പത്തനംതിട്ട: ജില്ലയിൽ നെല്ല് സംഭരണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂവായിരത്തിലധികം ടണ്ണിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. കൃഷിവകുപ്പിന്റെ അനാസ്ഥയാണ് നെല്ല് സംഭരണം ഇത്രയും കുറയാൻ കാരണമായതെന്ന് കർഷകർ പരാതി പറയുന്നു.
വേനൽ മഴക്ക് മുമ്പ് നെല്ല് കൊയ്യാൻ കൃഷിവകുപ്പ് ഒരു സഹായവും ലഭ്യമാക്കിയില്ല. കർഷകർ കൊയ്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ പാടത്ത് കിടന്ന് കിളിർത്ത് നശിച്ചിരുന്നു. ഇതെല്ലാം സംഭരണ കണക്കിൽ കുറവ് വരുന്നതിന് കാരണമായി. കർഷകരിൽനിന്ന് ഇതേവരെ 8882 ടൺ നെല്ലാണ് സംഭരിച്ചത്. 2232 കർഷകരിൽ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. ഒരാഴ്ച കൂടി സംഭരണം തുടരും. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞവർഷം മെച്ചപ്പെട്ട സംഭരണം ജില്ലയിൽ ഉണ്ടായി. 2702 കർഷകരിൽ നിന്നായി 12,084 ടൺ നെല്ല് കഴിഞ്ഞവർഷം സംഭരിച്ചിരുന്നു.
ഇത്തവണ വേനൽ മഴ നെൽകർഷരെ ചതിച്ചു 2021 മേയിൽ ആരംഭിച്ച മഴക്കാലം അവസാനിച്ചത് നവംബറിലാണ്. കാലം തെറ്റിയ മഴ കർഷകരെ ഏറെ ബുദ്ധിമുട്ടിച്ചു. രണ്ടു മാസത്തിലധികം വൈകിയാണ് ഇത്തവണ കൃഷിയിറക്കിയത്. വിളവെടുപ്പ് സമയം എത്തിയപ്പോഴേക്കും വേനൽമഴ നേരത്തേ എത്തി. മാർച്ചിൽ പോലും മഴ പെയ്തതോടെ കർഷകർക്ക് നഷ്ടം ഇരട്ടിച്ചു.
2019 ലാണ് ജില്ലയിൽ റെക്കോഡ് നെല്ല് സംഭരണം നടന്നത്. 13,156 ടൺ നെല്ല് ആ വർഷം സംഭരിച്ചു. പിന്നീട് ഇതേവരെ ഇത്രയും നെല്ല് സംഭരിക്കാനായിട്ടില്ല. പ്രളയത്തിൽ പാടശേഖരങ്ങളിൽ അടിഞ്ഞുകൂടിയ എക്കൽ കൃഷിക്ക് സഹായകരമായി എന്നാണ് കർഷകർ പറയുന്നത്.
എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ മില്ലുകളാണ് സപ്ലൈകോ മുഖേന ജില്ലയിലെ കർഷകരിൽനിന്ന് നെല്ല് സംഭരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്ന അപ്പർ കുട്ടനാട് മേഖല കേന്ദ്രീകരിച്ചാണ് മില്ലുകളുടെ സംഭരണം. 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.