കേളകം: കേളകം ഹരിത ടൂറിസം പദ്ധതിക്ക് കൃഷി വകുപ്പിന്റെ സഹായം തേടി മന്ത്രി പി. പ്രസാദിന് ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലി മീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ടു പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതിരമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗസങ്കേതവും കിഴക്ക് ഒരു ഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു. കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗശല്യം വളരെ രൂക്ഷമാണ്. അതോടൊപ്പം കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തെ മറി കടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനുമുള്ള ശ്രമം എന്ന നിലയിൽ പഞ്ചായത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കർഷകരെ ഉൾപ്പെടുത്തി ഒരു ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ നല്ല സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസിനെ പങ്കെടുപ്പിച്ച് യോഗം ചേരുകയും ഒരു സൊസൈറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
ഈ പദ്ധതിയുടെ ലക്ഷ്യം ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദസഞ്ചാരികൾക്ക് കർഷകരുടെ കൃഷിഫാമുകൾ സന്ദർശിക്കുന്നതിന് അവസരമൊരുക്കുക, കർഷകരുടെ വീടുകളിൽതന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ല ഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽതന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യകൃഷി ആരംഭിക്കുകയും മീൻപിടിക്കാനും തോണിയാത്ര നടത്താനും അവസരമൊരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്. അതോടൊപ്പം കയാക്കിങ്, ഓഫ് റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റു വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളും ധാരാളമുണ്ട്.
ഇത്തരം സൗകര്യങ്ങളുള്ളതും ഒരുക്കാൻ പറ്റുന്നതുമായ കുറച്ചു കർഷകരെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഡിസംബർ അവസാനം പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായം തേടിയാണ് നിവേദനം.
കൃഷിവകുപ്പിന്റെ നിലവിലുള്ള ചില പദ്ധതികളുടെ സഹായം ലഭ്യമാക്കിയാൽ ഹരിത ടൂറിസം പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കുറെയൊക്കെ ഒരുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത മന്ത്രി പ്രോജക്ട് റിപ്പോർട്ട് തയാറായതിനുശേഷം പദ്ധതിയെക്കുറിച്ച് വിശദമായി ചർച്ചചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പ്രസിഡന്റ് സി.ടി. അനീഷ്, ജില്ല പഞ്ചായത്ത് മെംബർ വി. ഗീത, കൃഷി ഓഫിസർ കെ. ജിഹ് സുനിൽ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിക്കു നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.