ചെറുതോണി: കൃഷി നഷ്ടത്തിലാണെന്ന് പറഞ്ഞ് പലരും പിന്തിരിയുന്നത് മലയോരത്ത് കാണാമെങ്കിലും കൃഷിയിടം ചതിക്കില്ലെന്ന ആത്മവിശ്വാസത്തിൽ പ്രതീക്ഷയോടെ പതിവ് തെറ്റാതെ ഏത്തവാഴ കൃഷി ഇറക്കുകയാണ് വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പൻമണിപ്പാറ കളത്തിൽ സന്തോഷ്. ആറു വർഷമായി ഏത്തവാഴകൃഷി ചെയ്യുന്ന സന്തോഷിന് കഴിഞ്ഞ രണ്ടു വർഷവും നഷ്ടത്തിലായിരുന്നു കൃഷി.
കാലാവസ്ഥ വ്യതിയാനമടക്കം വെല്ലുവിളി സൃഷ്ടിച്ചതോടെയാണ് കൃഷി നഷ്ടമായത്. കൃഷി തനിക്ക് പരീക്ഷണമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയതാണെങ്കിലും താമസിച്ചു പോയി. സ്വകാര്യ വ്യക്തിയിൽനിന്ന് പാട്ടത്തിനെടുത്ത ഒന്നരയേക്കറിൽ ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. 1200 വാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്.
വളത്തിന്റെ വില കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനംകൂടി. ജോലിക്കാരുടെ കൂലി ദിവസം 700 രൂപക്കു മുകളിലായി. തൊഴിലാളി ക്ഷാമവും രൂക്ഷമാണെന്ന് ഇദ്ദേഹം പറയുന്നു. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് ഭീഷണിയായി ഏത്തക്കുലകൾ എത്തുന്നുണ്ട്. വിലയിടിച്ച് വിപണി പിടിക്കുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോൾ ഒരു കിലോ ഏത്തക്ക വിപണിയിലെത്തിച്ചാൽ കിട്ടുന്നത് കിലോക്ക് 40 മുതൽ 50 രൂപ വരെയാണ്.
ഏത്തവാഴകൃഷി ചെയ്യാനാണ് താൽപര്യമെന്ന് സന്തോഷ് പറയുന്നു. പല വാഴകൾ കൃഷി ചെയ്തു പരീക്ഷിച്ചെങ്കിലും നേട്ടമുണ്ടായത് ഏത്തവാഴയിലാണ്. ലാഭമായാലും നഷ്ടമായാലും കൃഷി ചെയ്യാതിരുന്നിട്ടില്ല. ഇത്തവണ പ്രകൃതി അനുകൂലമാണെങ്കിൽ നഷ്ടങ്ങളിൽനിന്നു കരകയറാമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.