കാളികാവ്: പൂങ്ങോട് തൊടികപ്പുലം ‘രാജമാണിക്യ’ത്തിന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി നാട്. പ്രദേശത്തെ കർഷകനായ നീലേങ്ങാടൻ ബഷീറിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് വയസ്സുകാരൻ പോത്താണ് രാജമാണിക്യം. കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് നാട്ടുകാർ പിറന്നാൾ ആഘോഷിച്ചത്.
ചിറ്റയിൽ അമ്പലപ്പടിയിൽ നടന്ന ചടങ്ങിൽ കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴി കേക്ക് മുറിച്ച് പോത്തിന്റെ വായിൽ നൽകി. ഇതോടെ ആളുകൾ ആരവമുയർത്തി. കൊച്ചു കുട്ടികളടക്കം ആഘോഷത്തിനെത്തിയിരുന്നു. അഞ്ചുവർഷം മുമ്പ് പാലക്കാട് വാണിയംകുളം ചന്തയിൽനിന്ന് വാങ്ങിയ രണ്ട് പോത്തുകളിൽ ഒന്നാണ് രാജമാണിക്യം. ലക്ഷം വരെ വില പറഞ്ഞിട്ടും കൊടുക്കാൻ മനസ്സ് വന്നില്ലെന്ന് ബഷീർ പറഞ്ഞു.
മുറ ഇനത്തിൽപ്പെട്ട പോത്തിന് പ്രത്യേകതരം ഭക്ഷണമാണ് നൽകുന്നത്. പോത്തിന് അമിത വണ്ണമാണെന്ന് അഭിപ്രായം വന്നതോടെ ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമ്മുഹബീബ, ഷിജിമോൾ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.