മസ്കത്ത്: ബുറൈമി ഗവർണറേറ്റിൽ കാർഷിക നിക്ഷേപത്തിനായി 300 ഏക്കർ ഭൂമി നൽകി ഭവന, നഗരാസൂത്രണ മന്ത്രാലയം. സാമ്പത്തിക ചലനക്ഷമതയും ദേശീയ വരുമാനം വർധിപ്പിക്കലുമാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിര നഗര സമൂഹങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഗവർണറേറ്റുകളിലുടനീളം നിക്ഷേപം ആകർഷിക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം സുഗമമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മഹ്ദയിലെ വിലായത്തിൽ സ്ഥിതിചെയ്യുന്ന മൃഗീൽ പ്രദേശത്തെ 300 ഏക്കർ ഭൂമി കരാറുകൾക്കായി പൊതുലേലത്തിലൂടെ ലഭ്യമാക്കുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. കിഴങ്ങ്, ഇലക്കറി വിളകളുടെ ഉൽപാദനം വർധിപ്പിക്കുക, പ്രാദേശിക ഉൽപാദനത്തിൽ കാർഷിക മേഖലയുടെ സംഭാവന വർധിപ്പിക്കുക.
ആധുനിക കാർഷിക സാങ്കേതിക വിദ്യകളും ജലസേചന രീതികളും സ്വീകരിക്കുക, കാർഷിക നിക്ഷേപ പ്രവർത്തനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. സ്വകാര്യ-സർക്കാർ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സുൽത്താനേറ്റിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുക എന്നിവയും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനുമായി എട്ട് ഗവർണറേറ്റുകളിലെ തത്വീർ പ്ലാറ്റ്ഫോം വഴി ഉപഭോക്തൃ കരാറുകൾക്കായി 84 സൈറ്റുകൾ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. ഈ സൈറ്റുകൾ 150 ചതുരശ്ര മീറ്റർ മുതൽ 20,000 ചതുരശ്ര മീറ്റർ വരെ വലുപ്പമുള്ളവയാണ്. കൂടാതെ ഓൺലൈൻ ലേലത്തിലൂടെ ഉപഭോക്തൃ കരാറുകൾക്കായി ലഭ്യമാകും.
ദാഖിലിയ 20, മസ്കത്ത് 15, മുസന്ദം 11, ബുറൈമി, അൽ വുസ്ത എട്ട് , ദോഫാറിലും ദാഹിറയിലും ഏഴ് വീതവും, തെക്കൻ ശർഖിയ അഞ്ച്, വടക്കൻ ശർഖിയ രണ്ട്, തെക്കൻ ബാത്തിന ഒന്ന് എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽ ലഭ്യമായ സൈറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.