കൃത്രിമമായി സമ്പുഷ്‌ടീകരിച്ച അരി വിതരണം അവസാനിപ്പിക്കണമെന്ന് കർഷകർ

കൽപറ്റ: കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരിൽ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണം പിൻവലിക്കണമെന്ന് വയനാട്ടിലെ കർഷക - പരിസ്ഥിതി - ആദിവാസി- സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആരോഗ്യവിദഗ്‌ധർ ഇത്തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇവയുടെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ ലഭ്യമെല്ലന്നിരിക്കെ ഈ പദ്ധതി നടപ്പാക്കുന്നത് വയനാടൻ ജനതയോടും കാർഷിക സംസ്കൃതിയോടും വൈവിധ്യമാർന്ന കാർഷിക- ഭക്ഷണ പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ജില്ല പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്.

പൊതുവിതരണ സംവിധാനത്തെ ഭക്ഷണത്തിനായി ആശ്രയിക്കുന്ന ജനതയുടെ മേൽ കൃത്രിമ സമ്പുഷ്‌ടീകരണം നടത്തിയ അരി നിർബന്ധപൂർവം അടിച്ചേൽപിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

തലിസീമിയ രോഗമുള്ളവർക്കും കുറഞ്ഞ അളവിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങൾക്കും ഇരുമ്പ് കൃത്രിമമായി സമ്പുഷ്‌ടീകരിച്ച ഭക്ഷണം നിർദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ മുന്നറിയിപ്പുകൾ അവഗണിച്ച് കൃത്രിമമായി സമ്പുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നത് തികച്ചും അശാസ്ത്രീയമായ നടപടിയാണ്.

ജനങ്ങളെ പരീക്ഷണവസ്തുക്കളും ഗിനിപ്പന്നികളുമാക്കി മാറ്റുന്ന പദ്ധതികൾ എതിർക്കപ്പെടുക തന്നെ വേണമെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ജൈവ കർഷകൻ രാജേഷ് കൃഷ്ണൻ, ദേശീയ ആദിവാസി ഫെഡറേഷൻ നേതാവ് ബാലൻ പൂതാടി, ആദിവാസി ഫെഡറേഷൻ നേതാവ് എം. നാരായണൻ, ഡോ.ടി.ആർ. സുമ, എൻ. ബാദുഷ, കെ.ജി. അഡ്വ. രാമചന്ദ്രൻ, എൻ. ദിലീപ് കുമാർ, പി. ഹരിഹരൻ, തോമസ് അമ്പലവയൽ, മറുകര ഗംഗാധരൻ തുടങ്ങിയവർ വ്യക്തമാക്കി.

Tags:    
News Summary - Farmers want to stop supply of artificially enriched rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.