പുൽപള്ളി: വരൾച്ചയെ പ്രതിരോധിക്കാൻ കർണാടക മാതൃകയിൽ ജലസംരക്ഷണ പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നു. ഏറെ വിസ്തൃതിയിൽ നീർത്തടങ്ങൾ നിർമിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ് കർണാടക. ജനവാസ കേന്ദ്രങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടിൽനിന്ന് കിലോമീറ്ററുകൾ അകലെ അന്തർ സന്തക്കടുത്ത് താരക ഡാം ഇത്തരത്തിൽ നിർമിച്ചിരിക്കുന്ന പദ്ധതിയാണ്. ഇവിടെ സംഭരിച്ചിരിക്കുന്ന വെള്ളം നൂറുകണക്കിന് ഹെക്ടർ സ്ഥലത്തേക്ക് ജലസേചന – കുടിവെള്ള ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കർണാടകയിൽ ‘സുജല’ എന്ന പേരിൽ ആസൂത്രണം ചെയ്ത നീർത്തട വികസന പദ്ധതിയിൽനിന്ന് അര ദശലക്ഷം ഹെക്ടർ സ്ഥലത്ത് വെള്ളമെത്തിക്കുന്നുണ്ട്. ഏഴു ജില്ലകളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കി. മഴക്കുറവുള്ള പ്രദേശങ്ങളാണ് ഇവയെല്ലാം.
വയനാട്ടിൽ മഴ കുറയുന്ന സാഹചര്യത്തിൽ നിലവിലുള്ള ഡാമുകളിൽനിന്ന് വെള്ളം ഇത്തരത്തിൽ ലിഫ്റ്റ് ചെയ്ത് വിവിധ പഞ്ചായത്തുകളിലെത്തിക്കാം. ഇത്തരത്തിൽ സംഭരിക്കുന്ന വെള്ളം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനും സാധിക്കും. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. മഴക്കുറവ് രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ വീണ്ടും ചർച്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.