ആലുവ: നൂറുമേനി വിളയിക്കാൻ കുഞ്ഞുകരങ്ങൾക്കുമാകും എന്ന് തെളിയിച്ചിരിക്കുകയാണ് ആലുവ ചാലക്കൽ അമൽ പബ്ലിക് സ്കൂളിലെ കൊച്ചുകർഷകർ. വിഷമയമില്ലാത്ത ആഹാരം നമ്മുടെ അവകാശമാണ്. അത് ഊട്ടിയുറപ്പിക്കാൻ സ്കൂളിലെ കുട്ടിക്കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുകൂട്ടം വിദ്യാർഥികൾ ജൈവകൃഷി നടത്തി നൂറുമേനി വിളയിച്ചു. ജീവിത നൈപുണികൾക്ക് പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസരീതിയാണ് അമൽ പബ്ലിക് സ്കൂൾ എന്നും പിന്തുടരുന്നത്. ജൈവകൃഷിക്ക് പൂർണപിന്തുണ നൽകി സ്കൂളിലെ മാനേജ്മെന്റ് അംഗങ്ങൾ നേതൃനിരയിലുണ്ട്. ജൈവവളവും ജൈവകീടനാശിനികളും മാത്രം ഉപയോഗിച്ച് നടത്തിയ കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്. വിദ്യാഭ്യാസത്തോടൊപ്പം കൃഷിയും സംസ്കാരവും എന്താണെന്ന് മനസ്സിലാക്കാൻ യങ് ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിലുള്ള കൃഷി സഹായിച്ചു.
അസ്ഹർ ഉലൂം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എ. മൂസ ഉദ്ഘാടനം നിർവഹിച്ച കൃഷിയിടത്തിൽ പയർ, വെണ്ട, വഴുതന, ചീര, മുളക്, തക്കാളി, മത്തൻ, വെള്ളരി, തണ്ണിമത്തൻ തുടങ്ങി നിരവധി പച്ചക്കറികൾക്ക് പുറമെ കപ്പയും വാഴയും കൃഷി ചെയ്യാൻ കുട്ടികൾ പഠിച്ചു. പോളിത്തിൻ ബാഗുകളിൽ കുട്ടികൾ കൃഷിചെയ്തെടുത്ത കൂൺ അവർതന്നെ പാചകം ചെയ്ത് കൂട്ടുകാർക്കും അധ്യാപകർക്കും വിളമ്പിയത് വേറിട്ടൊരു അനുഭവമായി. ജൈവകൃഷിയിലൂടെ സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങളും ആഹാരത്തിന്റെ മഹത്വവും കുട്ടികൾ തിരിച്ചറിഞ്ഞു. പ്രിൻസിപ്പൽ ശാലിനി പള്ളിക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലബിന്റെ പ്രവർത്തനങ്ങളിൽ വൈസ് പ്രിൻസിപ്പൽ ഫെബിന സുൽഫിക്കർ, ഹെഡ്മിസ്ട്രസ് സൗദ ബീഗം, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് താഹിർ, പി.ടി.എ അംഗങ്ങൾ, മറ്റ് അധ്യാപക- അനധ്യാപകർ എന്നിവരുടെ സാന്നിധ്യമുണ്ടായി. കോഓഡിനേറ്റർമാരായ പി.എ. സജ്ന, എം.എ. റുബീന എന്നിവരുടെ നിർദേശങ്ങളും ഗാർഡൻ കെയർ ടേക്കർ സഫിയയുടെ ഇടപെടലുകളും പ്രവർത്തനങ്ങൾക്ക് കരുത്തേകി. മണ്ണിന്റെ ഗന്ധമറിഞ്ഞ് അറിവ് പകർന്നുനൽകുന്ന അമൽ പബ്ലിക് സ്കൂളിന് വിജയത്തിന്റെ നെറുകയിൽ ചൂടാൻ ഇക്കൊല്ലത്തെ നൂറുമേനി വിളവ് ഒരു പൊൻതൂവൽ കൂടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.