ശ്രീകണ്ഠപുരം: കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) മേൽനോട്ടത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് ചെമ്പേരി നവജ്യോതി ഇൻഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വികസിപ്പിച്ചെടുത്ത അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിൽപനക്ക് തയാറായി.
സി.പി.സി.ആർ.ഐ കാസർകോടുനിന്ന് ലഭിക്കുന്ന അതേ ഗുണനിലവാരത്തിലുള്ള തെങ്ങിൻ തൈകളാണ് പ്രാദേശികമായി ഉൽപാദിപ്പിച്ച് മിതമായ നിരക്കിൽ വിപണനം ചെയ്യുന്നത്. ടിxഡി, ഡിxടി, കൽപശ്രീ, കൽപ ജ്യോതി, കേരസങ്കര, ചാവക്കാടൻ ഓറഞ്ച്, മഞ്ഞ, പച്ച, കുറ്റ്യാടി (ഡബ്ല്യു.സി.ടി) തുടങ്ങി വിവിധയിനം തെങ്ങിൻ തൈകൾ ഇവിടെ ലഭ്യമാണ്.
കാസർകോട് സി.പി.സി.ആർ.ഐയിൽ നിന്ന് പോളിനേഷനിൽ വിദഗ്ധ പരിശീലനം നേടിയവരാണ് നഴ്സറി നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ഈ വർഷം 2000 തെങ്ങിൻ തൈകളാണ് വികസിപ്പിച്ചെടുത്തത്. 350 രൂപയാണ് ഹൈബ്രിഡ് തെങ്ങിൻതൈയുടെ വില. 2018ലാണ് ചെമ്പേരിയിൽ നവജ്യോതി ഇൻഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രൂപവത്കരിച്ചത്.
കേരളത്തിന് ആവശ്യമായ തെങ്ങിൻതൈകൾ ഉൽപാദിപ്പിക്കാൻ സി.പി.സി.ആർ.ഐ സംസ്ഥാനത്ത് തുടങ്ങിയ 32 വികേന്ദ്രീകൃത നഴ്സറികളിലൊന്നാണിത്. വള്ളിയാട് കവലയിൽ കുളത്തറ തോമസിെൻറ പറമ്പിലാണ് ചെമ്പേരിയിലെ നഴ്സറി. 130 അംഗങ്ങളുള്ള സൊസൈറ്റിയിൽ തോമസിന്റെ നേതൃത്വത്തിൽ കണ്ടത്തിൽ പീറ്റർ, മാത്യു കലയത്തുകുഴി, എം.ഡി. തോമസ്, കെ.ടി. തോമസ് കൊട്ടാരത്തിൽ, സ്കറിയ കണിയാപറമ്പിൽ, ജോസ് മടപ്പാംതോട് എന്നിവരടങ്ങുന്ന സമിതിയാണ് നേതൃത്വം നൽകുന്നത്.
സമീപത്തെ കർഷകരുടെ തോട്ടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവയിലെ തെങ്ങുകളിൽ പരാഗണം നടത്തിയാണ് ഇവർ വിത്തുതേങ്ങ എടുക്കുന്നത്.
കർഷകർക്കും ഇത് ഏറെ മെച്ചമാണ്. തേങ്ങയൊന്നിന് 25 രൂപയോളം കിട്ടും. പരാഗണം നടത്തേണ്ടതും തേങ്ങ പാകേണ്ടതും അടക്കം എല്ലാ വിദഗ്ധോപദേശവും നൽകുന്നത് സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞരാണ്. ആദ്യ വർഷത്തെ ചെലവും അവർ നൽകും. മുതിർന്ന ശാസ്ത്രജ്ഞരായ ഡോ. സി. തമ്പാൻ, ഡോ. ഷംസുദ്ദീൻ തുടങ്ങിയവർ പല തവണ ഇവിടം സന്ദർശിച്ചിരുന്നു. ഇതുവരെ 3000ത്തിലധികം തൈകൾ നവജ്യോതി ഇൻഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വിൽപന നടത്തിയിട്ടുണ്ട്.
ഈ വർഷത്തെ തൈകളുടെ വിതരണോദ്ഘാടനം ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ കർഷകൻ സ്കറിയ കണിയാംപറമ്പിലിന് നൽകി നിർവഹിച്ചു. ഫോൺ: 9495696067, 9495418960.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.