പാലക്കാട്: കൊയ്തെടുത്ത നെല്ല് മാസങ്ങൾ കഴിഞ്ഞിട്ടും സപ്ലൈകോ സംഭരിക്കാതെ വന്നതോടെ നഷ്ടം സഹിച്ചും കർഷകർ പൊതുവിപണിയിൽ നെല്ല് വിൽക്കുന്നു. കഴിഞ്ഞ രണ്ടാം വിളക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഇനിയും ചില കർഷകർക്ക് ലഭിക്കാനുണ്ട്. ഇതിനിടയിൽ ഈ സീസണിലെ നെല്ലുവില വിതരണം സംബന്ധിച്ചും വ്യക്തതയില്ല.
ഈ സാഹചര്യത്തിലാണ് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത കർഷകർ പോലും ഓപൺ മാർക്കറ്റിൽ നെല്ല് വിൽക്കുന്നത്. സപ്ലൈകോക്കായി നെല്ല് സംഭരിക്കുന്ന 50 ഓളം സ്വകാര്യ മില്ലുകൾ ഈ പ്രാവശ്യം വിവിധ കാരണത്താൽ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഇതോടെയാണ് നെല്ല് സംഭരണം ഇഴയുന്നത്.
പാലക്കാട്: ജില്ലയിലെ നെൽകർഷകരെ സഹായിക്കാൻ സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പാഡികോ. എന്നാൽ പാഡികോക്ക് നെല്ല് സംഭരിക്കാൻ ജില്ലയിലെ പട്ടഞ്ചേരി, പെരുങ്ങോട്ടുകുറുശ്ശി, മാത്തൂർ പഞ്ചായത്തുകളിലെ 11 പാടശേഖരസമിതികൾ മാത്രമാണ് സപ്ലൈകോ നൽകിയത്. ബാക്കിയുള്ളവ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടശേഖരങ്ങളിൽനിന്ന് നെല്ല് സംഭരിക്കാനായിരുന്നു നിർദേശം. എന്നാൽ ഈ നിർദേശം പാഡികോ മടക്കി.
മൂന്ന് പഞ്ചായത്തുകളിൽ നിന്നായി ആകെ 2000 മെട്രിക് ടൺ നെല്ലു മാത്രമെ സംഭരിക്കാൻ കഴിയൂ. നാല് ഏക്കറിൽ പ്രവർത്തിക്കുന്ന പാഡികോയിൽ 10,000 മെട്രിക് ടൺ വരെ സംഭരണശേഷിയുണ്ട്. മുൻ വർഷങ്ങളിൽ മില്ലുകാരുടെ നിസ്സഹകരണം മൂലം നെല്ല് സംഭരണം പ്രതിസന്ധിയിലായപ്പോൾ14, 000 മെട്രിക് ടൺ വരെ സംഭരിച്ചു സുക്ഷിച്ചിരുന്നു. ജില്ലയിലെ നിരവധി പാടശേഖരങ്ങളിലെ കർഷകരുടെ നെല്ല് കെട്ടിക്കിടക്കുന്നത് അവഗണിച്ച് മറ്റ് ജില്ലകളിൽനിന്ന് നെല്ല് സംഭരിക്കാനുള്ള നിർദേശം സപ്ലൈകോയുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.