തെങ്ങുകൃഷിയിലേക്ക് മടങ്ങാം

നാളികേരത്തിന്റെയും നാളികേര ഉൽപന്നങ്ങളുടെയും വില കുതിച്ചുകയറുമ്പോൾ കർഷകർ വീണ്ടും കൽപവൃക്ഷമായ തെങ്ങിൽ തന്നെ പ്രതീക്ഷയർപ്പിക്കുകയാണ്. തെങ്ങ് വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിഞ്ഞവരെല്ലാം തെങ്ങുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന വിധത്തിലാണ് വില കൂടിവരുന്നത്. ഇപ്പോഴും പ്രധാന ഉപജീവന മാർഗമായി തെങ്ങുകൃഷിയെ കാണുന്നവരേറെയാണ്. വിവിധതരം മണ്ണുകളിലും ഏതു കാലാവസ്ഥയിലും തെങ്ങ് വളരും. എന്നാൽ, കേരളത്തിൽ തെങ്ങ് കൃഷി വ്യാപകമാണെങ്കിലും ഉൽപാദനക്ഷമത മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാണ്. പലതരം ഇനങ്ങൾ ഇന്ന് ലഭ്യമാണെങ്കിലും ഉയർന്ന ഉൽപാദനക്ഷമതയുള്ള വിത്താണോ കൃഷി ചെയ്തിരിക്കുന്നതെന്ന് അറിയാൻ കുറഞ്ഞത് 10 വർഷത്തിലധികമെങ്കിലും വേണ്ടിവരും. അതിനാൽ ഉയർന്ന വിളവ് ലഭിക്കാനായി തെങ്ങിന്റെ വിത്തുൽപാദനം മുതൽ ശ്രദ്ധ നൽകേണ്ടിവരും.

തെങ്ങ് ഇനങ്ങൾ

ഉയരം കൂടിയ ഇനങ്ങൾ: 5-7 വർഷം കൊണ്ട് കായ്ക്കുന്നവ. ചന്ദ്രകൽപ, കേരചന്ദ്ര, കൽപപ്രതിഭ, കൽപധേനു, കൽപതരു, കൽപമി​ത്ര, കൽപഹരിത, കൽപശതാബ്ദി, കേരകേരളം

ഉയരം കുറഞ്ഞ ഇനങ്ങൾ: 3-4 വർഷം കൊണ്ട് കായ്ക്കും. ഇളനീർ ആവശ്യത്തിനും സങ്കരയിനങ്ങളുടെ ഉൽപാദനത്തിനും കൃഷിചെയ്യുന്നു. ചാവക്കാട് ഓറഞ്ച് കുറിയ ഇനം, കൽപശ്രീ, കൽപരക്ഷ, കൽപജ്യോതി, കൽപസൂര്യ

സങ്കരയിനങ്ങൾ: ഉൽപാദന ക്ഷമത കൂടിയവ. കേരസങ്കര, ചന്ദ്രസങ്കര, ചന്ദ്രലക്ഷ, കൽപസമൃദ്ധി, കൽപസങ്കര, കൽപശ്രേഷ്ഠ

നടീൽ വസ്തുക്കൾ

വിത്തുതേങ്ങ സംഭരണത്തിലും തെങ്ങിൻ തൈകളുടെ തെരഞ്ഞെടുക്കലിലും അതീവ ശ്രദ്ധ ആവശ്യമായിവരും.

മാതൃവൃക്ഷം തിരഞ്ഞെടുക്കൽ

-ഉൽപാദനത്തിൽ സ്ഥിരതയുള്ള 20 വർഷത്തിനുമേൽ പ്രായമുള്ള പ്രതിവർഷം 80 തേങ്ങയിൽ കുറയാതെ കായ്ക്കുന്ന, ഏറ്റവും കുറഞ്ഞത് 12 കുലകളെങ്കിലുമുള്ള, രോഗങ്ങളില്ലാത്തവ തി​രഞ്ഞെടുക്കണം. ഇത്തരം തെങ്ങുകൾക്ക് കുറുകിയ ബലമുള്ള പൂങ്കുലത്തണ്ടുകളും കുറുകിയ ബലമുള്ള മടലോടു കൂടിയ 30നു മേൽ വിരിഞ്ഞ ഓലകളുമുണ്ടായിരിക്കണം. ഇവയിൽനിന്ന് ലഭിക്കുന്ന പൊതിച്ച നാളികേരത്തിന് 500 ഗ്രാമിൽ കൂടുതൽ ഭാരവും കൊപ്രയുടെ ശരാശരി തൂക്കം 150 ഗ്രാമിൽ കൂടുതലുമാകണം.

വിത്തുതേങ്ങ ശേഖരിക്കൽ -മാതൃവൃക്ഷങ്ങളിൽനിന്ന് ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വിത്തുതേങ്ങ സംഭരിക്കണം. ​ശേഖരിച്ച വിത്തുതേങ്ങകൾ മേയ്-ജൂൺ മാസങ്ങളിൽ തവാരണകളിൽ പാകി തെങ്ങിൻ തൈകളുണ്ടാക്കാം.

തെങ്ങിൻതൈ തിരഞ്ഞെടുക്കൽ

ഒരു വർഷം പ്രായവും നല്ല ഗുണമേന്മയുള്ളതുമായ തൈകൾ നഴ്സറികളിൽനിന്ന് തിരഞ്ഞെടുക്കണം. തൈകളിൽ കുറഞ്ഞത് ആറ് ഓലകളും 10 സെമീ കണ്ണാടിക്കനവും ഉണ്ടാകണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നടാനായി 1.5 മുതൽ 2 വർഷം വരെ പ്രായമുള്ള തൈകൾ തിരഞ്ഞെടുക്കുന്നത് നന്നാകും.

