ഈന്തപ്പന കൃഷിപാഠം

മരുഭൂമിയിൽ പൂത്ത്, കായ്ക്കുന്ന ഈന്തപ്പനകൾ ഹൃദ്യമായ കാഴ്ചയാണ് നൽകാറ്. ലോകത്തിൽതന്നെ ഏറ്റവും പഴക്കമുള്ള ഫലവർഗവും ഏറ്റവും മധുരമുള്ള ഫലങ്ങളിലൊന്നുമായാണ് ഈത്തപ്പഴം കരുതപ്പെടുന്നത്. ഇതിന്റെ കൃഷിക്കായി പണിയെടുക്കുന്നവരുടെ ത്യാഗം വിവരണാതീതമാണ്. നമ്മുടെ തൊട്ടടുത്ത് തമിഴ്‌നാട്ടില്‍നിന്ന് മലയാളിക്കൈകളുടെ അധ്വാനത്തില്‍ വിരിഞ്ഞ മധുവൂറുന്നൊരു കഥയുണ്ട്. ദക്ഷിണേന്ത്യയില്‍ അധികമാരും പരീക്ഷിക്കാത്ത ഈത്തപ്പഴ കൃഷി പെരുമയുടെ കഥ. സൗദി പ്രവാസത്തിനിടയിൽ ഒന്നര പതിറ്റാണ്ട് ഈന്തപ്പനത്തോട്ടത്തിൽ ജോലിചെയ്ത അനുഭവസമ്പത്തുള്ള മലയാളി യുവാവ് തമിഴ് മണ്ണിൽ ഈന്തപ്പന കൃഷിയിൽ വിജയഗാഥ തീർക്കുകയാണ്.മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ പലപ്ര സുനിൽ ദത്ത് 2019ലാണ് സൗദിയിലെ ബദ്‌റിലെ ഈത്തപ്പഴ കൃഷി ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയത്.

‘ഈത്തപ്പഴ കൃഷിയിൽ അഭിമാനപൂർവം ഈ മലയാളി’ എന്ന തലക്കെട്ടിൽ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത പിന്നീട് വഴിത്തിരിവായി. ഇത് വായിക്കാനിടയായ ഖത്തറിലെ പ്രവാസി മലപ്പുറം വണ്ടൂർ സ്വദേശി മേക്കുന്നത്ത് മുഹമ്മദ് ഫൈസൽ, സുനിൽ ദത്തിനെ തമിഴ്നാട്ടിലെ തന്റെ കൃഷിയിടത്തിലേക്ക് ക്ഷണിച്ചു. തമിഴ്നാട്ടിലെ ചാവടി എന്ന ഗ്രാമത്തിലെ എട്ടേക്കർ തോട്ടത്തിൽ ഈന്തപ്പന കൃഷി നടത്താൻ സുനിൽ ദത്തിനെ ചുമതലപ്പെടുത്തി. പ്രവാസം മതിയാക്കാൻ ആലോചിക്കുന്ന സമയമായതിനാൽ സുനിൽ ദത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.


മുഹമ്മദ് ഫൈസൽ, സുനിൽ ദത്തും

400ലധികം ഈന്തപ്പന തൈകളാണ് തോട്ടത്തിൽ നട്ടുപിടിപ്പിച്ചത്. കൃഷിയും പരിപാലനവും എല്ലാം സുനിൽതന്നെയാണ് ചെയ്യുന്നത്. പ്രവാസത്തിൽനിന്ന് ആർജിച്ചെടുത്ത പരിചയവും അനുഭവങ്ങളും കൃഷിത്തോട്ടത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്നും നല്ല വിളവ് ലഭിക്കുംവിധം തോട്ടത്തെ പരിപാലിച്ച് വളർത്തിയെടുക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും സുനിൽ ദത്ത് പറയുന്നു.

