അടൂർ: ഏനാദിമംഗലത്ത് തേൻ ഗ്രാമം പദ്ധതി വിജയത്തിൽ. ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമവും തേൻ കൊയ്ത്തുത്സവവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
പുതിയ പദ്ധതിയിൽ നിലവിലുള്ളതും പുതിയതുമായി 100 ഗുണഭോക്താക്കൾക്ക് രണ്ട് കോളനി വീതവും അനുബന്ധ ഉപകരണങ്ങളും സബ്സിഡി നിരക്കിൽ നൽകുമെന്നും തേൻ സംഭരിക്കുന്നതിന് സൊസൈറ്റി രൂപവത്കരിക്കുമെന്നും ഇതിന് പഞ്ചായത്ത് മുൻകൈ എടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 'ഏനാദിമംഗലം തേൻ' ലേബലിൽ ശുദ്ധമായ തേൻ വിതരണം ചെയ്യുന്നതിന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം വാഴോട്, വാർഡ് മെംബർ ജീന ഷിബു എന്നിവർ സംസാരിച്ചു. പദ്ധതി ഗുണഭോക്താവായ ശാലോംപുരം ഫാ. ഐപ്പ് നൈനാെൻറ കൃഷിയിടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിപ്രകാരം പഞ്ചായത്തിലെ 50 കർഷകർക്ക് രണ്ട് വീതം തേനീച്ച കോളനിയും അനുബന്ധ ഉപകരണങ്ങളും 75 ശതമാനം സബ്സിഡി നിരക്കിൽ നൽകി.
മാവേലിക്കര ഹോർട്ടികോർപ് സംസ്ഥാന തേനീച്ച വളർത്തൽ കേന്ദ്രമാണ് കർഷകർക്ക് പരിശീലനവും തേനീച്ച കോളനിയും വിതരണം ചെയ്തത്. കൃഷി ഓഫിസർ ഗിരീഷ് പി.എസ്, അസ്സിസ്റ്റന്റുമാരായ രമ്യ എൽ.ആർ, ഐഡ സൂസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.