ് ഇൗ രോഗത്തെ പറയുന്നത്. കുമിൾ ബാധയാണിതിന് കാരണമെന്ന് കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ഡോ.കെ.എം ശ്രീകുമാർ. കോളിറ്റോട്രിക്കം എന്ന ഫംഗസാണ് ഇതിനു കാരണം.
മണ്ണിൽ നിന്നും ഉയർന്ന് വായുവിൽ കലർന്ന് കുലകളിൽ നിന്നും കുലകളിലേക്ക് പടരുകയാണ്. മഞ്ഞുകാലത്താണ് തുടങ്ങുക. പിന്നീട് അത് രൂക്ഷമാകും. നേരത്തേതന്നെ നല്ല വേനൽമഴ കിട്ടിയതുകൊണ്ടാണ് ഇത്തവണ രൂക്ഷമായത്. അടിയന്തര പരിഹാരം കുലകരിച്ചിലുള്ള തോട്ടങ്ങളിലെ പൂങ്കുലകൾ നിപ്പിക്കുകയെന്നതാണ്. വലിയ കവുങ്ങുകളിൽ ഇപ്പോൾ കയറാനാവില്ല. എന്നാൽ, ചെറിയ കവുങ്ങിൽ തോട്ടങ്ങളിൽ ഇത് സാധ്യമാണ്. അല്ലെങ്കിൽ പ്രതിരോധ മരുന്നായ കോൺടാഫ് അടിക്കുക. ഒരുമില്ലി മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ അടിക്കണം.
ഒരാഴ്ച കഴിഞ്ഞ് ബോഡോ മിശ്രിതം തളിക്കണം. മഹാളിയെയും തടയാം. മഴപെയ്താൽ കുറയുന്നതാണിത്.
വേനൽക്കാലത്ത് മഴപെയ്താൽ രൂക്ഷമാകും. മഴക്കാലാരംഭത്തിൽ കുമ്മായമിട്ട് ചെറുതായി കിളക്കണമായിരുന്നു.
ഇപ്പോൾ 250 ഗ്രാം പൊട്ടാഷ് ഇട്ടുകൊടുത്താൽ പൊഴിച്ചിൽ കുറക്കാം. ഫെബ്രുവരി, മാർച്ച് മാസത്തിൽ ബോഡോ മിശ്രിതം തളിച്ചാൽ അടുത്തവർഷം തടയാനാകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായും കാർഷിക സർവകലാശാലയുമായും കർഷകർ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.