പാലക്കാട്: ജില്ലയിൽ രണ്ടാം വിള നെൽകൃഷി നടീൽ സജീവമായിരിക്കെ രാസവള ക്ഷാമം രൂക്ഷം. നടീൽ കഴിഞ്ഞ പാടങ്ങളിൽ ഒന്നാം വളപ്രയോഗം നടത്താൻ കഴിയാതെ രാസവളത്തിനായി കർഷകർ നെട്ടോട്ടത്തിലാണ്.
അമിതവില കൊടുത്താലും വളം കിട്ടാനില്ല. കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവക്കാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.
അടിസ്ഥാന വളങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന കൂട്ടുവളങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. കൃഷിക്കാർ വളത്തിനായി ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്ക് ഡിപ്പോകൾ കാലിയാണ്. സ്വകാര്യ വളം വിൽപനശാലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. എന്നാൽ, അവശ്യവളങ്ങൾ ഇവിടെയും കിട്ടാനില്ല. തമിഴ്നാട്ടിൽ രാസവളം കിട്ടുന്നതിനാൽ മീനാക്ഷിപുരം, പൊള്ളാച്ചി, ഗോപാലപുരം, കോയമ്പത്തൂർ അതിർത്തിപ്രദേശങ്ങളിൽ രാസവളത്തിനായി എത്തുന്നവരുടെ എണ്ണം വർധിച്ചു. പാടങ്ങളിൽ കൃത്യസമയത്ത് വളപ്രയോഗം നടത്താനായില്ലെങ്കിൽ അധ്വാനം വെറുതെയാകുമെന്ന് കർഷകർ പറയുന്നു.
രാസവളങ്ങളുടെ വില കമ്പനികൾ കൂട്ടിയതിനെ തുടർന്നുള്ള വില വർധനയും ക്ഷാമവും കർഷകരെ പ്രതിസന്ധിയിലാക്കി. ക്ഷാമം മുതലെടുത്ത് ത മിഴ്നാട്ടിലെ സ്വകാര്യ വിൽപനശാലകളിൽ ചില്ലറ വിൽപനക്ക് അമിത വില ഈടാക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്. ലോറി വാടക, കയറ്റിറക്ക് കൂലി എന്നിവ വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.