പോളിബാഗ് നഴ്സറി

വിത്തുതേങ്ങ മുളപ്പിച്ചതിനുശേഷം 60x40 സെമീ വലുപ്പമുള്ള പോളിത്തീൻ ബാഗുകളിലേക്ക് പറിച്ചുനട്ട് തൈകൾ തയാറാക്കാം. മേൽമണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ 2:1:1 എന്ന അനുപാതത്തിൽ ചേർത്ത് തയാറാക്കിയ പോട്ടിങ് മിശ്രിതം പോളിത്തീൻ ബാഗുകളിൽ നിറക്കാം. ബാഗുകളുടെ കീഴ്ഭാഗത്ത് 8-10 സുഷിരങ്ങളിടണം.

സ്ഥലം തയാറാക്കലും നടീലും

നിലം നിരപ്പാക്കിയ ശേഷം വേണം കുഴികളെടുക്കാൻ. അടിയിൽ പാറയോടുകൂടിയ വെട്ടുകൽ മണ്ണാണെങ്കിൽ 1.2x1.2x1.2 മീറ്റർ അളവിൽ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കാം. തൈ നടുന്നതിനുമുമ്പ് ചാണകപ്പൊടിയും ചാരവും അയഞ്ഞ മേൽമണ്ണും കലർന്ന മിശ്രിതം കുഴിയിലിട്ട് 60 സെ.മീ വരെ നിറക്കണം. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കിൽ 1x1x1 മീറ്റർ അളവിൽ നീളവും ​വീതിയും ആഴവുമുള്ള കുഴികളെടുക്കണം. ഉയർന്ന ജലവിതാനമുള്ള മണ്ണാണെങ്കിൽ മൺകൂനകളെടുത്ത് തൈകൾ നടണം. മണ്ണിടുന്നതിനുമുമ്പായി തെങ്ങിൻ കുഴിയുടെ ഏറ്റവും അടിഭാഗത്തായി ഒരുനിര ചകിരി മലർത്തി അടുക്കിവെക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. തൈകൾ നടുമ്പോൾ 7.5 മീറ്റർ അകലം വേണം. വെള്ളക്കെട്ടില്ലാത്ത നല്ല നീർവാഴ്ചയുള്ള മണ്ണാണെങ്കിൽ തെക്കുപടിഞ്ഞാറൻ കാലവർഷാരംഭത്തോടെ തൈകൾ നടാം. ജലസേചന സൗകര്യമുണ്ടെങ്കിൽ ഇടവപ്പാതി മഴ തുടങ്ങുന്നതിന് ഒരു മാസം മുമ്പുതന്നെ തൈകൾ നടാം. ഇങ്ങനെ ചെയ്താൽ തുലാവർഷാരംഭത്തിനുമുമ്പുതന്നെ തൈകൾ മണ്ണിൽ പിടിച്ചുകിട്ടും. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബറിൽ തൈകൾ പറിച്ചുനടുന്നതാണ് നല്ലത്.

തൈത്തെങ്ങുകളുടെ പരിചരണം

പറിച്ചുനട്ട തൈകൾക്ക് വേനൽക്കാലത്ത് ആവശ്യമായ തണലും ജലസേചനവും നൽകണം. നാലുദിവസത്തിലൊരിക്കൽ 45 ലിറ്റർ വെള്ളം നൽകുന്നത് മണൽപ്രദേശങ്ങളിൽ നല്ലതാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ആവശ്യമായ നീർവാഴ്ച സൗകര്യം ഏ​ർപ്പെടുത്തണം. തെങ്ങിൻ കുഴികളിലെ കളകൾ നീക്കം ചെയ്യണം. തൈകൾ നട്ട് ആദ്യവർഷം തന്നെ വളപ്രയോഗം നടത്തണം. രാസവളങ്ങളും ജൈവവളങ്ങളും ഉൾപ്പെടുത്തി സംയോജിത വളപ്രയോഗ രീതിയാകും നന്നാകുക. തെങ്ങിൻ തോട്ടങ്ങളിലെ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തുന്നത് മികച്ച വളർച്ചക്കും വിളവിനും സഹായിക്കും.

ആവശ്യത്തിന് ജൈവവളം കിട്ടാനില്ലാത്ത സാഹചര്യത്തിൽ പച്ചില വളച്ചെടികൾ തെങ്ങിൻ തടത്തിൽതന്നെ വളർത്തി ജൈവവളം നൽകുന്ന രീതി പ്രയോഗിക്കാം. തെങ്ങിൻ തോട്ടത്തിൽത്തന്നെ മറ്റു വിളകൾ കൃഷി ചെയ്യുന്നുണ്ടെങ്കിൽ പച്ചിലവളങ്ങൾ ഇടവിളയായി വളർത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പ്യൂറേറിയ, കലപ്പഗോണിയം, മൈമോസ, പയർ തുടങ്ങിയ പച്ചിലവളച്ചെടികൾ തെങ്ങിൻ തടത്തിൽ വളർത്താം.

വിവരങ്ങൾ: നാളികേര വികസന ബോർഡ്

Tags:    
News Summary - coconut farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.