പെരുമ്പാവൂര്‍: ബാംബു കോര്‍പ്പറേഷനില്‍ നിന്നും ഈറ്റ ലഭിക്കാത്തതുകൊണ്ട് ജില്ല പഞ്ചായത്ത് നടപ്പാക്കിയ 'സാധുസുന്ദര പദ്ധതി' പ്രതിസന്ധിയിലായി. ഈറ്റ ഉപയോഗിച്ച് കുട്ട, വട്ടി, മുറം തുടങ്ങിയവ നിര്‍മിച്ച് ഉപജീവനം നടത്തി വരുന്ന പരമ്പരാഗത ഈറ്റത്തൊഴിലാളികളായ പട്ടികജാതിക്കാരെ സഹായിക്കുന്നതിന് ജില്ല പഞ്ചായത്ത് 2018-19ല്‍ ആരംഭിച്ചതാണ് പദ്ധതി. പട്ടിക ജാതിക്കാരും പരമ്പരാഗത ഈറ്റ തൊഴിലാളികളുമായ മൂന്ന് അംഗങ്ങളില്‍ കുറയാത്ത അംഗങ്ങളുള്ള 36 സംഘങ്ങളിലെ അംഗങ്ങള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കോവിഡ് വ്യാപനമുണ്ടായത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു. എന്നാല്‍, സമ്പൂര്‍ണ അടച്ചിടല്‍ പിന്‍വലിച്ചപ്പോള്‍ ബാംബൂ കോര്‍പറേഷനില്‍നിന്നും ആവശ്യമായ ഈറ്റ നല്‍കാത്തതും വിലവര്‍ധനവും വീണ്ടും പ്രതിസന്ധിയിലാക്കി. ബാബുകോര്പറേഷന്റെ പെരുമ്പാവൂരിലെ വല്ലത്ത് പ്രവര്‍ത്തിച്ചു വരുന്ന ഈറ്റ വിതരണ ഡിപ്പോ പ്രവര്‍ത്തനക്ഷമമായത് ഈ രംഗത്തുള്ളവരെ ബാധിച്ചു. പിറവം, കിഴക്കമ്പലം, കരിമുഗള്‍, വൈക്കം, വെങ്ങോല, പുത്തന്‍കുരിശ്, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലുള്ള ഈറ്റ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകുന്നതായിരുന്നു വല്ലം ഡിപ്പോ. വല്ലം ഡിപ്പോ നിര്‍ത്തലാക്കിയതിനാല്‍ അങ്കമാലി ഡിപ്പോയില്‍നിന്ന് ഈറ്റ വാങ്ങേണ്ട അവസ്ഥയായി. അങ്കമാലിയില്‍നിന്നും വെങ്ങോല വരെ ഈറ്റ എത്തിക്കാന്‍ വാഹന കൂലി മാത്രം ആയിരം രൂപയോളമാകും. അങ്കമാലിയില്‍ നിന്നും ഒരാള്‍ക്ക് ഒരു മാസം ഒരു കെട്ടില്‍ 15 ഈറ്റകള്‍ ഉള്‍കൊള്ളുന്ന രണ്ട് കെട്ട് മാത്രമാണ് നല്‍കുന്നത്. ഇതുകൊണ്ട് പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. പരമ്പരാഗത ഈറ്റത്തൊഴിലാളികള്‍ക്ക് ആവശ്യമായ ഈറ്റ ലഭ്യമാക്കണമെന്നും പെരുമ്പാവൂരിലെ ഈറ്റ വിതരണ ഡിപ്പോ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. അംബേദ്കര്‍ സാംസ്കാരിക വേദി പ്രസിഡന്റ് ശിവന് കദളി വ്യവസായ വകുപ്പു മന്ത്രിക്കും ബാംബൂ കോര്പറേഷന് അധികാരികള്‍ക്കും നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.