പാലക്കാട്: പറമ്പിക്കുളം -ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരം കേരളം ആവശ്യപ്പെട്ടതിന്റെ പകുതി വെള്ളം മാത്രമേ നൽകൂവെന്ന തമിഴ്നാടിന്റെ നിലപാട് ആശങ്കയിലാക്കുന്നത് ചിറ്റൂർ മേഖലയിലെ 18000 ഹെക്ടർ സ്ഥലത്തെ നെൽകർഷകരെ. ഇനി അവരുടെ പ്രതീക്ഷ തുലാമഴയിൽ മാത്രമാണ്.
കഴിഞ്ഞ ദിവസം ചേർന്ന ജലക്രമീകരണ ബോർഡ് യോഗത്തിലാണ് തമിഴ്നാട് നിലപാട് അറിയിച്ചത്. ജലക്ഷാമത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പദ്ധതി പ്രേദശത്ത് കൃഷിക്കാരോട് വിള നിയന്ത്രണത്തിന് നിർദേശിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ചിറ്റൂരില്‍ ചേര്‍ന്ന വിള നിര്‍ണയ സമിതി യോഗത്തില്‍ നെല്ലിന് പകരം മറ്റ് വിളകളിറക്കുന്ന സാധ്യതകള്‍ കൃഷി- ജലസേചന വകുപ്പുകൾ കർഷകരോട് ആരാഞ്ഞിരുന്നു.
രണ്ടാം വിളക്ക് മൂപ്പുകുറഞ്ഞ നെല്വിത്തുകളോ, അല്ലെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവ ഇറക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കാന്‍ നിർദേശിച്ചത്. എന്നാല്‍ രണ്ടാംവിളയിറക്കാന്‍ സാധ്യമാവത്ത സാഹചര്യത്തില്‍ ഏക്കര്‍ ഒന്നിന് ഒറ്റത്തവണയായി 50,000 രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യവും കര്‍ഷക പ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. 2017ല്‍ സമാനമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നാമമാത്രമായ നഷ്ടപരിഹാരം നല്‍കിയിരുന്നു.
വിഷയത്തിൽ സർക്കാർ വകുപ്പുകളുടെ നിലപാടിൽ വ്യക്തത വരുത്താൻ പദ്ധതി ഉപദേശക സമിതി (പി.എ.സി കമ്മിറ്റി) ചേര്‍ന്ന് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കും. ഇതിനായി അടുത്ത ആഴ്ച തന്നെ പി.എ.സി ചേരുമെന്നാണ് ജലസേചന വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടാം വിളക്ക് വേണ്ടി 4.5 ടി.എം.സി ജലം അത്യന്താപേക്ഷിതമാണെന്നാണ് ജലക്രമീകരണ ബോർഡ് യോഗത്തിൽ കേരളം വ്യക്തമാക്കിയത്. ആവശ്യപ്പെട്ടതിന്റെ പകുതി ജലം മാത്രമേ നല്‍കാനാവു എന്ന തമിഴ്നാട് നിർദേശം കേരളം അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ അനുവദിക്കുന്ന വെള്ളം കൊണ്ട് രണ്ടാം വിളക്ക് 60 ദിവസത്തോളം ജലസേചനം നടത്താന്‍ സാധ്യമല്ല. ചിറ്റൂര്‍ മേഖലയില്‍ 20470 ഹെക്ടര്‍ കൃഷിയിടമാണ് ആളിയാര്‍ പദ്ധതിയെ ആശ്രയിച്ച് കൃഷിയിറക്കുന്നത്.
ഇതില്‍ അഞ്ച് ഹെക്ടറോളം തെങ്ങാണ്. വിഷയത്തിൽ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലിനുള്ള ശ്രമത്തിലാണ് കേരളം. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിലെ ചാലക്കുടി നദീതടത്തില്‍ കേരളാ ഷോളയാര്‍ ഡാമില്‍ 12.30 ടി.എം.സി ജലവും, ഭാരതപുഴ നദീതടത്തിലെ ചിറ്റൂര്‍ മേഖലയിലെ കൃഷിക്കായി മണക്കവ് വിയറില്‍ 7.25 ടി.എംസി ജലവുമാണ് കേരളത്തിന് അര്‍ഹമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.