മല്ലപ്പള്ളി: പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയംവരിച്ച് കർഷകൻ. കോട്ടാങ്ങൽ പേരകത്ത് വീട്ടിൽ പി.എം. ഗിരീഷാണ് ഈ കർഷകൻ.പരീക്ഷണാടിസ്ഥാനത്തിൽ പാറക്കെട്ടുനിറഞ്ഞ സ്വന്തം കൃഷിയിടത്തിന്റെ ഒരുഭാഗത്ത് തുടക്കമിട്ട നൂറ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയാണ് ഇപ്പോൾ അരയേക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നത്. പരമ്പരാഗത കർഷകനായ ഇദ്ദേഹത്തിന്റെ തൊടിയിൽ ഈ ഫലത്തിന്റെ പത്തിനങ്ങളാണുള്ളത്.
റോയൽ റോസ്, അമേരിക്കൻ കോൺഡോർ, ബ്യൂട്ടി ഗോസില്ല, വിയറ്റ്നാം നോറിച്ച, കോസി റോസി ഇങ്ങനെ നീളുന്നു പട്ടിക. കൃത്യമായ പരിപാലിച്ചാൽ ആറുമുതൽ 10മാസം കൊണ്ട് വിളവെടുക്കാമെന്നാണ് ഈ കർഷകൻ പറയുന്നത്. ചെടി പുഷ്പിച്ചാൽ 30 മുതൽ 45 ദിവസത്തിനകം കായ് വിളവെത്തും.
പാറനിറഞ്ഞ സ്ഥലത്ത് പുരയിടത്തിലെ മറ്റിടങ്ങളിൽനിന്ന് മണ്ണെത്തിച്ച് ചെറു തട്ടുകളായി തിരിച്ച് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് അതിനുചുറ്റും നാലു മൂടുകൾ വീതം നട്ട്, വള്ളികൾ മുളിലേക്ക് കയറ്റി ഇരുമ്പ് കമ്പിയിലൂടെ താഴേക്ക് പടർത്തിയാണ് വിളപരിപാലനം. ജൈവകൃഷിരീതിയിൽ ബയോഗ്യാസിന്റെ ഉപോൽപന്നമായ സ്ലറിയും ഒപ്പം ചാണകപ്പൊടിയുമാണ് വളപ്രയോഗം. 1000 കിലോയിലധികം ഇപ്പോൾ വിപണനം നടത്തി. ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ പടുതാക്കുളം സജ്ജമാക്കിയാണ് ജലവിതാനം ഒരുക്കുന്നത്.
വിദേശയിനം ഫലവർഗങ്ങളിൽ ഇതുമാത്രമല്ല ഇവിടെയുള്ളത്. അവക്കാഡോ അടക്കമുള്ളവയും ഉണ്ട്. പച്ചക്കറി കൃഷിയും മരച്ചീനിയും ചേമ്പും ചേനയുമടക്കമുള്ളവ കാട്ടുപന്നിയുടെ ആക്രമണം മൂലം ഇല്ലാതായതോടെയാണ് ഈ രംഗത്തേക്ക് ഗിരീഷ് പൂർണമായി മാറിയത്.മുന്തിയ ഇനം പ്ലാവുകളും മാവുകളും മറ്റു ചെടികളിലും ഗ്രാഫ്റ്റിങ്ങും ബഡിങ്ങും നടത്തി കൂടുതൽ ഉൽപാദനക്ഷമതയും ആയുർ ദൈർഘ്യവും വർധിപ്പിക്കുന്ന പ്രവൃത്തികളിലും അഗ്രഗണ്യനാണ് കൃഷിയെ മാത്രം സ്നേഹിക്കുന്ന ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.