ചെറുപുഴ: കഴിഞ്ഞ ദിവസങ്ങളില്‍ അപ്രതീക്ഷതമായി പെയ്ത മഴ മലയോരത്തെ കര്‍ഷകര്‍ക്ക് ദുരിതമായി മാറുന്നു. അടക്കയും റബറും കുരുമുളകും ഉണക്കിയെടുത്ത് വിപണിയിലെത്തിക്കാന്‍ തയാറെടുത്തിരുന്ന കര്‍ഷകരെയാണ് വേനല്‍മഴ ചതിച്ചത്. ഉണങ്ങാനിട്ട നാണ്യവിളകള്‍ വാരിയെടുത്ത് സൂക്ഷിക്കാന്‍ സമയം കിട്ടുംമുമ്പേയാണ് മഴയെത്തിയത്. ഇതുമൂലം ഉൽപന്നങ്ങള് മികച്ച വിലക്ക് വിറ്റഴിക്കാന്‍ കഴിയാതെയായി.
മഴക്കാലം കഴിഞ്ഞ് റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് നല്ലനിലയില്‍ നടക്കുന്ന സമയമാണിത്. പഴുത്ത അടക്കയും മൂപ്പെത്തിയ കുരുമുളകും വിളവെടുത്ത് ഉണക്കി സൂക്ഷിക്കുകയോ വിറ്റഴിക്കുകയോ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്ന മിക്ക കര്‍ഷകരും. പച്ചത്തേങ്ങ വെട്ടി കൊപ്രയാക്കാനിട്ടവര്ക്കും മഴ തിരിച്ചടിയായി. പൊടുന്നനെയെത്തിയ മഴ ഇവരെയെല്ലാം സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിട്ടത്. ചെറുതായെങ്കിലും മഴ നനഞ്ഞാല്‍ വിലയിടിയുന്ന ഉല്പന്നങ്ങളാണ് റബറും കുരുമുളകും അടക്കയും തേങ്ങയുമെല്ലാം. ഇനി ഈ സീസണില്‍ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
മലയോരത്ത് കശുമാവുകള്‍ പൂത്തു തുടങ്ങിയ സമയത്തെത്തിയ വേനല്‍മഴ കശുവണ്ടി ഉല്പാദനത്തെ എങ്ങനെ ബാധിക്കുമെന്ന് വരും നാളുകളിലേ അറിയാന്‍ കഴിയൂ. മാവിലും പ്ലാവിലുമെല്ലാം മാങ്ങയും ചക്കയും ഉണ്ടായിത്തുടങ്ങുന്ന സമയം കൂടിയാണിത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഈ വര്‍ഷം ഇവയുടെയെല്ലാം ഉൽപാദനം കുറയാനാണ് സാധ്യതയെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. പച്ചക്കപ്പ പറിച്ച് ഉണക്കക്കപ്പയാക്കാന് തയാറെടുത്തിരുന്നവരും മഴസാധ്യത കണ്ട് കപ്പ പറിക്കുന്നത് വൈകിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.