പുതുനഗരം: വിപണിയിലെ രാസവള ക്ഷാമവും വിലവർധനയും കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. സർക്കാർ നിശ്ചയിച്ച പരമാവധി വിലയേക്കാൾ ഉയർന്ന വിലയാണ് യൂറിയക്ക് ഈടാക്കുന്നത്. കാർഷിക സഹകരണ സംഘങ്ങളും സ്വകാര്യ വളം വ്യാപാരികളും തമ്മിൽ വ്യത്യാസമില്ലാതെയാണ് വില. ആധാർ നമ്പറും വിരലടയാളവും പതിച്ച് സഹകരണ സംഘങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ സബ്സിഡി കഴിച്ച് എം.ആർ.പി (പരമാവധി ചില്ലറ വില) ആയി ചാക്കിൽ രേഖപ്പെടുത്തിയ 266.50 രൂപക്ക് പകരം 300 രൂപയാണ് വ്യാപാരികളും കാർഷിക സഹകരണ സംഘങ്ങളും കർഷകരിൽ നിന്ന് ഈടാക്കുന്നത്.
സഹകരണ സംഘങ്ങളിൽ ആധാർ നമ്പറും വിരലടയാളം രേഖപ്പെടുത്തുന്ന പി.ഒ.എസ് (പോയൻറ് ഓഫ് സെയിൽ) മെഷീൻ മുഖേനയുള്ള 266.50 രൂപയുടെ ബില്ലും കർഷകർ ആവശ്യപ്പെട്ടാൽ ശേഷിക്കുന്ന 33.50 രൂപയുടെ സഹകരണ സംഘം രസീതും നൽകും.
ഇതു പകൽക്കൊള്ളയാണെന്ന് കർഷകർ പറഞ്ഞു. ഇന്ത്യയിൽ പരമാവധി ചില്ലറ വിൽപന വില സമ്പ്രദായം നിലവിൽവന്നതിനുശേഷം ഒരു ഉൽപന്നവും എം.ആർ.പിയിൽ കൂടുതൽ വാങ്ങാൻ ഒരു വ്യാപാരിക്കും അനുമതിയില്ല. എം.ആർ.പിയെക്കാൾ കൂടുതൽ വില ഈടാക്കിയാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അളവുതൂക്ക വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും നടപടിയെടുക്കാറുള്ളതാണ്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറോ മറ്റു വകുപ്പുകളോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പാടശേഖര സമിതിയിലെ കർഷകർ ആരോപിച്ചു. വ്യാപാരികൾക്കും സഹകരണ സംഘത്തിനും വളം കമ്പനികൾ 45 കിലോ തൂക്കമുള്ള വേപ്പെണ്ണ ചേർത്ത യൂറിയ പരമാവധി ചില്ലറ വിലയ്ക്കാണ് നൽകുന്നതെന്നും ആയതിനാലാണ് അധികമായി കൈകാര്യ ചെലവും കയറ്റിറക്ക് കൂലിയും കർഷകരിൽനിന്ന് വാങ്ങുന്നതെന്നും സഹകരണ സംഘം അധികൃതരും വ്യാപാരികളും പറയുന്നു. ഈ വിഷയത്തിൽ രാസവളം വിൽപന ലൈസൻസ് നൽകുന്ന സംസ്ഥാന കൃഷി കർഷകക്ഷേമ വകുപ്പ്, സിവിൽ സപ്ലൈസ്, കേന്ദ്ര കൃഷി മന്ത്രാലയം, പെട്രോകെമിക്കൽ മന്ത്രാലയം എന്നിവ കണ്ണടച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിെൻറ സബ്സിഡി നിരക്കിലുള്ള വിലയാണ് യൂറിയ ചാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നെല്ലിന് താങ്ങുവിലയിൽ 80 പൈസ കുറഞ്ഞതിന് സമരരംഗത്ത് ഇറങ്ങിയ കർഷക സംഘടനകളും സംസ്ഥാന ഉപഭോക്തൃ തർക്ക സ്ഥാപനങ്ങളും ഇക്കാര്യം കണ്ടില്ലെന്നു നടിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കമ്പനികൾ വ്യാപാരികൾക്ക് യൂറിയ മാത്രമായി നൽകുന്നില്ലെന്നും അവർ ഉൽപാദിപ്പിക്കുന്ന മറ്റു കൂട്ടുവളങ്ങളും സൂക്ഷ്മ മൂലക വളങ്ങളും നിർബന്ധമായും വ്യാപാരികളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതായും പരാതിയുണ്ട്. വ്യാപാരികളും ഇത്തരം കൂട്ടുവളങ്ങളോടൊപ്പം മാത്രമേ യൂറിയയും വിൽപന നടത്തുന്നുള്ളൂ. ഇത് നെൽകൃഷിക്ക് ആവശ്യമില്ലാത്ത വളങ്ങൾ വാങ്ങിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു.
സർക്കാറും കൃഷിവകുപ്പും ജനപ്രതിനിധികളും വിലവർധനക്കും നിർബന്ധിത കൂട്ടുവളം വിൽപനക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.