തിരൂർ: പണം ലഭിക്കാൻ വൈകുന്നതിനാൽ പച്ചത്തേങ്ങ സംഭരണത്തിൽ നിന്ന് കർഷകരും ഏജൻസികളും പിന്മാറുന്നു. കിലോക്ക് 34 രൂപക്ക് സംഭരിക്കുമെന്ന് ഒരു വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കർഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, നാളികേരം നൽകിയ കർഷകർക്ക് മൂന്നുമാസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. സംഭരണം ഏറ്റെടുത്ത സർക്കാർ, സർക്കാർ ഇതര ഏജൻസികൾക്ക് കൈകാര്യതുക അഥവാ ഹാൻഡ് ലിങ് ചാർജ് ലഭിച്ചിട്ട് ഒരു വർഷമായി.
ഏജൻസികൾക്ക് മുറി വാടക, താൽക്കാലിക ജീവനക്കാരുടെ വേതനം, കയറ്റ്കൂലി എന്നിവയിൽ ഓരോ മാസവും 40,000 രൂപ മുതൽ 45,000 രൂപ വരെ ചെലവ് വരുന്നുണ്ട്. ഈ സംഖ്യ തൽക്കാലികമായി കമ്മിറ്റി ഭാരവാഹികളുടെ കൈയിൽ നിന്നും മറ്റുമെടുത്താണ് ചെലവഴിക്കുന്നത്. ഓണത്തിന് മുമ്പ് കുടിശ്ശിക എല്ലാം കൊടുത്തു തീർക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഒന്നും നടന്നില്ല. ജൂൺ 15ന് ശേഷമുള്ള തുക കർഷകർക്ക് ലഭിച്ചിട്ടില്ല.
ഒരു വർഷം കഴിഞ്ഞാൽ കൃഷിക്കാർ അവരുടെ അപേക്ഷ പുതുക്കണം. എന്നാൽ, അപേക്ഷ പുതുക്കാൻ പറയുമ്പോൾ പലരും പണം കൃത്യമായി ലഭിക്കാത്തതിനാൽ ഇതിൽ നിന്ന് പിൻവാങ്ങുകയാണെന്നാണ് മറുപടി നൽകുന്നത്.
തെങ്ങിന് വളപ്രയോഗം നടത്തുന്ന ഈ സമയത്ത് പോലും മൂന്ന്, നാല് മാസം കാത്തിരുന്നാൽ മാത്രമേ സർക്കാറിന്റെ തുക ലഭിക്കൂ. അതിലും ഭേദം പുറത്ത് 24 രൂപക്ക് കൊടുക്കുകയാണെന്ന് പറഞ്ഞാണ് പല അപേക്ഷകരും ഇതിൽ നിന്ന് പിന്തിരിയുന്നത്.
കൈകാര്യത്തുക ലഭിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിൽ സംഭരണം നിർത്തേണ്ടി വരുമെന്നാണ് നാളികേര ഫെഡറേഷനടക്കമുള്ള ഏജൻസികളുടെ ഭാരവാഹികൾ പറയുന്നത്. ഇതിനകം തന്നെ വെട്ടം തുടങ്ങിയ കൃഷിഭവനുകളിൽ സംഭരണം നിർത്തി. അവിടെയുള്ള കർഷകർ തൊട്ടടുത്ത സംഭരണ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ പലയിടങ്ങളിലും 2024 ജനുവരിക്ക് ശേഷമാണ് ബുക്കിങ് നൽകുന്നത്.
ആഴ്ചയിൽ പത്ത് ടണ്ണിൽ കൂടുതൽ ഒരു കാരണവശാലുമെടുക്കരുത് എന്നാണ് നിർദേശം. അതിനാൽ കർഷകർക്ക് മൂന്നും നാലും മാസം കഴിഞ്ഞാണ് നാളികേരം കൊടുക്കാൻ പോലും സാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.