തൊടുപുഴ: പട്ടികവർഗ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും അതുവഴി അവരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും പുരോഗതി ഉറപ്പുവരുത്താനും ഹരിതരശ്മി എന്ന പേരിൽ പദ്ധതി ഒരുങ്ങുന്നു.
പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന് കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിനാണ് (സി.എം.ഡി) നടത്തിപ്പ് ചുമതല. വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 1500 കുടുംബങ്ങളുടെയും ഇടുക്കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 1000 കുടുംബങ്ങളുടെയും കൈവശമുള്ള ഭൂമിയിലാണ് കാർഷികപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്.
സ്വന്തം ഭൂമി കൈവശമുള്ളപ്പോഴും മറ്റിടങ്ങളിൽ കൂലിപ്പണിക്കും മറ്റും പോയാണ് പട്ടികവർഗ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ പലരും ഉപജീവനം നടത്തുന്നത്. കൃഷി ചെയ്തുണ്ടായ നഷ്ടവും വന്യമൃഗ ശല്യവുമടക്കം പല കാരണങ്ങൾകൊണ്ട് വിനിയോഗിക്കപ്പെടാതെ കിടക്കുന്ന ഇത്തരം ഭൂമിയിൽ അനുയോജ്യകൃഷികൾ േപ്രാത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടനിലക്കാരുടെ ചൂഷണം ഇവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിളകൾ പാകമായി വരുേമ്പാൾതന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിക്കുകയാണ് ചെയ്യുന്നത്. പലരും കിട്ടുന്ന വിലയ്ക്ക് അവർക്ക് വിൽക്കും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ആവശ്യമായ സാങ്കേതിക വിപണന സഹായങ്ങൾ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. വ്യക്തികൾതന്നെയാണ് കൃഷി ചെയ്യുന്നത്. അനുയോജ്യവിളകളും അവർക്ക് തെരഞ്ഞെടുക്കാം. സ്ഥല, വിള പരിപാലനത്തിനാവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാൻ കാർഷിക കൂട്ടായ്മകളെ ചുമതലപ്പെടുത്തും.
കാർഷിേകാൽപന്നങ്ങൾ ഒരു പൊതുബ്രാൻഡ് ആയി വിപണനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കാർഷികവിദഗ്ധർ, സാമൂഹിക ശാസ്ത്ര മാനേജ്മെൻറ് വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പട്ടികവർഗ ജനവിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഊരുകൂട്ടങ്ങൾ ചേർന്നാണ് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്.
ഗുണഭോക്തൃപട്ടിക ബന്ധപ്പെട്ട ൈട്രബൽ എക്സ്റ്റെൻഷൻ ഓഫിസർ പരിശോധിച്ചതിനുശേഷം അന്തിമമായി പ്രസിദ്ധീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് സി.എം.ഡി പ്രോഗ്രാം കോഓഡിനേറ്റർ പി.ജി. അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.