കോട്ടയം: യൂറിയ തേടി നെൽകർഷകരുടെ നെട്ടോട്ടം. കർഷകരെ പ്രതിസന്ധിയിലാക്കി യൂറിയ വളത്തിന് വൻ ക്ഷാമം. ഞാറുനട്ട് പത്തു ദിവസത്തിനുള്ളില്‍ ആദ്യവളം നല്‍കണമെന്ന് കർഷകർ പറയുന്നു. 30 ദിവസമാകുമ്പോൾ നെല്‍ച്ചെടികള്‍ക്ക് രണ്ടാമത്തെ വളമായി യൂറിയയും പൊട്ടാഷും നൽകണം. ഇത് തെറ്റിയാല്‍ ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. വിളവു കാര്യമായി കുറയുകയും ചെയ്യും. എന്നാൽ, യൂറിയ കിട്ടാനില്ലാത്തതിനാൽ വളപ്രയോഗം നടത്താൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. മുൻ വർഷങ്ങളിലും യൂറിയക്ക് ക്ഷാമം അനുഭവപ്പെടുന്നത് പതിവായിരുന്നു. കർഷകർ നിരന്തരം പരാതികളും പ്രതിഷേധങ്ങളും ഉയർത്തിയശേഷമായിരുന്നു വളം ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ പുഞ്ചകൃഷിയുടെ തുടക്കത്തില്‍തന്നെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി യൂറിയ ക്ഷാമം അനുഭവപ്പെടുകയാണ്.
ഏറെ പ്രതിസന്ധികൾ കടന്ന് കൃഷിയിറക്കുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രിയുടെ പുതിയ പാക്കേജില്‍ 242 രൂപക്ക് യൂറിയ ലഭ്യമാക്കുന്നതിനായി അനുമതി നല്‍കിയിരുന്നു. ഇതു കൂടാതെ, സള്‍ഫര്‍ പൂശിയ യൂറിയ (യൂറിയ ഗോള്‍ഡ്) അവതരിപ്പിക്കാനും പുതിയ പാക്കേജില്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ, വളമാത്രം കിട്ടാനില്ലെന്ന് കർഷകർ പറയുന്നു. നിലവില്‍ ആവശ്യമായ വളങ്ങളുടെ പകുതി ലോഡ് പോലും സംസ്ഥാനത്തേക്ക് എത്താത്ത സ്ഥിതിയാണ്. കൃത്യമായ അലോട്ട്മെന്റ് നല്കുന്നതില് കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും ക്ഷാമത്തിന് ഇടയാക്കുന്നതായി ആക്ഷേപമുണ്ട്. രാസവളങ്ങളില്‍ പൊട്ടാഷിനും യൂറിയക്കുമാണു ജില്ലയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ഇതിനിടെ കീടനാശിനികൾക്ക് വില വർധിച്ചതും പ്രതിസന്ധിയായി. നെല്‍കൃഷി കൂടാതെ കൈത, കപ്പ, വാഴ, റബര്‍ എന്നിവക്കും യൂറിയ ഉപയോഗിക്കുന്നുണ്ട്. സർക്കാർ സബ്സിഡിയോടെയാണ് യൂറിയ കർഷകർക്ക് നൽകുന്നത്. നേരത്തേ ഇത് പ്ലൈവുഡ് ഫാക്ടറികളിലേക്ക് കടത്തുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നതോടെ പരിശോധന നടത്തിയെങ്കിലും പിന്നീട് നിലച്ചു.
തുടക്കത്തിൽതന്നെ യൂറിക്ക് ക്ഷാമം അനുഭവപ്പെടുന്നത് ജില്ലയുടെ കാർഷികമേഖലക്ക് വലിയ തിരിച്ചടിയാകുമെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ് പറഞ്ഞു. എത്രയും വേഗം ക്ഷാമം പരിഹരിക്കാൻ നടപടിവേണം. യൂറിയ പൂഴ്തിവെക്കാൻ ശ്രമിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി: കാൽനൂറ്റാണ്ടായി തരിശുകിടന്ന പായിപ്പാട് പഞ്ചായത്തിലെ തെറ്റിച്ചാൽകുടി-ചാത്തങ്കരി പാടശേഖരം നെൽകൃഷിക്കൊരുങ്ങി. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ അഗ്രോ അസോസിയേഷനാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. 35 ഏക്കർ വരുന്ന പാടശേഖരത്തിലെ വിതയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു.
പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സിബിച്ചൻ ഒട്ടത്തിൽ, ഫാ. ജോമോൻ കടപ്രാക്കുന്നിൽ, പാടശേഖര സമിതി സെക്രട്ടറി ബേബിച്ചൻ ഉപ്പിണിയിൽ, പായിപ്പാട് കൃഷി ഓഫിസർ ഗൗതം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.