അറബ് നാട്ടിലെപ്പോലെ നാട്ടിലും ഈന്തപ്പന കൃഷി നടത്തി നൂറുമേനി കൊയ്യാൻ കഴിയുമോ എന്ന ചിന്തയാണ് ഇത്തരമൊരു പരീക്ഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും അത് വിജയം കാണുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് ഫൈസൽ വണ്ടൂർ പറയുന്നു. ജൂലൈയിലാണ് ഈന്തപ്പനത്തോട്ടത്തിൽ വിളവെടുപ്പ് കാലം. മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ ഉൽപാദനം ഇത്തവണ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ‘‘ഈത്തപ്പഴ കൃഷി ഇന്ത്യയിലും ലാഭകരവും സുസ്ഥിരവുമായ കാർഷിക സംരംഭമാണ്. പ്രത്യേകതരം മണ്ണിലേ ഈന്തപ്പന വളര്‍ത്താവൂ എന്ന് പറയാനാകില്ല. പക്ഷേ, ഉയര്‍ന്ന ഉൽപാദനമുണ്ടാകാന്‍ മണലിന്റെ അംശം നല്ലതാണ്. നന്നായി ഈര്‍പ്പം ആഗിരണം ചെയ്യാനുള്ള കഴിവും മണ്ണിനുണ്ടാകണം. ഉയര്‍ന്ന ക്ഷാരഗുണമുള്ളതും ഉപ്പുരസമുള്ളതുമായ മണ്ണില്‍ നന്നായി വളരും. വെള്ളവും പരിചരണവും വളരെ കുറച്ചുമാത്രം മതിയെന്ന പ്രത്യേകതയുമുണ്ട്. ഈന്തപ്പനകൾ വളരുന്നതിനും ഫലം കായ്ക്കുന്നതിനും അനുയോജ്യമായ കാലാവസ്ഥ സാഹചര്യങ്ങളും നല്ല കൃഷിഭൂമിയും നമ്മുടെ രാജ്യത്തുണ്ട്.

വരണ്ടതും വളരെക്കുറച്ച് മഴ കിട്ടുന്നതുമായ പ്രദേശങ്ങളിൽ തഴച്ചുവളരാൻ കഴിയുന്ന ബലമുള്ളതും വരൾച്ചയെ പ്രതിരോധിക്കുന്നതുമായ വൃക്ഷമാണ് ഈന്തപ്പന. ശരിയായ സ്ഥലം ഒരുക്കൽ, തൈകൾ നട്ടുപിടിപ്പിക്കൽ, നനയും വളപ്രയോഗവും, വെട്ടിയൊതുക്കി നിർത്തൽ, ചെടികളുടെ സംരക്ഷണം, കൃത്രിമ പരാഗണം നടത്തൽ, ഫലം വിളവെടുപ്പ്, അവ സംഭരിക്കൽ എന്നിവയുൾപ്പെടെ വേണ്ട രീതിയിൽ ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഈന്തപ്പനകൃഷിയിൽ നൂറുമേനി കൊയ്യാം’’ സുനിൽ ദത്ത് പറയുന്നു. മറ്റു പല വൃക്ഷങ്ങള്‍ക്കും പരാഗണം ഷഡ്പദങ്ങളും കിളികളും കാറ്റും ഉള്‍പ്പെടെയുള്ളവയിലൂടെ നടക്കുമ്പോള്‍ ഈന്തപ്പന പൂത്ത് നല്ല ഫലം ലഭ്യമാകണമെങ്കിൽ പൂങ്കുല വിരിഞ്ഞാല്‍ കൃത്രിമ പരാഗണം നടത്തണം.

മുഹമ്മദ് ഫൈസലിന്റെ തോട്ടത്തിൽ മാങ്കോസ്റ്റിൻ, ചെറുനാരങ്ങ, ജാതിക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിൽ തൽപരരായ പ്രവാസികൾക്കുകൂടിയുള്ള പ്രചോദനമാണ് മുഹമ്മദ് ഫൈസൽ വണ്ടൂരും അദ്ദേഹത്തിന്റെ കൃഷിക്കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സുനിൽ ദത്തും. തമിഴ് മണ്ണിലെ ഈന്തപ്പന കൃഷിത്തോട്ടത്തിലെ മനംമയക്കുന്ന കാഴ്ചകളാണ് ഇവർ നമുക്ക് നൽകുന്നത്.

l

Tags:    
News Summary - date palm farming in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.