കോട്ടയം: ആർക്കും വേണ്ടാതെ കിടന്ന കൊക്കോക്ക് വിദേശരാജ്യങ്ങളിൽ പ്രിയമേറിയതോടെ കോളടിച്ചിരിക്കുകയാണ് ജില്ലയിലെ കർഷകർ. കാര്യമായ പരിപാലനമില്ലാതെ മികച്ച വരുമാനം നേടാമെന്നതിനാൽ റബറിന്റെ സ്ഥാനത്ത് വീണ്ടും കൊക്കോ നട്ടുതുടങ്ങി. ജില്ലയിൽ കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലാണ് കൊക്കോ കൃഷി വ്യാപകം. ആർക്കും വേണ്ടാതെ കിടന്ന കൊക്കോക്ക് വിദേശരാജ്യങ്ങളിൽ പ്രിയമേറിയതാണ് വില കുത്തനെ ഉയരാൻ കാരണം. പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക് കൊക്കോവില കൂടിയതോടെ തോട്ടങ്ങൾ സുരക്ഷിതമാക്കുന്നുമുണ്ട് കർഷകർ.
കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാനെയും കുരങ്ങിനെയും പന്നിയെയും ഏഴയലത്ത് അടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത്. മോഷ്ടാക്കൾ കയറുമോയെന്ന പേടി മറുവശത്ത്. കൊക്കോ തോട്ടങ്ങളിൽ കാവൽ ഒരുക്കുന്നതിനെപ്പറ്റിയും മലയോരത്ത് സജീവ ചർച്ചയുണ്ട്. മുമ്പ് വാനില വില കുതിച്ചുകയറിയപ്പോൾ തോട്ടങ്ങൾക്കു വേലിയും കാവലും ഏർപ്പെടുത്തിയിരുന്നു. കായ്ച്ചുതുടങ്ങിയ കൊക്കോയുടെ ചുവട്ടിൽ ഗ്രീൻനെറ്റ് വിരിച്ച് അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം മണിമലയിലുണ്ട്.
രണ്ടുദിവസം മുമ്പ് 850 രൂപയായിരുന്ന ഉണങ്ങിയ കൊക്കോ വില 880 പിന്നിട്ടു. പച്ചകൊക്കോ 250 രൂപക്കാണ് സംഘങ്ങൾ എടുക്കുന്നത്. ആഗോള വിപണിയിൽ കൊക്കോയുടെ സപ്ലൈ കുറഞ്ഞതാണ് വില കൂടാൻ കാരണം. മണിമല കൊക്കോ ഉൽപാദക സഹകരണ സംഘം അമേരിക്കയിലേക്ക് മുമ്പ് നേരിട്ട് കൊക്കോ കയറ്റി അയച്ചിരുന്നു. 40 വർഷത്തിന് ഇടയിലെ എറ്റവും താഴ്ന്ന നിലയിലാണ് കൊക്കോ സപ്ലൈ എന്നും ഇത്തവണ ആഗോള കൊക്കോ ഉൽപാദനം 11 ശതമാനം കുറയുമെന്നുമാണ് ഇന്റർനാഷനൽ കൊക്കോ ഓർഗനൈസേഷന്റെ കണക്കുകൂട്ടൽ. ഇതോടെ വില വീണ്ടും ഉയർന്നേക്കും.
വില കൂടിയതോടെ കൃഷി വ്യാപിപ്പിക്കാനുള്ള തിരക്കിലാണ് കർഷകർ. റബറിന് ഇടവിളയായി കൊക്കോ കൃഷി നടത്തുന്നവരാണ് അധികവും. കൂടാതെ കൊക്കോ തൈകളുടെ ഡിമാൻഡും വർധിച്ചു. കൊക്കോയുടെ വില ആയിരത്തിലെത്തുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.