കൽപറ്റ: കർണാടകയിൽനിന്ന് കാലിത്തീറ്റയും തീറ്റപ്പുല്ലും കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ടുള്ള ചാമരാജ് ജില്ല കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം.സംസ്ഥാനത്തുതന്നെ ക്ഷീരോൽപാദനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന വയനാട് ജില്ലയിലെ ക്ഷീരകർഷകരെ ദുരിതത്തിൽ ആക്കുന്നതാണ് ചാമരാജ് കലക്ടറുടെ ഉത്തരവെന്നാണ് ആരോപണം.കഴിഞ്ഞ 22നാണ് ഇതുസംബന്ധിച്ചു ഉത്തരവിറങ്ങിയത്. ഇതിനുശേഷം വയനാട്ടിലേക്ക് ചോളത്തണ്ട് കൊണ്ടുവന്ന വാഹനങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ തടഞ്ഞിരുന്നു. ജില്ലയിൽ മഴക്കുറവ് കാരണം പച്ചപ്പുല്ല് കുറയുന്ന സാഹചര്യവും നിലവിലുണ്ട്.
കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റക്ക് കര്‍ണാടകയില്‍നിന്ന് എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇവ ചെക്ക് പോസ്റ്റിൽ തടയുന്നതോടെ ജില്ലയിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാവുമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്. ജില്ലയിലെ നിരവധി കർഷകർ കർണാടകയിൽ പച്ചപ്പുൽ കൃഷിചെയ്ത് വരുന്നുണ്ട്. ഇവയെല്ലാം വയനാട്ടിലാണ് വിൽപന നടത്തിയിരുന്നത്.
മാനന്തവാടി: കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത് നിയന്ത്രിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഒ.ആര്. കേളു എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ലിനായി പ്രധാനമായും ചോളത്തണ്ടിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ചാമരാജ് ജില്ല ഭരണകൂടം ചോളത്തണ്ട് കേരളത്തിലേക്ക് കൊണ്ടു പോകുന്നത് നിരോധിച്ചിരിക്കുകയാണ്.
പ്രതിദിനം രണ്ടരലക്ഷം ലിറ്റര്‍ പാലുൽപാദിപ്പിക്കുകയും ഇരുപതിനായിരം കുടുംബങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗമായും കണ്ടുവരുന്ന വയനാട്ടിലെ ക്ഷീരമേഖല ഈ ഉത്തരവില്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും തീറ്റപുല്‍ ലഭ്യതക്കുറവ് പാലുൽപാദനത്തെ ഗുരുതരമായി ബാധിക്കുമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഒ.ആര്. കേളു മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.ഒ.ആര്. കേളു എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൽപറ്റ: പച്ചപ്പുൽ, ചോളത്തണ്ട്, വൈക്കോൽ തുടങ്ങിയ കാലിത്തീറ്റകൾ ചെക്ക്പോസ്റ്റിൽ തടയുന്ന നടപടി പുനഃപരിശോധിക്കണമെന്ന് ജില്ല ക്ഷീരകർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി കർഷകർ ഇപ്പോൾ കർണാടകയിലാണ് പച്ചപ്പുൽ കൃഷിചെയ്ത് വരുന്നത്. ഇവയിൽ ഭൂരിഭാഗവും വയനാട് ജില്ലയിലെയും കേരളത്തിലെയും ക്ഷീരകർഷകർക്കാണ് വിതരണം നടത്തുന്നത്.
മഴക്കുറവ് കാരണം പച്ചപ്പുല്ല് ജില്ലയിൽ വളരെ കുറയുന്ന സാഹചര്യത്തിൽ ക്ഷീരമേഖല അനുഭവിക്കുന്ന പ്രതിസന്ധി മാറ്റുന്നതിന് ഭരണാധികാരികളും ജനപ്രതിനിധികളും ഇടപെട്ട് ചെക്ക്പോസ്റ്റുകളിലെ തടയൽ അവസാനിപ്പിക്കണമെന്നും മിൽമ നിർത്തലാക്കിയ സബ്.സിഡികൾ പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എം.ഒ. ദേവസ്യ അധ്യക്ഷതവഹിച്ചു. ഷാന്റി ചേനപ്പാടി, ഇ.വി. സജി, പി.എ. ജോസ്, എം.എം. ജോസ് പൊഴുതന, സജീവൻ മടക്കിമല, ബഷീർ കണ്ണമ്പറ്റ, ബിജു വാഴയിൽ, അന്നമ്മ ഫ്രാന്‍സിസ് എന്നിവർ സംസാരിച്ചു.
കൽപറ്റ: കർണാടക സംസ്ഥാനത്തുനിന്ന് കാലിത്തീറ്റയും തീറ്റപ്പുല്ലും കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ടുള്ള ചാമരാജ് ജില്ല കലക്ടറുടെ ഉത്തരവ് പിൻവലിക്കാൻ രാഹുൽ ഗാന്ധി എം.പി ഇടപെടണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിരോധനം വയനാട്ടിലെ ക്ഷീരകർഷകരെ ദുരിതത്തിൽ ആക്കുകയാണ്. കർണാടക ഭരിക്കുന്നത് കോൺഗ്രസാണ്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണ് രാത്രികാല ഗതാഗതം നിരോധിച്ചത്. അതിന്റെ ദുരിതം ഇന്നും വയനാട്ടുകാർ പേറുകയാണ്.
വീണ്ടും വയനാട്ടുകാരെ ഉപദ്രവിക്കുന്ന ഉത്തരവുകൾ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ ഇറങ്ങുകയാണ്. ഇടക്കിടക്ക് വിനോദസഞ്ചാരിയെ പോലെ വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി സ്വന്തം പാർട്ടി ഭരിക്കുന്ന കർണാടകയിൽനിന്നും വയനാടുകാരെ ദുരിതത്തിലാക്കുന്ന ഇത്തരം ഉത്തരവുകൾ പിൻവലിക്കാൻ ഇടപെടണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ. ഒ.ആർ. കേളു, പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, വി.വി. ബേബി, പി.കെ. സുരേഷ്, കെ. റഫീക്ക്, വി. ഉഷാകുമാരി എന്നിവർ സംസാരിച്ചു.
കല്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുന്നതിനുള്ള അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിക്ക് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിവേദനം നല്കി. ജില്ലയില്‍ കാര്‍ഷിക പ്രവൃത്തികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുകളാണ് കൂടുതലുള്ളത്. അതില്‍ ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്.
കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ആവശ്യത്തിന് കര്‍ണാടകയില്‍നിന്ന് എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ചുവരുന്നത്. ഇവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാരായ ക്ഷീരകര്‍ഷകരെയും ക്ഷീരമേഖലയെയും പ്രതികൂലമായി ബാധിച്ചതായും വിഷയത്തിൽ അടിയന്തര ഇടപെടല്‍ നടത്തി ക്ഷീരമേഖലയെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.